മലയാളിക്ക് ആരാണ് മമ്മൂട്ടി എന്ന ചോദ്യത്തിന് വ്യത്യസ്ത ഉത്തരങ്ങൾ ഉണ്ടാവും. അത് എന്തുതന്നെയായാലും മമ്മൂട്ടിയും മമ്മൂട്ടി സിനിമകളും മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിൻറെ ആരോഗ്യപ്രശ്നത്തെ കുറിച്ച് അറിഞ്ഞപ്പോൾ നമ്മുടെ ഉള്ളുനീറിയതും. അത് കഴിഞ്ഞ കഥയാണ്, അല്ലെങ്കിൽ അങ്ങനെയാവട്ടെ.... ഇന്ന് മലയാളത്തിന്‍റെ മമ്മൂട്ടിക്ക് 74ാം പിറന്നാളാണ്.
മമ്മൂട്ടി ഇല്ലാത്ത മലയാള സിനിമയെ കുറിച്ച് നമുക്ക് ആലോചിക്കാനേ കഴിയില്ല. 74ന്‍റെ ചെറുപ്പം എന്ന ക്ലീഷേ അവകാശവാദത്തിനില്ല. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് തന്നെയാണ് മമ്മൂട്ടിയിലെ നടൻ. ആദ്യ സിനിമ മുതൽ ഏറ്റവും പുതിയ റീലീസ് വരെയും പരിശോധിച്ചാൽ മമ്മൂട്ടിയിലെ നടൻ വളർന്നിട്ടേയുള്ളു എന്നത് വ്യക്തമാണ്.
മമ്മൂട്ടി എല്ലാ മലയാളികളുടെയും മനുഷ്യനാണ്. ഇക്കാലത്തിനുള്ളിൽ ചെയ്തുവെച്ച കഥാപാത്രങ്ങളിലൂടെ മമ്മൂട്ടി നമ്മുടെ ജീവിതത്തോട് ചേർന്നു നിൽക്കുന്നു. ഇനിയാർക്കും പകരമാകാൻ കഴിയാത്ത ഒരിടമാണ് മലയാളിയുടെ മനസിൽ മമ്മൂട്ടിക്കുള്ളത്. അതുകൊണ്ടാണ് സിനിമയിലെ മമ്മൂട്ടി കരയുമ്പോൾ മലയാളി കൂടെ കരയുന്നത്.
ഒരു ചെറിയ ഇടവേളക്ക് ശേഷം ആ മനുഷ്യൻ തിരിച്ചുവരുകയാണ്. എണ്ണിയാലൊടുങ്ങാത്ത പ്രാർത്ഥനകളുടെ പിൻബലമുണ്ട് ആ വരവിന്. ഇനിയും അയാളിങ്ങനെ മലയാളത്തിന്‍റെ സ്വകാര്യ അഹങ്കാരമായി നിറഞ്ഞു നിൽക്കട്ടെ... ഞങ്ങൾക്കൊരു മമ്മൂട്ടിയുണ്ടെന്ന് മലയാളികൾ വീണ്ടും ആവേശത്തോടെ പറയട്ടെ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.