റൊണാൾഡോയും വിൻ ഡീസലും
ക്രിസ്റ്റ്യാനോ റൊണാൾഡോ ഉടൻ തന്നെ ഹോളിവുഡിലെ ഏറ്റവും വലിയ ആക്ഷൻ ഫ്രാഞ്ചൈസികളിലൊന്നിലേക്ക് കടന്നേക്കും. പോർച്ചുഗീസ് ഇതിഹാസത്തിനായി 'ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്' ലോകത്തിൽ ഒരു കഥാപാത്രത്തെ എഴുതിച്ചേർത്തിട്ടുണ്ട് എന്ന് നടൻ വിൻ ഡീസൽ വെളിപ്പെടുത്തി. ഈ നീണ്ട സീരീസ് അതിന്റെ അവസാന ഭാഗത്തേക്ക് കടക്കുമ്പോൾ റൊണാൾഡോയുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ചുള്ള വലിയ ഊഹാപോഹങ്ങൾക്ക് ഇത് തിരികൊളുത്തിയിരിക്കുകയാണ്. റൊണാൾഡോ ആരാധകരും ഇക്കാര്യത്തിൽ ആവേശത്തിലാണ്. ഔദ്യോഗിക കാസ്റ്റിങ് പ്രഖ്യാപനങ്ങളൊന്നും നടന്നിട്ടില്ലെങ്കിലും ഇത് വെറും ഊഹങ്ങളല്ലെന്ന് നടനും നിർമാതാവുമായ ഡീസലിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു.
ഇൻസ്റ്റാഗ്രാമിൽ വിൻ ഡീസലും റൊണാൾഡോയും തംബ്സ് അപ്പ് കാണിച്ച് നിൽക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വിൻ ആവേശം വർധിപ്പിച്ചത്. ‘അവനെ ഫാസ്റ്റ് മിത്തോളജിയിൽ ഉൾപ്പെടുത്തുമോ എന്ന് എല്ലാവരും ചോദിച്ചു. ഞങ്ങൾ അവനുവേണ്ടി ഒരു കഥാപാത്രത്തെ എഴുതിയിട്ടുണ്ട്’-വിൻ ഡീസൽ കുറിച്ചു. ഈ പോസ്റ്റിൽ തുടക്കത്തിൽ 'ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്' ലോകവുമായി ബന്ധപ്പെട്ട ഒരു ഷോർട്ട് ഫിലിമായ 'ലോസ് ബാൻഡൊലെറോസി'നെക്കുറിച്ച് സൂചിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് ആ പരാമർശങ്ങൾ നീക്കം ചെയ്തു. ഈ മാറ്റം റൊണാൾഡോയുടെ പങ്ക് ഒരു സൈഡ് പ്രോജക്റ്റിന് വേണ്ടിയാണോ അതോ ഭാവിയിലെ പ്രധാന ഫീച്ചർ ഫിലിമിന് വേണ്ടിയാണോ എന്ന ആകാംഷ വർധിപ്പിക്കുന്നുണ്ട്.
മുമ്പ് ഒരു ഫീച്ചർ ഫിലിമിലും അഭിനയിച്ചിട്ടില്ലെങ്കിലും, കായികരംഗത്തിനപ്പുറം വിനോദ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതിൽ റൊണാൾഡോ നേരത്തെ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇത് സ്ഥിരീകരിക്കുകയാണെങ്കിൽ, സമീപ വർഷങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ കായികതാരം-നടൻ ക്രോസ്ഓവറുകളിൽ ഒന്നായിരിക്കും ഇത്. വേഗത, കായികക്ഷമത, സാഹസികത എന്നിവക്ക് ഊന്നൽ നൽകുന്ന ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ഫ്രാഞ്ചൈസി റൊണാൾഡോയുടെ ആഗോള ബ്രാൻഡിനും പ്രതിച്ഛായക്കും ചേരുന്ന ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ഈ കഥാപാത്രം ഒരു കാമിയോ ആണോ അതോ കൂടുതൽ പ്രാധാന്യമുള്ള കഥാപാത്രമാണോ എന്നത് വ്യക്തമല്ല.
ഫാസ്റ്റ് എക്സ്: പാർട്ട് 2 ഫ്രാഞ്ചൈസിയുടെ അവസാന അധ്യായമായിരിക്കുമെന്ന് ഡീസൽ പലതവണ പറഞ്ഞിട്ടുണ്ട്. ഏപ്രിൽ 2027ൽ റിലീസ് ചെയ്യനാണ് യൂണിവേഴ്സൽ സ്റ്റുഡിയോസ് ലക്ഷ്യമിടുന്നത്. ഈ വർഷം ആദ്യം ഫ്യൂവൽ ഫെസ്റ്റിൽ സംസാരിച്ച ഡീസൽ ആരാധകരുടെ പ്രതികരണങ്ങൾക്കനുസരിച്ചുള്ള ചില വ്യവസ്ഥകളോടെയാണ് തീയതി അംഗീകരിച്ചതെന്ന് പറഞ്ഞു. ഡൊമിനിക് ടൊറെറ്റോ എന്ന തന്‍റെ കഥാപാത്രവും അന്തരിച്ച പോൾ വാക്കർ അവതരിപ്പിച്ച ബ്രയാൻ ഓ കോണർ എന്ന കഥാപാത്രവും വീണ്ടും ഒന്നിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ഡീസലിന്‍റെ വെളിപ്പെടുത്തലാണ് ഏറ്റവും ശ്രദ്ധേയമായത്.
‘ഡോമിനെയും ബ്രയാൻ ഓകോണറിനെയും വീണ്ടും ഒരുമിപ്പിക്കും. അവസാന ഭാഗത്ത് നിങ്ങൾക്ക് അത് ലഭിക്കും’ എന്നാണ് വിൻ പറഞ്ഞത്. പോൾ വാക്കർ 2013 നവംബർ 30ന് ഒരു കാർ അപകടത്തിലാണ് മരണമടഞ്ഞത്. 2015ലെ ഫാസ്റ്റ് & ഫ്യൂരിയസ് 7ൽ, സി.ജി.ഐ, വിഷ്വൽ എഫക്റ്റുകൾ, ബോഡി ഡബിളുകൾ എന്നിവ ഉപയോഗിച്ച് അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന് വൈകാരികമായ വിട നൽകിയിരുന്നു. ബ്രയാൻ ഓ കോണർ എങ്ങനെ തിരിച്ചെത്തുമെന്നത് വ്യക്തമല്ല. ഡിജിറ്റൽ സാങ്കേതികവിദ്യയെ ആശ്രയിച്ചായിരിക്കും ഈ രംഗമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്കറിന്‍റെ മകൾ മീഡോ വാക്കർ 2023ലെ 'ഫാസ്റ്റ് എക്സി'ൽ കാമിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. റൊണാൾഡോയുടെ റോളിനെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനും ബ്രയാൻ ഓ കോണറിന്‍റെ തിരിച്ചുവരവുമാണ് പ്രേക്ഷകർ ഇപ്പോൾ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.