ഇഷാൻ ഖട്ടർ
ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയാണ് നീരജ് ഗയ്‌വാന്‍ സംവിധാനം ചെയ്ത ഹോംബൗണ്ട്. ഇഷാൻ ഖട്ടർ, വിശാൽ ജേത്വ, ജാൻവി കപൂർ എന്നിവർ അഭിനയിച്ച ചിത്രത്തിന് 11 മാറ്റങ്ങൾ വരുത്തിയ ശേഷമാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സി.ബി.എഫ്.സി) റിലീസ് ചെയ്യാൻ അനുമതി നൽകിയത്. ഇപ്പോഴിതാ, സൂമിന് നൽകിയ അഭിമുഖത്തിൽ സെൻസർഷിപ്പിനെക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കുവെച്ചിരിക്കുകയാണ് ഇഷാൻ ഖട്ടർ.
'ഞാൻ നേരിട്ട് ഈ പ്രക്രിയയിൽ ഉൾപ്പെട്ടിരുന്നില്ല. അതിനാൽ തെറ്റായ ഒരു വീക്ഷണം നൽകാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഒരു കലാകാരനെന്ന നിലയിൽ, മാറ്റങ്ങൾ വരുത്തുമ്പോൾ അത് ബുദ്ധിമുട്ടാണ്. നിങ്ങളുടെ സിനിമയുടെ കാഴ്ചപ്പാടിന് ചിലപ്പോൾ വഴിതെറ്റുകയോ മാറ്റം വരുരുകയോ ചെയ്യും. തീർചയായും, ബോർഡിന് അതിന്റേതായ ബാരോമീറ്റർ ഉണ്ട്. സർട്ടിഫിക്കേഷൻ പ്രധാനമാണ്. പക്ഷേ മാനദണ്ഡങ്ങളും ബാരോമീറ്ററുകളും എന്തൊക്കെയാണ് എന്നതാണ് ചോദ്യം?' -ഇഷാൻ ഖട്ടർ പറഞ്ഞു.
'വ്യത്യസ്ത സിനിമകളെ പലപ്പോഴും വ്യത്യസ്ത മാനദണ്ഡങ്ങളോടെയാണ് കാണുന്നത്. സംശയാസ്പദമായ ഉള്ളടക്കം ഉണ്ടെങ്കിലും ചിലതിന് ഇളവ് ലഭിക്കുന്നു മറ്റു ചിലത്, പ്രത്യേകിച്ച് ഒരു പ്രത്യേക കാഴ്ചപ്പാട് വാഗ്ദാനം ചെയ്യുന്ന സാമൂഹിക സിനിമകൾ, കൂടുതൽ സൂക്ഷ്മമായി പരിശോധിക്കപ്പെടുന്നു. കലാകാരന്മാർ എന്ന നിലയിലും പ്രേക്ഷകർ എന്ന നിലയിലും, വ്യത്യസ്ത അഭിപ്രായങ്ങളെ തുല്യമായി പരിഗണിക്കുന്ന സമീപനത്തെയാണ് അഭിനന്ദിക്കുന്നത്' -ഇഷാൻ ഖട്ടർ കൂട്ടിച്ചേർത്തു.
ബോളിവുഡ് ഹംഗാമയുടെ റിപ്പോർട്ട് പ്രകാരം, സി.ബി.എഫ്.സി കമ്മിറ്റി ചിത്രത്തിന് നിരവധി എതിർപ്പുകളാണ് ഉന്നയിച്ചത്. സെപ്റ്റംബർ 12ന് യു/എ 16+ സർട്ടിഫിക്കറ്റ് നൽകി. പക്ഷേ മാറ്റങ്ങൾ വരുത്തിയതിന് ശേഷമാണ് സർട്ടിഫിക്കറ്റ് നൽകാൻ തയാറായത്. ആറ് സ്ഥലങ്ങളിൽ വാക്കുകൾ നിശബ്ദമാക്കുകയോ മാറ്റുകയോ ചെയ്യുക, അഞ്ച് സെക്കൻഡ് ദൈർഘ്യമുള്ള ഒരു സംഭാഷണം നീക്കം ചെയ്യുക, പൂജ നടത്തുന്ന വ്യക്തിയുടെ രണ്ട് സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം ഇല്ലാതാക്കുക എന്നിവയാണ് നിർദേശിച്ച മറ്റ് ചില മാറ്റങ്ങൾ.
അതേസമയം, കാൻസ് ചലച്ചിത്രമേളയിൽ ആദ്യം പ്രദർശിപ്പിച്ച ചിത്രം പിന്നാലെ ടൊറന്‍റോ ഇന്‍റർനാഷനൽ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിക്കപ്പെട്ടു. തിയറ്റർ പ്രദർശനത്തിന് ശേഷം നെറ്റ്ഫ്ലിക്സിൽ ഹോംബൗണ്ട് സ്ട്രീമിങ്ങിനായി ലഭ്യമാകുമെന്ന് ഒ.ടി.ടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു. സാധാരണയായി, തിയറ്ററിൽ എത്തി ഏകദേശം എട്ട് ആഴ്ചകൾക്ക് ശേഷമാണ് സിനിമകൾ ഒ.ടി.ടിയിൽ എത്തുന്നത്. അതിനാൽ നവംബറിൽ ഹോംബൗണ്ട് ഓൺലൈനിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉത്തരേന്ത്യൻ ഗ്രാമത്തിൽ നിന്നുള്ള രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ കഥയാണ് ഹോംബൗണ്ട് പറയുന്നത്. പൊലീസ് ഓഫിസർമാരാകുക എന്നതാണ് അവരുടെ സ്വപ്നം. ദി ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച 'ടേക്കിങ് അമൃത് ഹോം' എന്ന ലേഖനമാണ് സിനിമക്ക് പ്രചോദനമായത്. ചിത്രത്തിലെ ചന്ദൻ കുമാർ, മുഹമ്മദ് ഷുഹൈബ് അലി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഇഷാൻ ഖട്ടറും വിശാൽ ജേത്വയുമാണ്. ജാതി-മത വിവേചനങ്ങൾ നേരിടുന്ന ഇന്ത്യൻ യുവാക്കളുടെ കഥയാണ് ‘ഹോംബൗണ്ട്’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.