ആര്‍. ശ്രീലേഖ, ഷെയ്ൻ നിഗം
ഷെയ്ൻ നിഗം നായകനായ ദൃഢം, ഭൂതകാലം എന്നീ സിനിമകൾ തന്റെ കഥകൾ മോഷ്ടിച്ച് നിർമിച്ചതാണെന്ന ഗുരുതര ആരോപണവുമായി മുൻ ഐ.പി.എസ് ഉദ്യോഗസ്ഥയായ ആർ. ശ്രീലേഖ രംഗത്ത്. വർഷങ്ങൾക്ക് മുമ്പ് താൻ രചിച്ച 'കരിങ്കുടി പൊലീസ് സ്റ്റേഷൻ' എന്ന ചെറുകഥ മോഷ്ടിച്ചാണ് 'ദൃഢം' എന്ന സിനിമയൊരുക്കിയതെന്നാണ് ശ്രീലേഖയുടെ പ്രധാന ആരോപണം. തന്റെ പുസ്തകങ്ങളിൽ വന്ന കഥകളുടെ പ്ലോട്ടും പ്രധാന സംഭവങ്ങളും അതുപടി പകർത്തിയാണ് ഈ ചിത്രങ്ങൾ നിർമിച്ചിരിക്കുന്നതെന്നും ശ്രീലേഖ പറയുന്നു. ഭൂതകാലത്തിന്റെ തലക്കെട്ടില്‍ പോലും സാമ്യമുണ്ടെന്നും 'ഭൂതഭവനം' എന്നായിരുന്നു താന്‍ കഥക്ക് നല്‍കിയ പേരെന്നും ശ്രീലേഖ പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ശ്രീലേഖയുടെ പ്രതികരണം.
"ദൃഢം" (Dridam) എന്ന സിനിമ കണ്ടു. പോലീസ് കഥയായത് കൊണ്ടും കാണാൻ അവസരം കിട്ടിയതുകൊണ്ടും വളരെ യാദൃശ്ചികമായി കണ്ടതാണ്. ഞാൻ കുറെ വർഷങ്ങൾക്കു മുൻപ് എഴുതി മാതൃഭൂമി ആഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ച "കരിങ്കുടി പോലീസ് സ്റ്റേഷൻ" എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാൽ ഒരു തെറ്റുമില്ല. ഈ കഥ ഞാൻ എന്റെ യൂട്യൂബ് ചാനലിൽ ശ്രവണകഥയായി അവതരിപ്പിച്ചിട്ടുണ്ട്. കഥ വായിച്ചിട്ടില്ലാത്തവർക്കായി link താഴെ കൊടുക്കുന്നു.
എന്റെ ചാനലിൽ 3 വർഷം മുൻപ് പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് "ഭൂതകാലം" എന്ന പല അവാർഡുകളും കിട്ടിയ സിനിമ. തലക്കെട്ടിലും സാമ്യം. 'ഭൂത ഭവനം' എന്നായിരുന്നു ഞാൻ ആ കഥക്കിട്ട പേര്. അത് കൂടി കണ്ടു നോക്കൂ.
ഈ രണ്ടു സിനിമകളും തമ്മിൽ മറ്റൊരു കണക്ഷൻ ഉണ്ട്. രണ്ടിലെയും നായകൻ "ഷെയിൻ നിഗം" ആണ്! ഈ മോനെ എനിക്ക് പറവ എന്ന സിനിമ കണ്ടപ്പോൾ മുതൽ ഇഷ്ടവുമാണ്. കാരണം എന്നോടൊപ്പം ജോലി ചെയ്തിരുന്ന, ഞാൻ ഒരു കുഞ്ഞു സഹോദരനായി കണ്ടിരുന്ന ഒരു പോലീസുദ്യോഗസ്ഥനെ പോലെ തന്നെയാണ് ഈ താരവും കാണാൻ. പ്രത്യേകിച്ച് ദൃഡം എന്ന സിനിമയിൽ, പോലീസ് വേഷത്തിൽ.
എനിക്ക് വീട്ടിലെ കോശ്ശേരി മാവിന്റെ തൈയ്യും ഇടയ്ക്കിടെ ശുദ്ധമായ തേനും, നെയ്യും ഒക്കെ സമ്മാനിച്ചിരുന്ന മുഹമ്മദ് എന്ന പോലീസുദ്യോഗസ്ഥനാണ് കക്ഷി.
‘ആര്‍. ശ്രീലേഖയുടെ പോസ്റ്റ് ഞാന്‍ കണ്ടിരുന്നു. അതുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. സിനിമയുടെ എഴുത്തുകാരായ ജോമോനും ലിന്റോയുമായും ഞാന്‍ ബന്ധപ്പെട്ടു. അവര്‍ക്കും ഒരു ബന്ധവുമില്ല അവര്‍ ആദ്യമായിട്ടാണ് ഇത് കാണുന്നതെന്ന് പറഞ്ഞു. ദൃഢം കണ്ടവര്‍ക്ക് മനസിലാകും ദൃഢവും ആ ചെറുകഥയും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്ന് എന്നാണ് സംവിധായകൻ മാര്‍ട്ടിന്റെ വാക്കുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.