ഇന്ത്യൻ സിനിമയെ ബോളിവുഡ് എന്ന് വിളിക്കുന്നതിൽ താൽപര്യമില്ലെന്ന് രൺബീർ കപൂർ

ഇന്ത്യൻ സിനിമയെ വിശേഷിപ്പിക്കാൻ 'ബോളിവുഡ്' എന്ന പദം ഉപയോഗിക്കുന്നതിനോട് താൽപര്യമില്ലെന്ന് നടൻ രൺബീർ കപൂർ. ഹോളിവുഡിൽനിന്ന് രൂപം കൊണ്ട പേരാണ് ബോളിവുഡെന്നും അതിനുപകരം ഇന്ത്യൻ സിനിമയുടെ പ്രതിനിധിയായി അറിയപ്പെടാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് മാധ്യമമായ ഐ.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് രൺബീർ നിലപാട് വ്യക്തമാക്കിയത്.

വരാനിരിക്കുന്ന 'രാമായണ' സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ലണ്ടനിലെത്തിയപ്പോഴാണ് രൺബീർ അഭിമുഖത്തിൽ പങ്കെടുത്തത്. ചിത്രത്തിലെ സഹതാരങ്ങളായ സായ് പല്ലവി, യാഷ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇന്ത്യൻ സിനിമകളെ പൊതുവായി വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന 'ബോളിവുഡ്' എന്ന പദത്തോട് താൽപര്യമില്ലാത്തത് എന്തുകൊണ്ടാണെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

‘ഹോളിവുഡിൽനിന്ന് വന്ന പേരാണ് ബോളിവുഡ്. അക്കാലത്ത് ബോംബെ എന്നറിയപ്പെട്ടിരുന്ന നഗരത്തിന്റെ പേരിൽനിന്നാണ് ബോളിവുഡ് എന്ന പ്രയോഗം ഉണ്ടായത്. തെലുങ്ക് സിനിമാ വ്യവസായത്തെ ടോളിവുഡ് എന്നും വിളിക്കാൻ തുടങ്ങി. അങ്ങനെ പലതരത്തിലുള്ള പേരുകൾ നിലവിൽവന്നു. എന്നാൽ ഇന്ത്യൻ സിനിമയുടെ പ്രതിനിധിയായി അറിയപ്പെടാനാണ് എനിക്ക് ആഗ്രഹം,’ രൺബീർ പറഞ്ഞു.

വ്യത്യസ്ത സംസ്കാരങ്ങളും ഭാഷകളും സംസ്ഥാനങ്ങളുമുള്ള രാജ്യമാണ് ഇന്ത്യയെന്നും അവയെല്ലാം ചേർന്നതാണ് ഇന്ത്യൻ സിനിമയെന്നും രൺബീർ ചൂണ്ടിക്കാട്ടി. കല മനുഷ്യരെ ഒന്നിപ്പിക്കുന്നതാണ്. കലക്ക് അതിരുകളില്ല. സ്വന്തം സംസ്കാരത്തിലും പാരമ്പര്യത്തിലും വേരൂന്നിയ ആധികാരികമായ കഥകൾ ലോകത്തെവിടെയുള്ള പ്രേക്ഷകരുമായും സംവദിക്കുമെന്നും രൺബീർ അഭിപ്രായപ്പെട്ടു.

'ക്രൗച്ചിങ് ടൈഗർ, ഹിഡൻ ഡ്രാഗൺ', കൊറിയൻ സിനിമകൾ, 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' തുടങ്ങിയ ചിത്രങ്ങൾ ഇതിന് ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള പ്രേക്ഷകരെ മാത്രം ലക്ഷ്യമിട്ട് സിനിമയെടുക്കുകയല്ല വേണ്ടത്. സ്വന്തം സംസ്കാരവും കഥപറച്ചിൽ രീതിയും നിലനിർത്തിക്കൊണ്ട് മികച്ച സിനിമകൾ ഒരുക്കുകയാണ് ലക്ഷ്യമെന്നും താരം കൂട്ടിച്ചേർത്തു.

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'രാമായണ'യിൽ ഭഗവാൻ രാമനായാണ് രൺബീർ എത്തുന്നത്. സായ് പല്ലവി സീതയായും യാഷ് രാവണനായും അഭിനയിക്കുന്നു. രവി ദുബെ ലക്ഷ്മണനായും സണ്ണി ഡിയോൾ ഹനുമാനായും വേഷമിടുന്നു. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യഭാഗം 2026 നവംബർ അഞ്ചിന് ആഗോളതലത്തിൽ റിലീസ് ചെയ്യാനാണ് പദ്ധതി. രണ്ടാം ഭാഗം 2027ലെ ദീപാവലിക്ക് പുറത്തിറക്കും. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.

Tags:    
News Summary - Ranbir Kapoor tells Western media he doesn't like the term Bollywood as it derives from Hollywood, wants to be a 'representative of Indian cinema'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.