വിഘ്‌നേശ് ശിവനും നയൻതാരയും
തമിഴ്നാട്ടിലെ ഏറ്റവും സമ്പന്ന പ്രദേശത്ത് ആഡംബര അപ്പാർട്ട്മെന്‍റ് സ്വന്തമാക്കി നയൻതാര. ചെന്നൈയിലെ പോയസ് ഗാർഡൻ പ്രദേശത്ത് 31.5 കോടി രൂപക്കാണ് നയൻതാരയും ഭർത്താവ് വിഘ്‌നേശ് ശിവനും അപ്പാർട്ട്മെന്റ് വാങ്ങിയതെന്ന് പ്രോപ്പർട്ടി രജിസ്ട്രേഷൻ രേഖകളിൽ പറയുന്നു. ചെന്നൈയിലെ തേനാംപേട്ട് പ്രദേശത്തുള്ള പോയസ് ഗാർഡനിലെ ലെഗസി പ്രോജക്റ്റിന്റെ നാലാമത്തെയും അഞ്ചാമത്തെയും നിലകളിലായാണ് അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്.
നടൻ രജനീകാന്തിന്റെയും അന്തരിച്ച മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെയും വസതികൾ സ്ഥിതിചെയ്യുന്ന സ്ഥലമാണ് പോയസ് ഗാർഡൻ. ആയതിനാൽ തന്നെ തമിഴ്നാട്ടിലെ ഏറ്റവും മൂല്യമുള്ള സ്ഥലങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കുന്നു. 2024ൽ പോയസ് ഗാർഡനിൽ 150 കോടിയുടെ ബംഗ്ലാവ് വാങ്ങിയതിന് സിനിമാ താരം ധനുഷ് വാർത്തകളിൽ ഇടം നേടിയിരുന്നു.
നയൻതാരയുടെ ഈ അപാർട്ട്മെന്‍റിന് 14369 ചതുരശ്ര അടി വിസ്തീർണമുണ്ട്. വിൽപ്പന കരാർ 2025 ഡിസംബർ 15ന് രജിസ്റ്റർ ചെയ്തു. ലാൻഡ്മാർക്ക് മെട്രോ പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡാണ് വിൽപ്പനക്കാർ. പ്രോപ്പർട്ടിയുടെ 90% ഓഹരിയും നയൻതാരക്കാണ്. ബാക്കി 10% വിഘ്നേശ് ശിവനുള്ളതാണ്. എട്ട് റിസർവ്ഡ് പാർക്കിങ് സ്ലോട്ടുകൾ താരത്തിനു സ്വന്തമായി അപ്പാർട്ട്മെന്റിൽ ഒരുക്കിയിട്ടുണ്ടെന്നും രേഖകൾ വ്യക്തമാക്കുന്നു.
ഹൈദരാബാദ്, ചെന്നൈ, കേരളം എന്നിവിടങ്ങളിൽ നയൻതാരക്ക് നിരവധി വസതികളുണ്ട്. താരത്തിന്‍റെ കേരളത്തിലെ ഭവനം സംസ്ഥാനത്തെ ഏറ്റവും ആഡംബര സ്വത്തുക്കളിൽ ഒന്നാണെന്ന് പറയപ്പെടുന്നു. ഹൈദരാബാദിലെ സമ്പന്ന പ്രദേശമായ ബഞ്ചാര ഹിൽസിൽ ഏകദേശം 15 കോടി രൂപ വിലമതിക്കുന്ന രണ്ട് വീടുകൾ നയൻതാരക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.