റിയാദ്: ആഗോള വിനോദ വ്യവസായത്തിലെ ശ്രദ്ധേയമായ വേദിയായ ജോയ് ഫോറം 2025ൽ ബോളിവുഡിലെ എക്കാലത്തെയും വലിയ താരങ്ങളായ ഷാറൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവർ ഒരേ വേദിയിൽ ഒരുമിച്ചെത്തിയത് ചരിത്രമായി. റിയാദ് സീസൺ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഈ അപൂർവ സംഗമം ലോകമെമ്പാടുമുള്ള ആരാധകർക്ക് നവ്യാനുഭവമായി. മൂന്ന് പതിറ്റാണ്ടിലേറെയായി ബോളിവുഡ് സിനിമ ലോകത്തെ അടക്കിവാഴുന്ന സൂപ്പർ താരങ്ങൾ തങ്ങളുടെ സിനിമ ജീവിതത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും സാംസ്കാരിക ബന്ധങ്ങളെക്കുറിച്ചും സംസാരിച്ചത് വികാരനിർഭരമായ നിമിഷങ്ങൾക്ക് വേദിയൊരുക്കി.
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ശക്തമായ സാംസ്കാരിക ബന്ധത്തെക്കുറിച്ചായിരുന്നു ചർച്ചയിലെ പ്രധാന വിഷയം. സൗദി ജനതയും ഇന്ത്യൻ ജനതയും തമ്മിൽ അനേകം പൊതുവായ സവിശേഷതകൾ ഉണ്ടെന്ന് ആമിർ ഖാൻ ചൂണ്ടിക്കാട്ടി. ഇതിനോട് പ്രതികരിച്ച സൽമാൻ ഖാൻ, അമ്മയോടുള്ള സ്നേഹവും കുടുംബ ബന്ധങ്ങൾക്ക് നൽകുന്ന പ്രാധാന്യവുമാണ് ഇരു സംസ്കാരങ്ങളെയും ഒരുമിപ്പിച്ചുനിർത്തുന്ന ഏറ്റവും വലിയ ഘടകങ്ങളെന്ന് കൂട്ടിച്ചേർത്തു. നിരവധി ഇന്ത്യക്കാർക്ക് തൊഴിലവസരങ്ങൾ നൽകിയതിന് സൽമാൻ ഖാൻ സൗദി അറേബ്യയോട് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
താരപദവി ലഭിച്ചതിന് ദൈവത്തോട് എന്നും നന്ദിയുള്ളവരായിരിക്കണം എന്ന ചിന്തയാണ് സൽമാൻ ഖാൻ പങ്കുവെച്ചത്. പൊതുജനങ്ങളിൽ 99.9 ശതമാനം പേർക്ക് ഞങ്ങൾ ഭാഗ്യംകൊണ്ട് അനുഭവിച്ചറിയുന്ന 0.01 ശതമാനം പോലും ലഭിക്കുന്നില്ല. അതിനാൽ ഞങ്ങൾ ദൈവത്തോടും ജനങ്ങളോടും എപ്പോഴും കടപ്പെട്ടവരായിരിക്കണം- സൽമാൻ ഖാൻ പറഞ്ഞു. സൽമാൻ ഖാനെയും ആമിർ ഖാനെയും താൻ വളരെ ആദരവോടെയാണ് കാണുന്നതെന്നും അവരുടെ പ്രയത്നം പ്രചോദനാത്മകമാണെന്നും ഷാറൂഖ് ഖാൻ പറഞ്ഞു.
പുതിയ തലമുറയിലെ താരങ്ങളുടെ വളർച്ചയെക്കുറിച്ചും സാങ്കേതികവിദ്യയുടെ സ്വാധീനത്തെക്കുറിച്ചും മൂവരും തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു. തങ്ങളുടെ കാലഘട്ടത്തിൽ വലിയ ശബ്ദമുണ്ടാക്കുന്ന കാമറകൾക്ക് മുന്നിൽ അഭിനയിക്കുന്നത് പോലും ശ്രമകരമായിരുന്നു എന്ന് ഷാറൂഖും സൽമാനും ഓർത്തെടുത്തു. എന്നാൽ ഇന്നത്തെ തലമുറ എങ്ങും കാമറകൾ ഉള്ളതിനാൽ കാമറ കോൺഷ്യസല്ല. സാങ്കേതികവിദ്യയുടെ ഈ ലഭ്യത അഭിനയകലയെ എളുപ്പമാക്കി.
ഇന്നത്തെ തലമുറക്ക് അഭിനയത്തിന്റെ സാങ്കേതികവശത്തേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയും. പക്ഷേ, 'ആർട്ട്' (കല) ഇനിയും വളർത്തിയെടുക്കേണ്ട ഒന്നാണ്. പുതുതലമുറക്ക് എന്ത് ഉപദേശമാണ് നൽകാനുള്ളതെന്ന് ചോദിച്ചപ്പോൾ, ഞങ്ങൾ അവരിൽനിന്ന് പഠിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ആമിർ ഖാൻ മറുപടിപറഞ്ഞത്.
ആമിർ ഖാൻ തന്റെ പുസ്തകങ്ങളോടുള്ള ഇഷ്ടത്തെക്കുറിച്ച് സംസാരിച്ചു. വായന നൽകുന്ന അറിവും വിശാലമായ കാഴ്ചപ്പാടുകളും ഒരു കലാകാരന് പ്രധാനമാണ്. ഷാറൂഖ് ഖാനാകട്ടെ, തന്റെ കുട്ടികളോടുള്ള വാത്സല്യത്തെയും കുടുംബബന്ധങ്ങൾക്കും വ്യക്തിപരമായ സന്തോഷങ്ങൾക്കും നൽകുന്ന പ്രാധാന്യത്തെയും കുറിച്ച് സംസാരിച്ചു.
സിനിമകളിലെ നായകന്റെ ദൗത്യത്തെക്കുറിച്ച് സംസാരിച്ച സൽമാൻ ഖാൻ ഒരു സിനിമ കണ്ട് പുറത്തിറങ്ങുന്ന പ്രേക്ഷകർക്ക് കുറഞ്ഞത് 25 ശതമാനമെങ്കിലും മെച്ചപ്പെട്ട വ്യക്തിയായി തോന്നണം എന്ന് കൂട്ടിച്ചേർത്തു. ഒരുമിച്ച് ഒരു സിനിമ ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ട് ഷാറൂഖ് ഖാന്റെ മറുപടി ‘അത് ഒരു സ്വപ്നം സാക്ഷാത്കരിക്കുന്നതിന് തുല്യമായിരിക്കും’ എന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.