ഫെബ്രുവരി 26ന് ഉദയ്പൂരിൽ വെച്ച് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹം. വിവാഹശേഷം വിവിധ ചടങ്ങുകളുടെ തിരക്കിലായിരുന്ന ദമ്പതികൾ കഴിഞ്ഞ ദിവസം വിജയിന്റെ തറവാട് ഗ്രാമമായ തുമ്മൻപേട്ട സന്ദർശിക്കുകയും അവിടെ സത്യനാരായണ പൂജയും പുതിയ വീട്ടിലെ ഗൃഹപ്രവേശവും നടത്തുകയും ചെയ്തു. ഇന്ന് വൈകുന്നേരം ഹൈദരാബാദിൽ വെച്ച് ഗംഭീരമായ വിവാഹ റിസപ്ഷൻ നടക്കാനിരിക്കുകയാണ്. തിരക്കുകൾക്കിടയിലും തങ്ങളുടെ ആരാധകർക്കായി സമയം കണ്ടെത്താൻ ഇരുവരും മറന്നില്ല. റിസപ്ഷന് മുന്നോടിയായി ഹൈദരാബാദിൽ വെച്ച് സംഘടിപ്പിച്ച പ്രത്യേക 'മീറ്റ് ആൻഡ് ഗ്രീറ്റ്' പരിപാടിയിൽ വിജയ് യും രശ്മികയും ആരാധകരെ നേരിട്ട് കാണുകയും അവർക്കൊപ്പം ഭക്ഷണം പങ്കിടുകയും ചെയ്തു.
വിവാഹശേഷം ആദ്യമായാണ് ദമ്പതികൾ ഇത്തരത്തിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. ‘ഞങ്ങളുടെ വലിയ കുടുംബത്തിലേക്ക് സ്വാഗതം. സ്നേഹത്തോടെ വിരോഷ്’ എന്ന് എഴുതിയ ബോർഡുകളും പൂക്കളും കൊണ്ട് വേദി മനോഹരമാക്കിയിരുന്നു. വേദിയിലേക്ക് പ്രവേശിച്ച ദമ്പതികളെ പൂക്കൾ വിതറിയാണ് ആരാധകർ സ്വീകരിച്ചത്. കൈകൊടുത്തും ഓട്ടോഗ്രാഫ് നൽകിയും ആരാധകരെ കെട്ടിപ്പിടിച്ചും അവർ സ്നേഹം പങ്കിട്ടു. തുടർന്ന് ആരാധകർക്ക് സ്വയം ഭക്ഷണം വിളമ്പിക്കൊടുത്ത ദമ്പതികൾ അവർക്കൊപ്പം ഇരുന്നാണ് ഉച്ചഭക്ഷണം കഴിച്ചത്.
പരിപാടിക്കിടയിൽ രശ്മിക വിജയിയെ സ്വന്തം കൈകൊണ്ട് ഭക്ഷണം ഊട്ടുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. ലളിതമായ പ്രിന്റഡ് സാരിയും സിന്ദൂരവും മംഗളസൂത്രവും അണിഞ്ഞാണ് രശ്മിക എത്തിയത്. ഫ്ലോറൽ കുർത്തയായിരുന്നു വിജയിന്റെ വേഷം. തങ്ങളുടെ പ്രണയത്തെക്കുറിച്ചുള്ള രസകരമായ കാര്യങ്ങളും അവർ ആരാധകരോട് പങ്കുവെച്ചു. വിജയിനോട് ആദ്യം വിവാഹാഭ്യർത്ഥന നടത്തിയത് രശ്മികയായിരുന്നു എന്ന വെളിപ്പെടുത്തൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇന്ന് ഹൈദരാബാദിൽ നടക്കുന്ന വിവാഹ സൽക്കാരത്തിൽ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ സിനിമയിലെ പ്രമുഖർ പങ്കെടുക്കും. സുരക്ഷാ കാരണങ്ങളാൽ ക്ഷണം ലഭിച്ചവർക്ക് മാത്രമാണ് പ്രവേശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിവാഹ ചിത്രങ്ങൾ ഇതിനോടകം ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിച്ച വിവാഹ പോസ്റ്റായി മാറി. 2.76 കോടിയിലധികം ലൈക്കുകൾ നേടിയ രശ്മികയുടെ പോസ്റ്റ് വിരാട് കോലിയുടെ റെക്കോർഡാണ് മറികടന്നത്. മാർച്ച് 3ന് തങ്ങളുടെ സംഗീത് ചടങ്ങിലെ ചിത്രങ്ങളും ദമ്പതികൾ പുറത്തുവിട്ടിരുന്നു. മാർച്ച് 2ന് വിജയിന്റെ ഗ്രാമത്തിൽ നടന്ന ഗൃഹപ്രവേശ ചടങ്ങിനോടനുബന്ധിച്ച് ഒരു സുപ്രധാന പ്രഖ്യാപനവും വിജയ് നടത്തിയിരുന്നു. പ്രദേശത്തെ സർക്കാർ സ്കൂളുകളിലെ 9, 10 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി അദ്ദേഹം ഒരു സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.