വിജയ്, ഖുശ്ബു
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡി.എം.കെയെയും എ.ഐ.എ.ഡി.എം.കെയെയും അമ്പരപ്പിച്ചുകൊണ്ട് നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) മിന്നുന്ന വിജയം സ്വന്തമാക്കി. കന്നി പോരാട്ടത്തിൽ തന്നെ 234 സീറ്റുകളിൽ 107 എണ്ണവും നേടി ടി.വി.കെ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നു. 49 വർഷത്തെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ടാണ് 'ജനനായകൻ' എന്ന വിശേഷണത്തോടെ വിജയ് തമിഴ് രാഷ്ട്രീയത്തിന്റെ അമരത്തേക്ക് എത്തുന്നത്.
വിജയ്‌യുടെ ചരിത്ര വിജയത്തിൽ തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം ആവേശത്തിലാണ്. സൂപ്പർ താരം രജനീകാന്ത് വിജയ്‌യെയും പാർട്ടിയെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി. ‘വിജയിച്ച തമിഴക വെട്രി കഴകത്തിന്റെ പ്രസിഡന്റ് തിരു വിജയ്‍ക്കും പാർട്ടി പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ’ എന്ന് രജനീകാന്ത് എക്സിൽ കുറിച്ചു.
വിജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് നടി ഖുശ്ബു സുന്ദറും ആശംസകൾ നേർന്നു. ‘എന്റെ സഹോദരൻ വിജയിക്കും ടി.വി.കെ ടീമിനും അഭിനന്ദനങ്ങൾ. നിങ്ങളെ ഒരു ജനനായകനായി കാണാൻ കാത്തിരിക്കുന്നു’ എന്ന് ഖുശ്ബു കുറിച്ചു. കമൽ ഹാസൻ, രശ്മിക മന്ദാന, എ.ആർ. റഹ്മാൻ, തൃഷ, വിക്രം, വിജയ് ദേവരകൊണ്ട, ധനുഷ് തുടങ്ങി നിരവധി താരങ്ങൾ വിജയ്‌യെ അഭിനന്ദിച്ച് എത്തിയിരുന്നു.
ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷത്തിന് (118 സീറ്റുകൾ) 11 സീറ്റുകൾ കൂടി ടി.വി.കെക്ക് ആവശ്യമാണ്. നിലവിൽ ഗവർണർ വിജയ്‌യെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാനാണ് സാധ്യത. കേവല ഭൂരിപക്ഷമില്ലെങ്കിലും പുറത്തുനിന്നുള്ള പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ടി.വി.കെ ടീം.
ഡി.എം.കെ സഖ്യത്തിലുള്ള കോൺഗ്രസ് (5 സീറ്റ്), സി.പി.ഐ, സി.പി.എം, വി.സി.കെ തുടങ്ങിയ പാർട്ടികളുടെ പിന്തുണ ടി.വി.കെ പ്രതീക്ഷിക്കുന്നുണ്ട്. രാഷ്ട്രീയ ചാണക്യന്മാർ പരാജയപ്പെട്ട മണ്ണിൽ വിജയ്‌യുടെ വിജയ് ആരാധകർ വോട്ടുപെട്ടിയിൽ വിപ്ലവം തീർത്ത കാഴ്ചയാണ് തമിഴ്‌നാട് കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.