ഒരു കണ്ണിറുക്കലിലൂടെ സോഷ്യൽ മീഡിയയിൽ താരമായ നടിയാണ് പ്രിയ വാരിയർ. 2019ൽ ഇറങ്ങിയ സിനിമയായ ‘ഒരു അഡാർ ലൗ’ വിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കലാണ് പ്രിയയെ താരമാക്കി മാറ്റിയത്. സിനിമയിലെ പുരികം ഉയർത്തലും കണ്ണിറുക്കലും പ്രിയ വാരിയരെ ഒറ്റ രാത്രി കൊണ്ട് പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. സൗത് ഇന്ത്യയിൽ നിന്നും യൂട്യൂബിൽ ഏറ്റവും വേഗത്തിൽ 5 കോടി വ്യൂസ് കരസ്ഥമാക്കിയ വിഡിയോയായി മാണിക്യമലരായ പൂവി മാറിയിരുന്നു. പിന്നീടും ബോളിവുഡിലടക്കം നിരവധി സിനിമകളിൽ പ്രിയ അഭിനയിച്ചു.
പ്രിയയുടെ പണ്ടത്തെ ഒരു സംഗീത കച്ചേരി വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 2018ലെ ചെമ്പൈ സംഗീതോത്സവത്തിൽ പ്രിയ കച്ചേരി നടത്തുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പ്രിയ ഇത്ര നന്നായി പാടുമോ? അഭിമുഖത്തിൽ പറഞ്ഞത് ശരിയായുന്നല്ലേ? എന്നൊക്കെയാണ് വിഡിയോക്ക് താഴെ കമന്റുകൾ വരുന്നത്.
ഗുരുവായൂർ ദേവസ്വം സംഘടിപ്പിക്കുന്ന വാർഷിക സംഗീതോത്സവമാണ് ചെമ്പൈ സംഗീതോത്സവം. പ്രമുഖ കർണാടകസംഗീതജ്ഞനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണക്കായാണ് ഇത് നടത്തപ്പെടുന്നത്. ഏകാദശിയോടനുബന്ധിച്ച് ചെമ്പൈ വൈദ്യനാഥ ഭാഗവതർ ആരംഭിച്ച സംഗീതോത്സവമാണ് പിന്നീട് അദ്ദേഹത്തിന്റെ പേരിൽ പ്രസിദ്ധമായത്. അരനൂറ്റാണ്ടോളം ചെമ്പൈ ഭാഗവതർ ശിഷ്യരോടൊപ്പം ഏകാദശി നാളിൽ സംഗീതോത്സവം നടത്തിയിരുന്നു. എല്ലാ വർഷവും നിരവധി സംഗീതജ്ഞരാണ് ഈ ഉത്സവത്തിൽ പങ്കെടുക്കുന്നത്.
സിനിമയിൽ എത്തുന്നതിന് മുമ്പ് നിരവധി ഷോർട്ട് ഫിലിമുകളിലും സംഗീത ആൽബങ്ങളിലും പ്രിയ അഭിനയിച്ചിട്ടുണ്ട്. ബോബി- സഞ്ജയ് കഥയെഴുതി സൂരജ് വർമ്മ സംവിധാനം നിർവഹിച്ച ‘കൊള്ള’എന്ന ചിത്രമാണ് പ്രിയയുടേതായി അവസാനം പുറത്തിറങ്ങിയത്. രണ്ടു പെൺകുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ത്രില്ലർ സ്വഭാവത്തിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രജിഷ വിജയൻ, പ്രിയ വാരിയർ, വിനയ് ഫോർട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.