'അഭിനയം അപമാനമായിരുന്ന കാലത്ത് സിനിമയിലെത്തി, ദിലീപ് കുമാറിന്‍റെ ആദ്യ പ്രണയിനി'; ഇല്ലാതായത് സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഹിന്ദി സിനിമയുമായുള്ള അവസാന ബന്ധം

മുതിർന്ന ബോളിവുഡ് നടി കാമിനി കൗശലിന്റെ വിയോഗത്തോടെ സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഹിന്ദി സിനിമയുമായുള്ള നമ്മുടെ അവസാനത്തെ ബന്ധവും വിച്ഛേദിക്കപ്പെടുകയാണ്. അവരുടെ ആദ്യ ചിത്രമായ നീച്ച നഗർ പുറത്തിറങ്ങിയത് 1946ലാണ്. പാം ഡി'ഓർ നേടിയ ഏക ഇന്ത്യൻ സിനിയായി അത് ഇന്നും തുടരുന്നു. അതിനുശേഷം 1980കൾ വരെ കാമിനി ഹിന്ദി സിനിമകളിൽ സജീവ സാന്നിധ്യമായിരുന്നു.

ഉമ കശ്യപ് എന്നായിരുന്നു കാമിനി കൗശലിന് മാതാപിതാക്കൾ നൽകിയ പേര്. അവരുടെ പിതാവ് ഡോ. രാം കശ്യപ് സസ്യശാസ്ത്രജ്ഞനും ലാഹോറിലെ പഞ്ചാബ് സർവകലാശാലയിലെ സസ്യശാസ്ത്ര പ്രൊഫസറുമായിരുന്നു. നിരവധി സസ്യ ഇനങ്ങൾ അദ്ദേഹം കണ്ടെത്തിയതായി പറയപ്പെടുന്നു.

ചേതൻ ആനന്ദാണ് നീച്ച നഗറിന്‍റെ സംവിധായകൻ. അഭിനയം അപമാനകരമായ തൊഴിലായി കണക്കാക്കപ്പെട്ടിരുന്ന കാലത്താണ് കാമിനി തന്‍റെ സിനിമ ജീവിതം ആരംഭിക്കുന്നത്. സംവിധായകൻ ചേതൻ ആനന്ദും ഭാര്യ ഉമ ആനന്ദും കുടുംബ സുഹൃത്തുക്കളാണെന്ന വസ്തുതയാണ് മാതാപിതാക്കളെ തന്നെ സിനിമയിലേക്ക് വിടാൻ പ്രേരിപ്പിച്ചതെന്ന് കാമിനി പണ്ട് പറഞ്ഞിട്ടുണ്ട്. ഉമ ആനന്ദും നീച്ച നഗറിൽ അഭിനയിക്കുന്നുണ്ടായിരുന്നു. ആശയക്കുഴപ്പം ഒഴിവാക്കാൻ ആനന്ദാണ് ഉമ കശ്യപിന് കാമിനി കൗശൽ എന്ന പേര് നൽകിയത്.

ചിത്രത്തിന് ശേഷം കാമിനി കൗശൽ ദിലീപ് കുമാർ, ദേവ് ആനന്ദ് എന്നിവർക്കൊപ്പം നദിയ കെ പർ, സിദ്ദി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് ദിലീപ് കുമാറുമായി അവർ പ്രണയത്തിലായി. പക്ഷേ 1947ൽ, സഹോദരി അപകടത്തിൽ മരിച്ചതിനെത്തുടർന്ന് സഹോദരീഭർത്താവായ ബി.എസ്. സൂദിനെ കാമിനിക്ക് വിവാഹം കഴിക്കേണ്ടിവന്നു. സഹോദരിയുടെ പെൺമക്കളെ പരിപാലിക്കാനായിരുന്നു കുടുംബത്തിന്‍റെ ആ തീരുമാനം.

ദിലീപ് കുമാറിനൊപ്പം മറ്റു ചില സിനിമകളിൽ കൂടി അവർ അഭിനയിച്ചു. ദിലീപ് കുമാർ താൻ ആദ്യമായി പ്രണയിച്ച സ്ത്രീ കാമിനിയാണെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. 1954ൽ ശരത് ചന്ദ്ര ചതോപാധ്യായയുടെ നോവലിനെ അടിസ്ഥാനമാക്കിയ ബിരാജ് ബാഹു എന്ന ചിത്രത്തിലെ അഭിനയത്തിന് കാമിനിയെ ഫിലിംഫെയർ അവാർഡും തേടിയെത്തി.

50കളുടെ അവസാനത്തോടെ ഒരു മുൻനിര നടി എന്ന നിലയിലുള്ള അവരുടെ കരിയർ അവസാനിച്ചിരുന്നു. പിന്നീട് അമ്മ വേഷങ്ങളാണ് കൂടുതലും കൈകാര്യം ചെയ്തത്. 2000ത്തോടെ സിനിമകൾ വളരെ കുറഞ്ഞു. 2022ൽ പുറത്തിറങ്ങിയ ലാൽ സിങ് ഛദ്ദ ആയിരുന്നു അവസാന ചിത്രം. ലാൽ സിങ് ഛദ്ദയിൽ അഭിനയിക്കുമ്പോൾ കാമിനി കൗശലിന് 95 വയസ്സായിരുന്നു.  

Tags:    
News Summary - Kamini Kaushal ; the Last Living Link to Pre-Independence Hindi Cinema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.