കത്രീന കൈഫ് ്അമ്മയോടൊപ്പം
മധുരൈ ഗ്രാമത്തിൽ കറന്‍റ് പോലുമില്ലാതെ ജീവിതം; ‘ആളുകളെ സഹായിക്കാൻ ഇഷ്ടമായതുകൊണ്ടാണ് അമ്മ അങ്ങനെ ജീവിക്കുന്നതെന്ന്’ കത്രീന കൈഫ്
ബോളിവുഡിലെ തിരക്കേറിയ താരമാണ് കത്രീന കൈഫ്. കോടികൾ മുടക്കിയുള്ള ആഡംബര ജീവിതവും വലിയ ബ്രാൻഡുകളും സിനിമകളുമൊക്കെയായി തിളങ്ങി നിൽക്കുമ്പോൾ, അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു ജീവിതമാണ് അവരുടെ അമ്മ സൂസൻ ടർക്കോട്ട് നയിക്കുന്നത്.
ലണ്ടനിൽ ജീവിച്ചിരുന്ന സൂസൻ 2008ൽ എല്ലാം ഉപേക്ഷിച്ച് തമിഴ്നാട്ടിലേക്ക് എത്തിയത് ചാരിറ്റി പ്രവർത്തനം ലക്ഷ്യമിട്ടാണ്. തുടക്കം ചെറിയ ട്യൂഷൻ ക്ലാസുകളിൽ നിന്നായിരുന്നു. റിലീഫ് പ്രോജക്ട്സ് ഇന്ത്യ എന്ന പേരിൽ ഒരു എൻ.ജി.ഒ ആരംഭിച്ചായിരുന്നു തുടക്കം.
ഗ്രാമങ്ങളിലെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ സൗജന്യ ട്യൂഷൻ നൽകുക എന്നതായിരുന്നു ആദ്യ ലക്ഷ്യം. പിന്നീട് ആ സംരംഭം വിദ്യാഭ്യാസം, ആരോഗ്യം, കുട്ടികളുടെ സംരക്ഷണം എന്നിങ്ങനെ വിവിധ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച വലിയൊരു സംഘടനയായി വളർന്നു.
2015ൽ മധുരൈയിൽ മൗണ്ടൻ വ്യൂ സ്കൂൾ എന്ന പേരിൽ സൂസൻ ഒരു സ്കൂൾ ആരംഭിച്ചു. 30ൽ താഴെ കുട്ടികളുമായി തുടങ്ങിയ ഒരു ചെറിയ നഴ്സറി സ്കൂൾ മാത്രമായിരുന്നു അത്. എന്നാൽ ഇന്ന് പാവപ്പെട്ട ഗ്രാമങ്ങളിൽ നിന്നുള്ള 300ലധികം കുട്ടികൾ പഠിക്കുന്ന ഒരു നഴ്സറി-പ്രൈമറി സ്കൂളായി അത് വളർന്നു.
അമ്മയുടെ ഈ ജീവിതത്തെക്കുറിച്ച് കത്രീന പല അഭിമുഖങ്ങളിലും മനസ്സ് തുറന്നിട്ടുണ്ട്. ‘എന്റെ അമ്മ മധുരൈയിലാണ് താമസിക്കുന്നത്. അവിടെ അവർ കുട്ടികൾക്കായി ഒരു സ്കൂൾ തുടങ്ങി. അവിടെ അവർ അധ്യാപികയാണ്. അവർ സന്തോഷവതിയാണ്. അവരുടെ ചാരിറ്റി പ്രവർത്തനങ്ങളും അനുഗ്രഹങ്ങളും കൊണ്ടാണ് ഞാൻ ഇത്രയും ഉയരത്തിൽ എത്തിയത്’ പത്ത് വർഷം മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ കത്രീന പറഞ്ഞു.
അമ്മയുടെ ജീവിതത്തിലെ കഠിനമായ സാഹചര്യങ്ങളെക്കുറിച്ചും കത്രീന സംസാരിക്കാറുണ്ടായിരുന്നു. ‘അവിടെ ജീവിക്കുന്നത് എളുപ്പമല്ല. 12 മണിക്കൂർ മാത്രമേ കറന്റ് ഉണ്ടാകൂ. ചിലപ്പോൾ അമ്മയെ ഫേസ്ടൈം (ആപ്പിളിന്റെ വിഡിയോ കോൾ) ചെയ്യാൻ ശ്രമിക്കും, പക്ഷേ കറന്റോ ഇന്റർനെറ്റോ ഇല്ലാത്തതിനാൽ സാധിക്കില്ല. അപ്പോൾ സാധാരണ കോൾ ചെയ്യും.
ഗ്രാമത്തിൽ മണിക്കൂറുകളോളം കറന്റ് ഉണ്ടാകില്ല. ഭയങ്കര ചൂടാണ്, എസി ഇല്ല. ആളുകളെ സഹായിക്കാൻ ഇഷ്ടമുള്ളതുകൊണ്ടാണ് അമ്മ ഈ സാഹചര്യത്തിൽ ജീവിക്കുന്നത്. ഇത് കഠിനമായ ജീവിതമാണ്. അതിന് വ്യത്യസ്തമായ മനസ്സ് വേണം. എനിക്ക് അത് ചെയ്യാൻ കഴിയുമോ എന്ന് അറിയില്ല. അമ്മ അവിടെ 15 വർഷത്തിലേറെയായി ജീവിക്കുന്നു കത്രീന പറയുന്നു.
തന്റെ കുട്ടിക്കാലത്തെക്കുറിച്ചും കത്രീന പറഞ്ഞിട്ടുണ്ട്. ആഡംബരത്തിലല്ല, വളരെ ലളിതമായാണ് തങ്ങൾ വളർന്നതെന്ന് അവർ ഓർക്കുന്നു. ‘ഞാൻ ചെറുപ്പത്തിൽ വളർന്ന രാജ്യങ്ങളിലെല്ലാം ദാരിദ്ര്യരേഖക്ക് താഴെ ജീവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടായിരുന്നു. അമ്മ ചാരിറ്റി പ്രവർത്തനം ചെയ്യുന്നതുകൊണ്ട് ഞാൻ എപ്പോഴും അത് കണ്ടിട്ടുണ്ട്. ഞങ്ങൾ ആഡംബരത്തിലല്ല വളർന്നത്. വളരെ ലളിതവും അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ളതുമായ കുട്ടിക്കാലമായിരുന്നു. പണമില്ലാതെയാണ് ഞാൻ സിനിമയിൽ തുടങ്ങിയത്. പൂജ്യത്തിൽ നിന്ന് അമ്മ കെട്ടിപ്പടുത്തതാണ് ആ സ്കൂൾ. 250ലധികം കുട്ടികൾ അവിടെ പഠിക്കുന്നു. അമ്മ തന്നെയാണ് സ്കൂളിൽ പഠിപ്പിക്കുന്നത്, സിലബസ് ഉണ്ടാക്കുന്നത്, അധ്യാപകരെ പരിശീലിപ്പിക്കുന്നത് കത്രീന പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.