ഹൈദരാബാദ്: തമിഴ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയ്‌യും ഭാര്യ സംഗീത സൗർണലിംഗവും തമ്മിലുള്ള വിവാഹമോചന തർക്കം പുതിയ വഴിത്തിരിവിലേക്ക്. വിവാഹമോചന കേസ് പരിഗണനയിലിരിക്കെ താമസ അവകാശങ്ങളും സാമ്പത്തിക സഹായവും ആവശ്യപ്പെട്ട് സംഗീത ചെങ്കൽപ്പേട്ട് ജില്ല കോടതിയിൽ പുതിയ ഹരജി സമർപ്പിച്ചെന്നാണ് റിപ്പോർട്ട്.
ചെന്നൈയിലെ നീലങ്കരൈയിലുള്ള ദമ്പതികളുടെ വീട്ടിൽ തന്നെ തുടരാൻ അനുവദിക്കുന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സംഗീത കോടതിയോട് ആവശ്യപ്പെട്ടു. നിയമനടപടികൾക്കിടയിൽ തനിക്ക് താമസ സൗകര്യം നിഷേധിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അവർ കോടതിയെ അറിയിച്ചു.
ചെന്നൈയിൽ സംഗീതക്ക് നിലവിൽ പ്രത്യേക വസതി ഇല്ലെന്നും അതിനാൽ വിവാഹമോചന കേസ് പരിഹരിക്കപ്പെടുന്നതുവരെയോ അനുയോജ്യമായ ബദൽ താമസസൗകര്യം ഒരുക്കുന്നതുവരെയോ നീലാങ്കരൈയിലെ വീട്ടിൽ താമസിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്നും അവർ കോടതിയോട് അഭ്യർഥിച്ചു.
കപാലീശ്വരർ നഗറിലെ നീലാങ്കരൈ വീടിന്‍റെ 50 ശതമാനം ഓഹരി തന്റെ കൈവശമുണ്ടെന്നും സംഗീത തന്റെ ഹരജിയിൽ അവകാശപ്പെട്ടിട്ടുണ്ട്. വീട്ടിൽ താമസിക്കുന്നതിൽ നിന്ന് വിജയ് തടയുകയാണെന്നും വീട്ടിൽ പ്രവേശിക്കുന്നത് സംബന്ധിച്ച് അദ്ദേഹത്തിന്റെ അഭിഭാഷകർ ഭീഷണിപ്പെടുത്തിയെന്നും അവർ ആരോപിച്ചു.
താമസാവകാശങ്ങൾക്ക് പുറമേ, തനിക്കും കുട്ടികൾക്കും സാമ്പത്തിക സംരക്ഷണം നൽകണമെന്നും സംഗീത ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമകളിൽ നിന്നും ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകളിൽ നിന്നും വിജയ് ഗണ്യമായ വരുമാനം നേടുന്നുണ്ടെന്നും നിയമനടപടികൾ നടക്കുമ്പോൾ കുടുംബത്തിന് മതിയായ സാമ്പത്തിക സഹായം നൽകണമെന്നും ഹരജിയിൽ പറയുന്നു. കേസിൽ അന്തിമ തീരുമാനമാകുന്നതുവരെ സ്ഥിരമായ ജീവനാംശം അനുവദിക്കണമെന്നും അവർ കോടതിയോട് അഭ്യർഥിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.