അമേരിക്ക-ഇറാൻ സംഘർഷത്തെത്തുടർന്ന് ദുബൈയിൽ കുടുങ്ങിപ്പോയ യാത്രക്കാർക്ക് സൗജന്യ താമസമൊരുക്കി നടൻ സോനു സൂദ്. കോവിഡ് കാലത്തും പഞ്ചാബ് പ്രളയസമയത്തും അദ്ദേഹം നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ദുബൈയിൽ വിമാനങ്ങൾ റദ്ദാക്കിയതുമൂലം വലയുന്നവർക്കായി തന്റെ ടീം സൗജന്യ താമസസൗകര്യം ഒരുക്കുന്നുണ്ടെന്ന് സോനു സൂദ് എക്സിലൂടെ അറിയിച്ചു.
‘യുദ്ധം കാരണം നിരവധി യാത്രക്കാരാണ് ദുബൈയിൽ കുടുങ്ങിക്കിടക്കുന്നത്. നിങ്ങൾക്ക് താമസിക്കാൻ ഒരിടമില്ലെങ്കിൽ ഞങ്ങൾ സൗജന്യമായി സുരക്ഷിതമായ താമസസൗകര്യം ഒരുക്കാം. രാജ്യത്തിന്റെ അതിർവരമ്പുകളോ നിബന്ധനകളോ ഇതിനില്ല. മാനവികത മാത്രമാണ് ലക്ഷ്യം’ സോനു പറഞ്ഞു. സഹായം ആവശ്യമുള്ളവർ സോനു സൂദിന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ ഡയറക്ട് മെസ്സേജ് അയക്കണമെന്ന് അദ്ദേഹം വിഡിയോയിൽ വ്യക്തമാക്കി.
സോനു സൂദിന്റെ ഈ നീക്കത്തെ പ്രശംസിച്ച് നിരവധിപ്പേരാണ് എത്തിയത്. ‘നിങ്ങൾ സിനിമയിലെ നായകനല്ല, ജീവിതത്തിലെ യഥാർത്ഥ നായകനാണ്’ എന്നാണ് ആരാധകർ വിശേഷിപ്പിച്ചത്. മനുഷ്യത്വത്തിന് അതിർവരമ്പുകളില്ലെന്ന അദ്ദേഹത്തിന്റെ നിലപാടിനെ ലോകമെമ്പാടുമുള്ളവർ അഭിനന്ദിക്കുന്നു. ഏതൊരു പ്രതിസന്ധി ഘട്ടത്തിലും മുന്നിട്ടിറങ്ങുന്ന സോനു സൂദ്, തന്റെ പ്രവർത്തനങ്ങളിലൂടെ വീണ്ടും ജനമനസ്സുകളിൽ ഇടം പിടിക്കുകയാണ്.
സാധാരണക്കാർക്ക് പുറമെ സിനിമാ താരങ്ങളായ ഇഷ ഗുപ്ത, സോണൽ ചൗഹാൻ എന്നിവരും ദുബായിൽ കുടുങ്ങിയിരുന്നു. എന്നാൽ ഇവർ ഇപ്പോൾ സുരക്ഷിതമായി ഇന്ത്യയിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ വ്യോമപാത ഭാഗികമായി അടച്ചിരിക്കുകയാണ്. എമിറേറ്റ്‌സ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ഇന്ത്യൻ എംബസി ദുബൈയിൽ കുടുങ്ങിയ യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകി വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.