ബോളിവുഡ് താരങ്ങളായ കജോളും അജയ് ദേവ്ഗണും 26 വർഷത്തെ ദാമ്പത്യ ജീവിതം പൂർത്തിയാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ സന്തുഷ്ട ദാമ്പത്യത്തിന്‍റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് കജോൾ. ആഡംബരമായ ഡേറ്റ് നൈറ്റുകളോ നിരന്തരമായ റൊമാൻസുകളോ അല്ല, ഇതിലും വളരെ ലളിതമായ കാര്യമാണ് ദീർഘകാല ബന്ധത്തിന് പിന്നിലെന്ന് വിജയത്തിന് പിന്നിലെന്ന് താരം പറയുന്നു. മാഷബിൾ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് കജോൾ മനസ്സ് തുറന്നത്.
‘അജയും ഞാനും തികച്ചും വ്യത്യസ്തരാണ്. അങ്ങനെയല്ലായിരുന്നെങ്കിൽ ഇത്രയും വർഷം ഞങ്ങൾ ഒരുമിച്ച് ഉണ്ടാകുമായിരുന്നില്ല. വളരെ മുമ്പേ ഞങ്ങൾ വേർപിരിയുമായിരുന്നു. സന്തുഷ്ടകരമായ ദാമ്പത്യബന്ധത്തിന്‍റെ രഹസ്യം ഭാഗികമായ കേൾവിക്കുറവും തിരഞ്ഞെടുക്കാവുന്ന മറവിയുമാണ് എന്ന് ഞാൻ പലപ്പോഴും പറയാറുണ്ട്. നിങ്ങളുടെ പങ്കാളിയെക്കുറിച്ചുള്ള ചില കാര്യങ്ങൾ നിങ്ങൾ ശരിക്കും മറക്കണം. ചിലപ്പോൾ അവർ പറഞ്ഞ കാര്യങ്ങൾ കേൾക്കാതിരിക്കണം. ഇത് വളരെ പ്രധാനമാണ്.
ഞങ്ങൾക്ക് ഡേറ്റ് നൈറ്റുകളൊന്നും ഇല്ല. ഞങ്ങൾ അതൊന്നും ചെയ്യാറില്ല. ഞങ്ങൾ കൂടുതലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ശ്രമിക്കാറാണ് പതിവ്. കാരണം ഞങ്ങൾ ഒരുമിച്ച് വീട്ടിൽ സമയം ചെലവഴിക്കുന്നത് വളരെ വിരളമാണ്. ഒന്നുകിൽ അദ്ദേഹം ജോലിയിലോ യാത്രയിലോ ആയിരിക്കും. അല്ലെങ്കിൽ ഞാൻ ജോലിയിലോ യാത്രയിലോ ആയിരിക്കും. അതിനാൽ സമയം കിട്ടുമ്പോഴെല്ലാം എല്ലാവരുമായി വീട്ടിൽ കഴിയാൻ ഞങ്ങൾ ശ്രമിക്കും. ഡേറ്റ് നൈറ്റുകൾ എന്ന് പറയാൻ ഒന്നുമില്ലെന്നും കജോൾ കൂട്ടിച്ചേർത്തു. വർഷങ്ങൾക്കിപ്പുറം തങ്ങളുടെ ബന്ധം സുഹൃത്തുക്കളുടേത് പോലെയാണെന്നും കജോൾ പറഞ്ഞു. വിവാഹം കഴിഞ്ഞിട്ട് എത്ര വർഷങ്ങളായി, അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഞാൻ നാണിക്കും എന്ന് നിങ്ങൾ പ്രതീക്ഷിക്കരുത്.
വൈകാരികമായ സംയമനം അഥവാ ബോധപൂർവമായ വിട്ടുകൊടുക്കൽ ദീർഘകാല ബന്ധങ്ങളിൽ ശക്തമായ ഒരു ഘടകമാണ്. പങ്കാളികൾ ദേഷ്യത്തിന്‍റെ പുറത്ത് പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്ന കാര്യങ്ങൾ അവരുടെ ആഴത്തിലുള്ള ഉദ്ദേശ്യങ്ങളെ പ്രതിഫലിക്കണമെന്നില്ല. വിപരീത സ്വഭാവമുള്ളവർ ആകർഷിക്കുമ്പോൾ, സംഘർഷം സ്വാഭാവികമാണ്. എന്നാൽ, ആ വ്യത്യാസങ്ങളെ പരിഹരിക്കാൻ ശ്രമിക്കാതെ, അഭിനന്ദിക്കുക എന്നതാണ് പ്രധാനം. നിങ്ങളുടെ ആവശ്യങ്ങളും അതിരുകളും വ്യക്തമായി അറിയിക്കുകയും ഉറപ്പിക്കുകയും വേണമെന്ന് കജോൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.