ആദ്യ ചിത്രം പരാജയം, പരിഹാസങ്ങൾക്ക് പിന്നാലെ ഏഴ് വർഷത്തെ ഇടവേള; ഇപ്പോൾ ദേശീയ അവാർഡ് ജേതാവ്

ആദ്യ സിനിമ പുറത്തിറങ്ങിയ ശേഷം ആ നടനെ കാത്തിരുന്നത് വലിയ പരിഹാസങ്ങളും വിമർശനങ്ങളുമായിരുന്നു. തന്‍റെ 20 വയസിലെ നായക അരങ്ങേറ്റത്തിലൂടെ അദ്ദേഹത്തിന് പ്രേക്ഷകരിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല. തയാറെടുപ്പുകളില്ലാതെയാണ് തന്‍റെ തുടക്കമെന്ന് മനസ്സിലാക്കിയ നടൻ ഒരു ഇടവേള എടുത്ത് വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങി. ഇപ്പോഴിതാ ദേശീയ ചലച്ചിത്ര അവാർഡും നിരവധി സൂപ്പർഹിറ്റ് സിനിമകളും അദ്ദേഹത്തിന് സ്വന്തമാണ്. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളായ മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലിനെക്കുറിച്ചാണ് പറഞ്ഞു വന്നത്.

പ്രശസ്ത ചലച്ചിത്ര സംവിധായകനും നിർമാതാവുമായ ഫാസിലിന്റെ മകൻ എന്ന നിലയിൽ ഫഹദിന്‍റെ സിനിമ അരങ്ങേറ്റം ശ്രദ്ധനേടിയിരുന്നു. ഫാസിൽ സംവിധാനം ചെയ്ത റൊമാന്റിക് ചിത്രമായ കൈയെത്തും ദൂരത്താണ് (2002) ഫഹദിന്‍റെ ആദ്യ ചിത്രം. അതിൽ തിളങ്ങാനാവാതെ വന്നതോടെ ഏഴ് വർഷത്തെ ഇടവേള എടുക്കാൻ ഫഹദ് തീരുമാനിച്ചു. ഈ സമയത്ത്, വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനുമായി അദ്ദേഹം അമേരിക്കയിലേക്ക് പോയി.


2009ൽ, നിരവധി പ്രമുഖർ ഒത്തുചേർന്ന 'കേരള കഫേ'യിലൂടെ അദ്ദേഹം തിരിച്ചുവരവ് നടത്തി. ഇത് ഫഹദിന്റെ കരിയറിലെ വഴിത്തിരിവായി. പിന്നീട് ചാപ്പ കുരിശു, അകം, 22 ഫീമെയിൽ കോട്ടയം, ഡയമണ്ട് നെക്ലസ്, അന്നയും റസൂലും, നോർത്ത് 24 കാതം, ബാംഗ്ലൂർ ഡെയ്‌സ് തുടങ്ങി നിരവധി ചിത്രങ്ങൾ വന്നു. ഇവയെല്ലാം ഫഹദ് എന്ന നടന് ജനഹൃദയങ്ങളിൽ സ്ഥാനം നൽകി. 2017ൽ പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ, മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം അദ്ദേഹം നേടി.

കമൽഹാസൻ, രജനീകാന്ത്, അമിതാഭ് ബച്ചൻ, വടിവേലു, നയൻതാര, വിജയ് സേതുപതി, അല്ലു അർജുൻ, ശിവകാർത്തികേയൻ തുടങ്ങി നിരവധി വമ്പൻ താരങ്ങളുമായി ഫഹദ് സ്ക്രീൻ പങ്കിട്ടിട്ടുണ്ട്. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന, വരാനിരിക്കുന്ന 'പാട്രിയറ്റ്' എന്ന ചിത്രത്തിലും ഫഹദ് അഭിനയിച്ചിട്ടുണ്ട്. 2024ൽ പുറത്തിറങ്ങിയ തന്റെ ആക്ഷൻ-കോമഡി ചിത്രമായ 'ആവേശ'ത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുണ്ടെന്ന് അടുത്തിടെ നടന്ന ഒരു പരിപാടിയിൽ ഫഹദ് വെളിപ്പെടുത്തി. ആദ്യ ചിത്രത്തിന്റെ പരാജയത്തെത്തുടർന്ന് പ്രതീക്ഷ നഷ്ടപ്പെട്ട ഒരാളിൽ നിന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി മാറിയ ഫഹദ് ഫാസിലിന്റെ സിനിമായാത്ര പലർക്കും പ്രചോദനമാണ്.  

Tags:    
News Summary - Meet actor who vanished after flop debut, returned after 7-year hiatus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.