മഹാകുംഭമേളക്കിടെ വൈറലായ വ്യക്തിയാണ് മാലവിൽപ്പനക്കാരിയായ 16കാരി മൊണാലിസ ഭോസ്ലെ. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് കുടുംബത്തോടൊപ്പം കുംഭമേളയിൽ മാല വിൽപനക്കെത്തിയതായിരുന്നു പെൺകുട്ടി. എന്നാൽ, സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച മൊണാലിസയുടെ ദൃശ്യങ്ങൾ വൈറലായി. വ്ലോഗർമാരും മാധ്യമങ്ങളും മൊണാലിസയെ ഏറ്റെടുത്തതോടെ പെൺകുട്ടി ദേശീയതലത്തിൽ തന്നെ വൈറലായി. അഭിമുഖങ്ങൾക്കായി ആളുകൾ തിരക്കുകൂട്ടുന്ന അവസ്ഥയായി.
മൊണാലിസയുടെ ജീവിതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം പലവിധ അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിലൊന്നാണ്, 10 ദിവസം കൊണ്ട് മൊണാലിസക്ക് 10 കോടിയുടെ വരുമാനമുണ്ടായെന്ന പ്രചാരണം. യഥാർഥത്തിൽ ഇത്ര വലിയ വരുമാനമുണ്ടാക്കാൻ മൊണാലിസക്ക് സാധിച്ചോ? ഇക്കാര്യത്തിൽ പെൺകുട്ടി തന്നെ പ്രതികരിച്ചിരിക്കുകയാണ്.
'അത്ര വലിയ വരുമാനമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ എന്തിനാണ് പിന്നെയും മാല വിൽക്കുന്നത്' എന്നാണ് മൊണാലിസക്ക് ചോദിക്കാനുള്ളത്. മാത്രമല്ല, നേരത്തെ മാലവിൽപ്പനയിൽ നിന്നുള്ള വരുമാനം കുറഞ്ഞപ്പോൾ ഒരാളോട് 35,000 രൂപ കടംവാങ്ങിയിരിക്കുകയാണെന്നും പെൺകുട്ടി പറയുന്നു.
മൊണാലിസക്ക് സമൂഹമാധ്യമങ്ങളിൽ വലിയ പ്രശസ്തി ലഭിച്ചെങ്കിലും തങ്ങളുടെ വ്യാപാരത്തെ അത് സഹായിച്ചിട്ടില്ലെന്നാണ് കുട്ടിയുടെ പിതാവ് പറഞ്ഞത്. മൊണാലിസയുടെ അഭിമുഖം ചെയ്യാനും ഒപ്പം സെൽഫിയെടുക്കാനുമെല്ലാം നിരവധിയാളുകൾ വരുന്നുണ്ട്. എന്നാൽ, ഇവരൊന്നും മാല വാങ്ങുന്നില്ല. അതിനാൽ കച്ചവടം താഴേക്കാണെന്നാണ് പിതാവ് പറയുന്നത്.
മൊണാലിസയെ കാണാനെത്തുന്നവരുടെ എണ്ണം കൂടിയതോടെ കുട്ടിയുടെ കുടുംബത്തിനും ആശങ്കയായി. മൊണാലിസ ഉപദ്രവിക്കപ്പെടുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയതോടെ, മഹാകുംഭമേള പൂർത്തിയാകുന്നതിന് മുമ്പ് തന്നെ മൊണാലിസയെ തിരികെ നാട്ടിലേക്ക് അയച്ചിരിക്കുകയാണ് കുടുംബം.
തനിക്ക് സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹമുണ്ടെന്ന് മൊണാലിസ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. ആ ആഗ്രഹം യാഥാർഥ്യമാകാൻ പോകുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സംവിധായകൻ സനോജ് മിശ്രയാണ് മൊണാലിസയെ നായികയാക്കി സിനിമ ചെയ്യുന്നുവെന്ന വിവരം പങ്കുവെച്ചത്. "ഡയറി ഓഫ് വെസ്റ്റ് ബംഗാൾ" എന്ന ചിത്രത്തിൽ മൊണാലിസ അഭിനയിക്കുമെന്ന് സനോജ് മിശ്ര പറഞ്ഞു. ചിത്രം ഒരു പ്രണയകഥയാണെന്നും നായിക വേഷങ്ങളിൽ ഒന്ന് മൊണാലിസ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൊണാലിസയെയും കുടുംബത്തെയും അവരുടെ വീട്ടിൽ വെച്ചാണ് കണ്ടതെന്നും സിനിമയിൽ മൊണാലിസ അഭിനയിക്കാൻ കുടുംബം സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.