വിജയ്
വിജയിയുടെ അവസാന ചിത്രമെന്ന നിലയിൽ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന 'ജനനായകൻ' എന്ന ചിത്രത്തിന്റെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ എഡിറ്റർ പ്രദീപ് ഇ. രാഘവിനെതിരെ നടപടി. സൗത്ത് ഇന്ത്യൻ ഫിലിം എഡിറ്റേഴ്സ് അസോസിയേഷൻ (SIFEA) ആണ് പ്രദീപിനെ താൽക്കാലികമായി സസ്പെൻഡ് ചെയ്തത്. ചിത്രത്തിന്റെ ചോർച്ചയിൽ എഡിറ്റർക്ക് നേരിട്ട് പങ്കില്ലെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ജാഗ്രതക്കുറവാണ് ദൃശ്യങ്ങൾ പുറത്തുപോകാൻ കാരണമായതെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമിറ്റിക്ക് മുന്നിൽ പ്രദീപ് തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സമ്മതിച്ചിട്ടുണ്ട്. ‘ഈ സാഹചര്യം തുടർന്നാൽ ചലച്ചിത്ര മേഖല തന്നെ പ്രതിസന്ധിയിലാകും. ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണ്’ SIFEA പ്രസ്താവനയിൽ വ്യക്തമാക്കി. അസോസിയേഷൻ നിയമങ്ങൾ ലംഘിച്ച് അംഗങ്ങളല്ലാത്ത അസിസ്റ്റന്റുമാരെ ജോലിക്ക് വെച്ചതും പ്രദീപിനെതിരെയുള്ള നടപടിക്ക് കാരണമായി.
തമിഴ്‌നാട് സൈബർ ക്രൈം വിങ് നടത്തിയ അന്വേഷണത്തിൽ ഒരു ഫ്രീലാൻസ് അസിസ്റ്റന്റ് എഡിറ്റർ ഉൾപ്പെടെ മൂന്ന് പേരെ കൂടി അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു സിനിമയുടെ ജോലിക്ക് എത്തിയ ഇയാൾ എഡിറ്റിങ് സ്റ്റുഡിയോയിൽ നിന്ന് അനധികൃതമായി 'ജനനായകൻ' ദൃശ്യങ്ങൾ കൈക്കലാക്കുകയായിരുന്നു എന്നാണ് വിവരം. ഇത്തരത്തിൽ ശേഖരിച്ച ദൃശ്യങ്ങൾ കോർത്തിണക്കി ഒരു പൂർണ്ണ രൂപമുണ്ടാക്കി ഇയാൾ മറ്റുള്ളവർക്ക് പങ്കുവെച്ചു. ഇത് പിന്നീട് സമൂഹമാധ്യമങ്ങളിലും പൈറസി വെബ്‌സൈറ്റുകളിലും വൈറലാവുകയായിരുന്നു. കേസിൽ ഇതുവരെ ആകെ ഒമ്പത് പേർ അറസ്റ്റിലായിട്ടുണ്ട്.
ഏപ്രിൽ ഒൻപതിനാണ് സിനിമയുടെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചത്. വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള അവസാന ചിത്രം എന്ന നിലയിൽ വലിയ ഹൈപ്പിലുള്ള സിനിമക്ക് ഈ ചോർച്ച വലിയ തിരിച്ചടിയായി. നിർമാണ കമ്പനിയായ കെ.വി.എൻ പ്രൊഡക്ഷൻസ് ഇതിനകം തന്നെ കർശന നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ്.
സിനിമയുടെ ക്ലിപ്പുകളോ ചിത്രങ്ങളോ ഡൗൺലോഡ് ചെയ്യുന്നതും പങ്കുവെക്കുന്നതും നിയമവിരുദ്ധമാണെന്നും അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നിർമാതാക്കളുടെ ലീഗൽ ടീം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.