തെന്നിന്ത്യൻ സിനിമാലോകത്തെ പ്രമുഖ സംവിധായകനായ ലോകേഷ് കനകരാജ് കഴിഞ്ഞ ഒരു വർഷമായി തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന കടുത്ത ഓൺലൈൻ ട്രോളുകളെക്കുറിച്ചും വിമർശനങ്ങളെക്കുറിച്ചും ആദ്യമായി മനസ്സ് തുറന്നിരിക്കുകയാണ്. തന്റെ മുൻ ചിത്രങ്ങളായ 'ലിയോ', 'കൂലി' എന്നിവക്ക് സംഭവിച്ച പാകപ്പിഴവുകൾ അദ്ദേഹം പരസ്യമായി സമ്മതിച്ചു. പ്രേക്ഷകരുടെ ഭാഗത്തുനിന്നുള്ള ഈ പ്രതികരണങ്ങൾ സ്വാഭാവികമാണെന്നും അദ്ദേഹം വിലയിരുത്തുന്നു.
ഒരു പ്രൊമോഷണൽ പരിപാടിക്കിടെ സോഷ്യൽ മീഡിയയിലെ ട്രോളുകളെ എങ്ങനെയാണ് നേരിടുന്നത് എന്ന ചോദ്യത്തിന് ലോകേഷ് നൽകിയ മറുപടി ഏറെ കൗതുകമുണർത്തുന്നതായിരുന്നു. ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞതിങ്ങനെ, 'എന്റെ അമ്മ പോലും ട്രോളുകളുടെ സ്ക്രീൻഷോട്ടുകൾ എനിക്ക് അയച്ചുതരാറുണ്ട്. പിന്നെ ഇതിലൊക്കെ ടെൻഷൻ അടിക്കാൻ എന്തുണ്ട്?'. നമ്മുടെ ജോലി മികച്ചതാണെങ്കിൽ ആളുകൾ നമ്മെ ആഘോഷിക്കും. എന്നാൽ തെറ്റുകൾ സംഭവിച്ചാൽ ട്രോളുകൾക്ക് ഇരയാകേണ്ടിവരുമെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
മുൻകാല ചിത്രങ്ങളിലുണ്ടായ പോരായ്മകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ശക്തമായൊരു തിരിച്ചുവരവിന് തയാറെടുക്കുകയാണ് ലോകേഷ് കനകരാജ്. വിമർശകരുടെ വായടപ്പിക്കുന്ന തരത്തിൽ, അല്ലു അർജുനൊപ്പമുള്ള തന്റെ പുതിയ ചിത്രം തിയറ്ററുകളിൽ ചരിത്രം തിരുത്തിക്കുറിക്കുമെന്നും നിലവിലുള്ള ട്രോളുകളുടെയും വിമർശനങ്ങളുടെയും ആഖ്യാനം ആ സിനിമയിലൂടെ പൂർണമായി മാറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത പുതിയ ചിത്രം 'ഡിസി' തിയറ്ററുകളിൽ വിജയ കുതിപ്പ് തുടരുകയാണ്. ലോകേഷ് കനകരാജ് ആദ്യമായി നായകവേഷത്തിലെത്തുന്ന ചിത്രമാണിത്. ചിത്രത്തിലെ ലോകേഷ് കനകരാജിന്റെയും നായിക വാമിഖ ഖബ്ബിയുടെയും പ്രകടനം പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ മികച്ച അഭിപ്രായങ്ങൾ നേടുന്നുണ്ട്.
അഭിനേതാക്കളുടെ പ്രകടനത്തിനൊപ്പം തന്നെ അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും ചിത്രത്തിന് വലിയ കരുത്താണ് നൽകുന്നത്. സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, ആഗസ്റ്റ് 7ന് റിലീസ് ചെയ്ത ചിത്രം നാല് ദിവസം കൊണ്ട് ഇന്ത്യയിൽ നിന്ന് മാത്രമായി 30.65 കോടി രൂപയും ആഗോളതലത്തിൽ 43.90 കോടി രൂപയും കലക്ട് ചെയ്തിട്ടുണ്ട്.
കലക്ഷനിലും മികച്ച നേട്ടമാണ് ഡിസി ഉണ്ടാക്കുന്നത്. സിനിമയുടെ വിജയം അരുൺ മാതേശ്വരന്റെ സംവിധാന മികവിന് മറ്റൊരു അംഗീകാരം കൂടിയാണ്. ലോകേഷ് കനകരാജ് സംവിധായകനെന്ന നിലയിൽ മാത്രമല്ല അഭിനേതാവെന്ന നിലയിലും തിളങ്ങാൻ കഴിയുമെന്ന് ഈ ചിത്രത്തിലൂടെ തെളിയിച്ചു. വരും ദിവസങ്ങളിൽ കലക്ഷൻ ഇനിയും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഭിനയത്തിലും മറ്റ് സംവിധായകരുടെ പ്രോജക്ടുകളിലും തിരക്കിലാണെങ്കിലും, തന്റെ സ്വപ്ന പ്രോജക്ടായ എൽ.സി.യു കൃത്യമായ ട്രാക്കിൽ തന്നെയുണ്ടെന്നാണ് ലോകേഷ് ഇപ്പോൾ അടിവരയിട്ടു പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.