അനന്യ രാജ്

യുവനടി അനന്യ രാജ് അന്തരിച്ചു; മരണവിവരം പുറത്തുവന്നത് ഒരു മാസം കഴിഞ്ഞ്

ബോളിവുഡിലും പ്രാദേശിക സിനിമകളിലും തിളങ്ങിനിന്ന യുവനടിയും മോഡലുമായ അനന്യ രാജ് (27) അന്തരിച്ചു. കഴിഞ്ഞ ജൂലൈ 15ന് പുലർച്ചെയായിരുന്നു അന്ത്യം. എന്നാൽ താരം മരണപ്പെട്ടിട്ട് ഏകദേശം ഒരു മാസം പിന്നിട്ട ശേഷമാണ് കുടുംബം ഈ ദുഃഖവാർത്ത ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ലോകത്തെ അറിയിച്ചത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി കടുത്ത ശാരീരികവും മാനസികവുമായ അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും അനുഭവിച്ചിരുന്ന അനന്യ, ജൂലൈ 15 പുലർച്ചെ ഉറക്കത്തിൽ സമാധാനത്തോടെ ഈ ലോകത്തോട് വിടപറയുകയായിരുന്നു.

അനന്യയുടെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. താരത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ കുടുംബം പങ്കുവെച്ച കുറിപ്പിൽ അവൾ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചും ഒരു യോദ്ധാവിനെപ്പോലെ അവൾ നടത്തിയ പോരാട്ടത്തെക്കുറിച്ചും പറയുന്നുണ്ട്. 

‘കടുത്ത വേദനയോടെയാണ് ഞങ്ങളുടെ പ്രിയപ്പെട്ട അനന്യയുടെ വിയോഗം നിങ്ങളെ അറിയിക്കുന്നത്. ജൂലൈ 15 പുലർച്ചെ അവൾ സമാധാനത്തോടെ ഉറക്കത്തിൽ യാത്രയായി. കഴിഞ്ഞ ഒരു വർഷമായി അവൾ ശാരീരികവും മാനസികവുമായ കടുത്ത അസ്വസ്ഥതകളെയാണ് നേരിട്ടുകൊണ്ടിരുന്നത്.

എന്നാൽ ഒരു യോദ്ധാവിനെപ്പോലെയാണ് അവൾ ഇതിനെതിരെ പൊരുതിയത്. വളരെ ശക്തമായ മനസ്സിന് ഉടമയും ഒരു രാജ്ഞിയെപ്പോലെ ജീവിച്ചവളുമാണ് അവൾ. കുഞ്ഞേ, നിന്റെ അഭാവം ഞങ്ങൾ വല്ലാതെ അനുഭവിക്കുന്നുണ്ട്. എല്ലാവരും അവളുടെ ആത്മാവിനായി പ്രാർത്ഥിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഈ ദുഷ്കരമായ വേളയിൽ ഞങ്ങളുടെ സ്വകാര്യതയെയും മൗനത്തെയും എല്ലാവരും മാനിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു’. കുടുംബത്തിന്‍റെ കുറിപ്പ് ആരാധകരെയും സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. 

മുംബൈയിൽ വളർന്നുവന്ന അനന്യ രാജ്  മ്യൂസിക് വിഡിയോകളിലൂടെയും പരസ്യ ചിത്രങ്ങളിലൂടെയുമാണ് സിനിമാ മേഖലയിലേക്ക് പ്രവേശിക്കുന്നത് 2016ൽ പുറത്തിറങ്ങിയ '7 ഹവേഴ്സ് ടൂ ഗോ' എന്ന സസ്പെൻസ് ത്രില്ലർ ചിത്രത്തിലൂടെയാണ് അനന്യ തന്റെ ബോളിവുഡ് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ പ്രകടനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. തുടർന്ന് 2017ൽ പുറത്തിറങ്ങിയ 'ദി ഫൈനൽ എക്സിറ്റ്, 2019ൽ പുറത്തിറങ്ങിയ 'ഗോസ്റ്റ്' തുടങ്ങിയ ചിത്രങ്ങളിലും താരം വളരെ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുകയുണ്ടായി.

ഹിന്ദി സിനിമകൾക്ക് പുറമെ പ്രാദേശിക ഭാഷാ സിനിമകളിലും തെന്നിന്ത്യൻ സിനിമാമേഖലയിലും അനന്യ തന്റെ സാന്നിധ്യം ശക്തമായി അറിയിച്ചിരുന്നു. 2022ൽ ശ്രീനിവാസ് രാജുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ തെലുങ്ക് സസ്പെൻസ് ത്രില്ലർ ചിത്രമായ 'തഗ്ഗേഡേ ലെ' അനന്യയുടെ കരിയറിലെ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ്. കൂടാതെ ത്രിഭാഷാ ചിത്രമായ 'മഡ്രാസി ഗ്യാങ്' തുടങ്ങിയ പ്രൊജക്റ്റുകളിലും താരം പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Tags:    
News Summary - Actor Ananya Raj dies after health struggles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.