'ഞാനുമുൾപ്പെട്ട പൊതു ഇടത്തിലാണ് അയാൾക്കെതിരെ ലൈംഗികാരോപണമുണ്ടായത്'; വേടന്‍റെ സംഗീതപരിപാടിക്ക് വേദിയൊരുക്കിയതിൽ വിമർശനവുമായി ഗായിക ചിന്മയി

റാപ്പർ വേടന്റെ സംഗീത പരിപാടിക്കെതിരെ ഗായിക ചിന്മയി ശ്രീപാദ രംഗത്ത്. നിർമാതാവ് കണ്ണൻ രവിയുടെ മകന്റെ വിവാഹ ചടങ്ങിൽ ലൈംഗികാതിക്രമ ആരോപണം നേരിടുന്ന വേടന്റെ സംഗീത പരിപാടി സംഘടിപ്പിച്ചതിനെയാണ് ചിന്മയി വിമർശിച്ചത്. പരിപാടിയെക്കുറിച്ച് സിനിമാപ്രവർത്തകൻ ഹരീഷിന്റെ എക്സ് പോസ്റ്റിന് മറുപടിയായാണ് ചിന്മയി പ്രതികരിച്ചത്.

താനുൾപ്പെട്ട പൊതുസമൂഹത്തിലാണ് അത്തരമൊരു ആരോപണം വേടനു നേരെ ഉയർന്നുവന്നതെന്ന് അവർ കുറിച്ചു. ഒരു കുടുംബച്ചടങ്ങായി നടക്കേണ്ടിയിരുന്ന ഈ വിവാഹം, ലൈംഗിക പീഡന ആരോപണം നേരിട്ട വ്യക്തി പങ്കെടുക്കുന്ന ഒരു യുവൻ ശങ്കർ രാജ സംഗീത പരിപാടിയായി മാറിയിരിക്കുകയാണെന്നായിരുന്നു ഹരീഷിന്റെ പോസ്റ്റ്. ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ചിന്മയി വേടനെതിരെ രംഗത്തെത്തിയത്. ‘റാപ്പർ വേടനെതിരെയുള്ള ആരോപണങ്ങൾ ആദ്യം പങ്കുവയ്ക്കപ്പെട്ടത്, ഞാനും അംഗമായ ഒരു പൊതു ഇടത്തിലാണ്. ആ സ്ത്രീ മലയാളത്തിൽ പറഞ്ഞ കാര്യങ്ങൾ മറ്റൊരാൾ എനിക്ക് വിവർത്തനം ചെയ്തുനൽകുകയായിരുന്നു. കാർത്തിക്കിന് വേദി ലഭിക്കാമെങ്കിൽ, അതേ മാനദണ്ഡം വെച്ചുനോക്കുമ്പോൾ വേടനും വേദി ലഭിക്കാൻ അർഹതയുണ്ടെന്ന് എനിക്ക് തോന്നുന്നു’ എന്ന് ചിന്മയി കുറിച്ചു.

ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ഗായകൻ കാർത്തിക്കിനെ സംഗീത റിയാലിറ്റി ഷോയിൽ ജഡ്ജായി ക്ഷണിച്ച സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. അന്ന് ചിന്മയിയും ശക്തമായി പ്രതികരിച്ചിരുന്നു. ഈ സംഭവം ഉദ്ധരിച്ചാണ് പരിപാടിയെ ചിന്മയി പരിഹാസരൂപേണ വിമർശിച്ചത്. മുമ്പും താരം വേടനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിട്ടുണ്ട്. തമിഴ്‌നാട് വിദ്യാഭ്യാസമന്ത്രി രാജ്മോഹൻ വേടനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു ചിന്മയിയുടെ പ്രതികരണം. ലൈംഗിക പീഡന ആരോപണങ്ങൾ നേരിടുന്നവരോട് മുൻ സർക്കാറിന്റെ സമീപനം വിജയ് സർക്കാർ കാണിക്കരുതെന്ന് ചിന്മയി എക്സിൽ കുറിച്ചു. സംഭവത്തിനു ശേഷം വേടനൊപ്പം നടക്കേണ്ടിയിരുന്ന ഒരു പ്രോജക്ട് ചിന്മയി വേണ്ടെന്നുവെച്ചിരുന്നു.

Tags:    
News Summary - Chinmayi Slams Vedan Event Booking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.