'അമ്മ അഭിനയിക്കുക മാത്രമാണ് കേട്ടോ, ഇതൊന്നും സത്യമല്ല!'; ഗർഭകാലവും പോസ്റ്റ് പാർട്ടവും തന്നെ എത്രത്തോളം മാറ്റിയെന്ന് കിയാര അദ്വാനി

മകൾ ജനിച്ചതിന് ശേഷമുണ്ടായ ശാരീരികവും മാനസികവുമായ മാറ്റങ്ങളെക്കുറിച്ച് കിയാര അദ്വാനി മനസ്സുതുറന്നു. 'പ്രസവാനന്തര ഘട്ടത്തെ (പോസ്റ്റ് പാർട്ടം) കുറിച്ച് നമ്മൾ കൂടുതൽ സംസാരിക്കേണ്ടതുണ്ട്. ഓരോ സ്ത്രീയുടെയും ഈ യാത്ര വ്യത്യസ്തമായിരിക്കും. ശാരീരികമായും വൈകാരികമായും അത് നമ്മളെ പല രീതിയിലാണ് ബാധിക്കുന്നത്,' എന്ന് കിയാര പറയുന്നു. അപ്രതീക്ഷിതമായി ചർമ്മത്തിലുണ്ടായ ചില പ്രശ്നങ്ങളെക്കുറിച്ച് ഓർത്തെടുത്ത അവർ, മുൻപായിരുന്നെങ്കിൽ ഇത്തരം കാര്യങ്ങൾ തന്നെ വല്ലാതെ വിഷമിപ്പിക്കുമായിരുന്നു എന്നും എന്നാൽ ഇപ്പോൾ ഒന്നും തന്നെ തളർത്താനാവില്ലെന്നും താൻ ജീവിതം ആസ്വദിക്കുകയാണെന്നും കൂട്ടിച്ചേർത്തു.

അമ്മയായതോടെ സ്വന്തം ശരീരത്തോടും മനസ്സിനോടും കൂടുതൽ ദയ കാണിക്കാൻ താൻ പഠിച്ചുവെന്ന് കിയാര പറയുന്നു. 'അതൊരു വലിയ വ്യക്തിത്വ മാറ്റമാണ്. തികച്ചും പുതിയൊരു ലോകം. ആ മാറ്റങ്ങളിലൂടെ കടന്നുപോകുമ്പോൾ സ്വന്തം കുറവുകളെ അംഗീകരിക്കാനും സ്വയം സ്നേഹിക്കാനും ഒരു സ്ത്രീക്ക് സമയം ആവശ്യമാണ്. എനിക്ക് അതിന് ആറ് മാസമെടുത്തു! മറ്റുള്ളവർക്കായി നാം ഇത്രയധികം കാര്യങ്ങൾ ചെയ്യുമ്പോൾ, നമ്മളുമായി തന്നെയുള്ള ആത്മബന്ധത്തെയും നമ്മളോട് തന്നെ പറയേണ്ട കാര്യങ്ങളെയും നാം മറന്നുപോകുന്നു,' നടി കൂട്ടിച്ചേർത്തു.

തന്റെ ജീവിതത്തിൽ ഇതുവരെ മറ്റുള്ളവരുടെ കാര്യങ്ങൾക്കായിരുന്നു മുൻഗണന നൽകിയിരുന്നതെന്നും, എന്നാൽ അമ്മയായതോടെയാണ് സ്വയം സമയം കണ്ടെത്താനും തന്നെത്തന്നെ പരിപാലിക്കാനും പഠിച്ചതെന്നും കിയാര പറയുന്നു. 34 വർഷത്തെ ജീവിതത്തിന് ശേഷം സ്വന്തമായി അതിർവരമ്പുകൾ നിശ്ചയിക്കാനും, അനാവശ്യമായ സ്വയംവിമർശനങ്ങൾ ഒഴിവാക്കാനും, ഭയത്തെ അതിജീവിക്കാനും താൻ പഠിച്ചുവെന്ന് നടി പറയുന്നു. ഈ കഴിഞ്ഞ ആറ് മാസത്തിനിടയിലാണ് ഇതെല്ലാം താൻ സ്വയം പഠിച്ചെടുത്തതെന്നും അവർ വെളിപ്പെടുത്തി.

കുഞ്ഞ് ജനിച്ച ആദ്യ നാളുകളിൽ താൻ തന്നെത്തന്നെ ഒരുപാട് വിമർശിച്ചിരുന്നുവെന്നും എന്നാൽ മാറ്റങ്ങൾ പതുക്കെയാണ് ഉണ്ടായതെന്നും കിയാര പറഞ്ഞു. പുതുതായി അമ്മയായ ഒരാളുടെ ജീവിതം ഇരട്ടി അധ്വാനമുള്ളതാണെന്ന് കിയാര അഭിപ്രായപ്പെടുന്നു. ഒരു വീട്ടമ്മയോ അമ്മയോ ചെയ്യുന്ന ജോലി മറ്റാരും ചെയ്യുന്നതിനേക്കാൾ വലുതാണ്. തന്റെ കരിയറിലെ തിരക്കേറിയ ഷിഫ്റ്റുകളെക്കാളും കഷ്ടപ്പാടുകളെക്കാളും വലുതാണ് മാതൃത്വമെന്ന് അവർ കരുതുന്നു.

'കുഞ്ഞ് ജനിച്ചപ്പോൾ എനിക്ക് കുറച്ചുനാൾ അവധി എടുക്കണമെന്ന് തോന്നി. വെറുതെ ഇരിക്കാനല്ല, മറിച്ച് ആ നിമിഷങ്ങളിൽ പൂർണ്ണമായും മകൾക്കൊപ്പം ഉണ്ടാകാനാണ് ഞാൻ ആഗ്രഹിച്ചത്. ആ സമയത്തും ഞാൻ മീറ്റിങുകളിൽ പങ്കെടുക്കുമായിരുന്നു. ജോലിയിൽ തുടരുന്ന ഒരമ്മയുടെ അധ്വാനം ഇരട്ടിയാണ്. കാരണം മറ്റൊരു ജീവന്റെ ഉത്തരവാദിത്തം കൂടി നിങ്ങൾക്കുണ്ട്,' കിയാര കൂട്ടിച്ചേർത്തു.

മകൾ സാരായ ജനിച്ചതിന് അഞ്ച് മാസത്തിന് ശേഷം ഡിസംബറിലാണ് കിയാര വീണ്ടും സെറ്റിലേക്ക് തിരിച്ചെത്തിയത്. "പുതിയ അധ്യായം, കൂടുതൽ ആവേശത്തോടെ," എന്നാണ് തന്റെ ഷൂട്ടിംഗ് ചിത്രത്തിനൊപ്പം കിയാര കുറിച്ചത്. ജോലിഭാരം മൂലം തളർന്നുപോകുന്നത് ആർക്കും ഗുണകരമല്ലെന്ന് വോഗ് ഇന്ത്യയോട് സംസാരിക്കവേ നടി പറഞ്ഞു. സിനിമാ സെറ്റുകളിൽ അമ്മമാർക്കായി എട്ട് മണിക്കൂർ ഷിഫ്റ്റ് വേണമെന്ന ദീപിക പദുകോണിന്റെ ആവശ്യത്തെ കിയാരയും പിന്തുണച്ചു.

തന്റെ ഗർഭകാലത്തിന്റെ ഏഴാം മാസം വരെ 'ടോക്സിക്' സിനിമയുടെ സെറ്റിൽ ആക്ഷൻ രംഗങ്ങളിൽ വരെ താൻ അഭിനയിച്ചിരുന്നുവെന്ന് കിയാര വെളിപ്പെടുത്തി. സംവിധായകനും നിർമാതാവിനും മാത്രമേ അന്ന് ആ വിവരം അറിയാമായിരുന്നുള്ളൂ. ഷൂട്ടിങിനിടയിൽ തന്റെ വാനിറ്റി വാനിലേക്ക് പോകുമ്പോൾ വയറ്റിലെ കുഞ്ഞിനോട് കിയാര സംസാരിക്കുമായിരുന്നു. 'അമ്മ അഭിനയിക്കുക മാത്രമാണ് കേട്ടോ, ഇതൊന്നും സത്യമല്ല,' എന്നായിരുന്നു കുഞ്ഞിനെ ആശ്വസിപ്പിക്കാനായി കിയാര പറഞ്ഞിരുന്നതെന്നും നടി ഓർക്കുന്നു.

Tags:    
News Summary - Kiara Advani reveals how much pregnancy and postpartum have changed her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.