ജുനൈദ് ഖാൻ
തങ്ങൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ കുട്ടികളെ ബാധിക്കാത്ത രീതിയിൽ മാതാപിതാക്കൾ മാതൃകാപരമായി പെരുമാറിയാൽ, വേർപിരിയലിന്റെ കയ്പേറിയ അനുഭവങ്ങളിൽ നിന്നും കുട്ടികളെ ഒരു പരിധി വരെ സംരക്ഷിക്കാൻ സാധിക്കുമെന്ന് തെളിയിക്കുകയാണ് ബോളിവുഡ് താരം ആമിർ ഖാന്റെ കുടുംബം. ഒരു ബ്ലെൻഡഡ് ഫാമിലിയിൽ വളർന്നുവന്ന തന്റെ അനുഭവങ്ങളെക്കുറിച്ചും, മാതാപിതാക്കളായ ആമിർ ഖാനും റീന ദത്തയും തങ്ങളുടെ വിവാഹമോചനത്തെ എത്രത്തോളം പക്വതയോടെയാണ് കൈകാര്യം ചെയ്തതെന്നും വ്യക്തമാക്കുകയാണ് മകൻ ജുനൈദ് ഖാൻ.
യൂട്യൂബർ വിക്കി ലൽവാനിയുമായുള്ള അഭിമുഖത്തിലാണ് ജുനൈദ് തന്റെ കുട്ടിക്കാലത്തെക്കുറിച്ച് മനസ്സ് തുറന്നത്. ‘രണ്ട് നല്ല വ്യക്തികൾ ഒരുമിച്ച് ജീവിക്കുമ്പോൾ അവർ എപ്പോഴും നല്ലൊരു ദമ്പതികൾ ആകണമെന്നില്ല. പരസ്പരം പൊരുത്തപ്പെടാനാകാതെ ഒരുമിച്ച് കഴിഞ്ഞ് എപ്പോഴും സങ്കടപ്പെട്ടിരിക്കുന്ന മാതാപിതാക്കൾക്ക് മുന്നിൽ വളരുന്നതിനേക്കാൾ നല്ലത്, വേർപിരിഞ്ഞാണെങ്കിലും സന്തോഷത്തോടെ ജീവിക്കുന്ന മാതാപിതാക്കൾ ഉണ്ടാകുന്നതാണ്’ -ജുനൈദ് ഖാൻ പറഞ്ഞു.
തനിക്ക് ഏഴോ എട്ടോ വയസ്സുള്ളപ്പോഴായിരുന്നു മാതാപിതാക്കളുടെ വേർപിരിയൽ. എന്നാൽ വളരുന്ന പ്രായത്തിലുടനീളം അവർക്കിടയിൽ പരസ്യമായ ഒരു തർക്കമോ വഴക്കോ താൻ കണ്ടിട്ടില്ലെന്ന് ജുനൈദ് ഓർക്കുന്നു. കുട്ടികളുടെ കാര്യങ്ങളിൽ അമ്മയും അച്ഛനും എപ്പോഴും ഒരേ നിലപാടിലായിരുന്നു. തനിക്ക് 19 വയസ്സുള്ളപ്പോഴാണ് അവർക്കിടയിൽ ഒരു കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന് ആദ്യമായി മനസ്സിലാക്കുന്നത്. അന്ന് ആമിർ ഖാൻ പ്രായം ചോദിച്ചപ്പോൾ, ‘ഇവന് 19 വയസ്സായി, ഞങ്ങൾ എല്ലാ കാര്യത്തിലും യോജിക്കുന്നവരല്ല എന്ന് അറിയാനുള്ള പ്രായം അവനായി’ എന്നായിരുന്നു റീന ദത്തയുടെ മറുപടി.
ആമിർ ഖാന്റെ മുൻ പങ്കാളി കിരൺ റാവുവിനെക്കുറിച്ചും നിലവിലെ പങ്കാളി ഗൗരി സ്പ്രാറ്റിനെക്കുറിച്ചും ജുനൈദ് സ്നേഹത്തോടെ സംസാരിച്ചു. മുതിർന്നവരെല്ലാം പക്വതയോടെ പെരുമാറിയതിനാൽ കുട്ടികളായ തങ്ങൾക്ക് കാര്യങ്ങൾ എളുപ്പമായെന്നും, എല്ലാവരും 100 മീറ്റർ ചുറ്റളവിലാണ് താമസിക്കുന്നതെന്നും ജുനൈദ് കൂട്ടിച്ചേർത്തു.
വേർപിരിയലിന് ശേഷമുള്ള ആരോഗ്യകരമായ 'കോ-പാരന്റിങ്' കുട്ടികളുടെ മാനസിക വളർച്ചയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് പ്രമുഖ സൈക്കോളജിസ്റ്റും കടബാംസ് ഹോസ്പിറ്റൽസ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ നേഹ കടബാം വ്യക്തമാക്കുന്നത് ഇങ്ങനെയാണ്. മാതാപിതാക്കൾ പരസ്പരം ബഹുമാനിക്കുകയും കുട്ടികളുടെ കാര്യത്തിൽ ഒറ്റക്കെട്ടായി തീരുമാനങ്ങൾ എടുക്കുകയും ചെയ്യുമ്പോൾ അത് കുട്ടികളിൽ സുരക്ഷിതത്വബോധം ഉണ്ടാക്കുന്നു. ഉയർന്ന തോതിലുള്ള തർക്കങ്ങൾ നിലനിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന കുറ്റബോധം, ഉത്കണ്ഠ, ആരുടേതെങ്കിലും ഒരു ഭാഗം ചേരണമെന്ന സമ്മർദം എന്നിവ ഇല്ലാതാക്കാൻ ഇത് സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.