മലയാളികൾക്ക് പ്രിയങ്കരിയായ യുവ നടിയാണ് മമിത ബൈജു. സൂപ്പർ ശരണ്യ എന്ന ചിത്രത്തിലൂടെ ജന ശ്രദ്ധ നേടിയ മമിത പ്രേമലുവിലൂടെ സെൻസേഷൻ നായിക എന്ന പേര് സ്വന്തമാക്കി. അവിടെ നിന്നും നടി തമിഴ് സിനിമയിൽ ഗംഭീര അരങ്ങേറ്റം കുറിച്ചു. പ്രതീപ് രംഗനാഥനോടൊപ്പം ഡ്യൂഡിൽ തിളങ്ങിയ മമിത സൂര്യയുടെ നായികയായി വിശ്വാനന്ത് ആന്‍റ് സൺസിൽ അഭിനയിച്ചു. ദളപതി വിജയ് യുടെ ജനനായകനിൽ നടന്‍റെ അനിയത്തിയായാണ് മമിത എത്തുന്നത്. മാത്രമല്ല ധനുഷിന്‍റെ നായികയായി മമിത എത്തുന്ന 'കര' എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്.
മമിതയെ മുമ്പൊരിക്കലും കാണാത്ത വേഷത്തിലാണ് കരയിൽ എത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരു തമിഴ് കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. എന്നാൽ മലയാളിയായ മമിതയെ ഒരു തമിഴ് പെൺകുട്ടിയായി തെരഞ്ഞെടുത്തതിൽ പലരും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്തിനാണ് മറ്റൊരു സംസ്ഥാനത്തുനിന്നും നായികമാരെ കൊണ്ടുവന്ന് തമിഴ് പെൺകുട്ടിയായി മേക്കപ്പിട്ട് നിർത്തുന്നത് എന്ന പരാമർശത്തിൽ ചിത്രം വിവാദത്തിലായി.
എന്നാൽ മലയാളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും നടി-നടന്മാർ തമിഴ് വേഷങ്ങൾ അവതരിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളോട് നടി തന്നെ പ്രതികരിച്ചു. 'എനിക്ക് ലഭിച്ച അവസരം ഞാൻ സ്വീകരിച്ചു. ഒരു നടി എന്ന നിലയിൽ വ്യത്യസ്തമായ വേഷങ്ങൾ അവതരിപ്പിക്കുകയും അനുഭവങ്ങൾ വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. അതിനാൽ അത്തരമൊരു അവസരം വരുമ്പോൾ ഞാൻ അത് ചെയ്യാൻ ശ്രമിക്കുന്നു. സിനിമയിലെ ഒരു വേഷം ആര് അവതരിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് പൂർണ്ണമായും സിനിമയുടെ നിർമാതാക്കളാണ്' ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിൽ മമിത പറഞ്ഞു.
'അവർ നമ്മളെ തെരഞ്ഞെടുക്കുമ്പോൾ അതിനെ അനീതി എന്ന് വിളിക്കാൻ കഴിയില്ല. എനിക്ക് ഇത് ചെയ്യാൻ കഴിയും എന്ന ആത്മവിശ്വാസം നമ്മുടെ ജോലിയിലൂടെ നമ്മൾ നേടുന്ന ഒന്നാണ്. കര എന്ന സിനിമയെ സംബന്ധിച്ചിടത്തോളം അത്തരം ഗ്രാമീണ ചുറ്റുപാടുകളിൽ ജീവിക്കുന്ന ആളുകൾക്ക് എന്നെ സ്‌ക്രീനിൽ കണ്ടതിനുശേഷം 'അവൾ നമ്മളിൽ ഒരാളാണ്' എന്ന തോന്നലുണ്ടാക്കാൻ കഴിയുമെങ്കിൽ അതാണ് എന്റെ ലക്ഷ്യം. ഒരു അഭിനേത്രി എന്ന നിലയിൽ എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അവാർഡായിരിക്കും അത്' നടി പറഞ്ഞു.
'മാത്രമല്ല, തടസ്സങ്ങൾ മറികടക്കുക എന്നതാണിതിന്റെ ലക്ഷ്യം. മറ്റൊരു ഭാഷയിൽ അഭിനയിച്ച് സ്വയം തെളിയിക്കുക എന്നത് ഒരു പ്രധാന കടമ്പയാണ്. എന്നെ സംബന്ധിച്ചിടത്തോളം അതിരുകൾ മറികടന്ന് പ്രകടനം കാഴ്ചവെക്കുക എന്നത് എന്റെ കടമയും ഉത്തരവാദിത്തവുമാണ്' മമിത കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.