'കഴിയുമെങ്കിൽ നേരത്തെ വരൂ...', അമിതാഭ് ബച്ചന് ടിഫിൻ ബോക്സിൽ കത്തുകൾ എഴുതിവെച്ചിരുന്ന ജയ ബച്ചൻ

അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും വിവാഹവും തുടർന്നുള്ള ജീവിതവും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ ജയ ബച്ചന്റെ ശ്രദ്ധേയമായ കരിയറും വിജയത്തിന്റെ ഉന്നതിയിൽ അവർ ചെയ്ത വ്യക്തിപരമായ ത്യാഗങ്ങളും വളരെ കുറച്ച് മാത്രമേ എഴുതപ്പെട്ടിട്ടുള്ളു. സിനിമകളിൽ നിന്ന് മാറിനിൽക്കാൻ താൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെങ്കിലും കുട്ടികൾ ഉണ്ടായതിനുശേഷം അവർ അങ്ങനെ ചെയ്തു എന്നാണ് അമിതാഭ് ബച്ചൻ പറയുന്നത്. അമിതാഭിന്റെ കരിയർ കുതിച്ചുയരുന്ന അതേ ഘട്ടത്തിലായിരുന്നു അത് എന്നതും ശ്രദ്ധേയമാണ്.

ഹിന്ദി റഷ് പോഡ്‌കാസ്റ്റിന് നൽകിയ ഒരു അഭിമുഖത്തിൽ, അമിതാഭ് ബച്ചനെക്കുറിച്ചും ജയ ബച്ചനെക്കുറിച്ചും സംസാരിക്കുകയാണ് മുതിർന്ന പത്രപ്രവർത്തക പൂജ സാമന്ത്. 'എന്റെ മാതാപിതാക്കളോട് ഞാൻ നന്ദിയുള്ളവനാണ്. കാരണം അവർ കാരണമാണ് ഞാൻ ഇന്നത്തെ നിലയിൽ എത്തിയത്. ജയയോടും ഞാൻ നന്ദിയുള്ളവനാണ്. ഞാൻ രാവും പകലും ജോലി ചെയ്തപ്പോൾ, തന്റെ കരിയർ ഉപേക്ഷിച്ച് ഞങ്ങളുടെ രണ്ട് കുട്ടികളെയും നന്നായി വളർത്തി. അവരിൽ ശക്തമായ മൂല്യങ്ങൾ വളർത്തിയത് അവരാണ്,' -അമിതാഭ് ബച്ചന്‍റെ വാക്കുകൾ പൂജ സാമന്ത് ഓർമിച്ചു.

എന്തെങ്കിലും പ്രധാനപ്പെട്ട കാര്യം വരുമ്പോഴെല്ലാം, ജയ ഒരു കുറിപ്പ് എഴുതി ടിഫിനിൽ വെച്ചാണ് അമിതാഭ് ബച്ചനെ അറിയിച്ചിരുന്നത്. ‘കഴിയുമെങ്കിൽ നേരത്തെ വരൂ, അഭിഷേകിന് സുഖമില്ല,’ ‘നിങ്ങൾ അവന്റെ സ്കൂളിൽ പോകണം’ എന്നിങ്ങനെ ആവും മിക്ക കുറിപ്പുകളുമെന്ന് പൂജ സാമന്ത് പറഞ്ഞു. ജയ ഒരു അസാധാരണ നടിയാണ്. സ്ഥിരമായി ജോലി തുടർന്നിരുന്നെങ്കിൽ, അവൾ കൂടുതൽ ഉയരങ്ങളിലെത്തുമായിരുന്നു എന്നും പൂജ അഭിപ്രായപ്പെട്ടു. ഇന്ന് അവർ അറിയപ്പെടുന്നില്ല എന്നല്ല, പക്ഷേ അമിതാഭിന് കരിയറിനായി തന്റെ എല്ലാം നൽകാൻ കഴിയുന്ന തരത്തിൽ അവർ കാര്യങ്ങൾ എളുപ്പമാക്കിയെന്ന് പൂജ പറഞ്ഞു.

1973ലാണ് ജയ അമിതാഭ് ബച്ചനെ വിവാഹം കഴിക്കുന്നത്. 1974ൽ ശ്വേതയും 1976ൽ അഭിഷേകും ജനിച്ചു. താമസിയാതെ, കുട്ടികളെ വളർത്തുന്നതിനായി ജയ അഭിനയത്തിൽ നിന്ന് പിന്മാറി. ഈയിടെ, കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ സംസാരിക്കവെ ജയ ബച്ചന്‍റെ ദേഷ്യത്തെക്കുറിച്ച് അഭിഷേകും ശ്വേതയും സംസാരിച്ചിരുന്നു. ജയക്ക് ഒരു തരത്തിലുള്ള ദേഷ്യ പ്രശ്‌നവുമില്ലെന്ന് അവർ വ്യക്തമാക്കി. ജയ ബച്ചന് ക്ലസ്‌ട്രോഫോബിയ ഉണ്ടെന്ന് അവർ പറഞ്ഞു. ചുറ്റും ധാരാളം ആളുകൾ ഉള്ളപ്പോൾ അവർ ക്ലസ്‌ട്രോഫോബിയ അനുഭവിക്കുന്നു. ആളുകൾ തന്നോട് ചോദിക്കാതെ തന്റെ ചിത്രങ്ങൾ എടുക്കുന്നതും ജയ ബച്ചന് ഇഷ്ടമല്ലെന്നും അവർ പറഞ്ഞു. കുടുംബം ഒരുമിച്ച് പുറത്തിറങ്ങുമ്പോഴെല്ലാം, മാധ്യമങ്ങള്‍ ഉണ്ടാകരുതെന്ന് അവര്‍ നിശബ്ദമായി പ്രാർഥിക്കാറുണ്ടെന്നും അഭിഷേക് പറഞ്ഞിരുന്നു.   

Tags:    
News Summary - Jaya Bachchan would send letters in Amitabh Bachchan’s tiffin box

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.