ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വിവാദങ്ങളിൽ പ്രതികരിച്ച് നടി അന്ന രാജൻ. പൂർണ്ണ ഭക്തിയോടെയാണ് ആറ്റുകാൽ എത്തി പൊങ്കാല അർപ്പിച്ചതെന്നും തന്റെ വസ്ത്രങ്ങളോ ഭാവങ്ങളോ ഏതെങ്കിലും ഭക്തരെ വേദനപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് അന്ന പറഞ്ഞു.
‘കൈകൂപ്പി, കണ്ണുനീരോടെ, ആറ്റുകാൽ അമ്മയുടെ തൃപ്പാദങ്ങളിൽ ഞാൻ ആദ്യമായി പൊങ്കാല അർപ്പിച്ച ദിനമായിരുന്നു അത്. ശുദ്ധമായ ഭക്തിയോടെയാണ് ഞാൻ അവിടെ എത്തിയത്. അതികഠിനമായ ചൂടിലും വിറകടുപ്പിൽ പൊങ്കാല ഒരുക്കി വിശ്വാസത്തോടെ ആ നിമിഷം അനുഭവിക്കുകയായിരുന്നു. ആ സമയത്ത് ചില അനാവശ്യമായ വിഡിയോകളും ക്ലിപ്പുകളും പകർത്തി പ്രചരിപ്പിച്ചത് കണ്ടപ്പോൾ വിഷമം തോന്നി. ചുറ്റുമുണ്ടായിരുന്ന എല്ലാവരെയും മീഡിയയെയും ഉൾപ്പെടെ ഞാൻ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. എന്റെ ഭക്തിയെ ദുർബലപ്പെടുത്തുന്ന രീതിയിൽ ചില നിമിഷങ്ങൾ അവതരിപ്പിച്ചത് വല്ലാതെ വേദനിപ്പിച്ചു.
എന്റെ സാരിയോ ഭാവങ്ങളോ അല്ലെങ്കിൽ എന്റെ ഏതെങ്കിലും പ്രവൃത്തികളോ കാരണം ഏതെങ്കിലും ഭക്തരുടെ മനസിൽ അനാവശ്യമായി വേദനയുണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ ഒരിക്കലും അങ്ങനെ ചിന്തിച്ചിരുന്നില്ല. എന്റെ മനസ്സ് അമ്മക്ക് അറിയാം. ആ സത്യം മതി എനിക്ക്. എപ്പോഴും ഞാൻ ആറ്റുകാൽ അമ്മയുടെ വിനയമുള്ള ഒരു ഭക്തയായി തുടരും. എല്ലാം അമ്മയിൽ സമർപ്പിച്ചുകൊണ്ട്’ എന്നാണ് അന്ന ഇൻസ്റ്റയിൽ കുറിച്ചത്. നിരവധി പേരാണ് താരത്തെ അനുകൂവിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം ആദ്യമായി പൊങ്കാല അർപ്പിക്കാൻ എത്തിയ താരത്തിന്റെ വിഡിയോകളും ചിത്രങ്ങളും ചിലർ മോശമായ രീതിയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. അന്ന രാജൻ പൊങ്കാലയിടുന്നതിന്റെ ദൃശ്യങ്ങൾ ചിലർ പല ആംഗിളുകളിൽ നിന്ന് പകർത്തി, അത് ബോഡി ഷെയ്മിങ് നടത്തുന്ന തരത്തിൽ വികലമായി എഡിറ്റ് ചെയ്താണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. സ്വന്തം ബ്രാന്റിൽ നിന്നുള്ള സാരി ധരിച്ചാണ് അന്ന എത്തിയത്. യൂട്യൂബ് ചാനലുകളിൽ നിറയെ അന്നയുടെ വിഡിയോയായിരുന്നു. അന്ന ധരിച്ചിരുന്ന വസ്ത്രത്തെയും ശാരീരിക പ്രകൃതിയെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളും ട്രോളുകളും വ്യാപകമായി ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.