ആൻ ഹാതവേ
ലോസ് ഏഞ്ചൽസ്: പ്രശസ്ത അമേരിക്കൻ സിനിമാ മാസികയായ 'പീപ്പിൾ' (People Magazine) പുറത്തിറക്കിയ 2026ലെ പട്ടികയിൽ ലോകത്തെ ഏറ്റവും മനോഹരമായ താരമായി ആൻ ഹാതവേ തിരഞ്ഞെടുക്കപ്പെട്ടു. തന്റെ 40കളിൽ എത്തിനിൽക്കുമ്പോഴും പ്രഭാവം ഒട്ടും ചോരാതെ ജനപ്രിയ സംസ്കാരത്തിൽ ഹാതവേ തന്റേതായ ഇടം ഉറപ്പിച്ചിരിക്കുകയാണ്. അംഗീകാരത്തിന്റെ പശ്ചാത്തലത്തിൽ മാഗസിന് നൽകിയ അഭിമുഖത്തിൽ സൗന്ദര്യം, പ്രായമാകൽ, ജീവിതാനുഭവങ്ങൾ എന്നിവയെക്കുറിച്ച് താരം തുറന്നുസംസാരിച്ചു.
സൗന്ദര്യത്തെ എങ്ങനെ നിർവചിക്കുന്നു എന്ന ചോദ്യത്തിന് ഒരു സംവിധായകൻ തനിക്ക് നൽകിയ ഉപദേശമാണ് ആൻ പങ്കുവെച്ചത്. ‘സത്യം ഉൾക്കൊള്ളുന്നുണ്ടെങ്കിൽ സൗന്ദര്യത്തിൽ വൈരൂപ്യത്തിനും സ്ഥാനമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം സൗന്ദര്യം എപ്പോഴും ആ ഒരു നിലപാടിലാണ് നിൽക്കുന്നത്’ താരം പറഞ്ഞു. താൻ പിന്തുടരുന്ന ചില പ്രായോഗികമായ കാര്യങ്ങളും ആൻ ഹാതവേ വെളിപ്പെടുത്തി.
ഫോട്ടോകളിലും വിഡിയോകളിലും ഏറ്റവും പ്രധാനം വെളിച്ചമാണ്. പ്രായമാകുന്തോറും കൂടുതൽ ബുദ്ധിപരമായ ലൈറ്റിങ് ആവശ്യമാണെന്ന് ഹാതവേ തമാശയോടെ പറഞ്ഞു. എപ്പോഴും പ്രകാശത്തിന് അനുസൃതമായി നിൽക്കാൻ ശ്രദ്ധിക്കണമെന്നും താരം നിർദേശിക്കുന്നു. ജോർജിയ ലൂയിസ് സ്കൾപ്റ്റിങ് ഫേഷ്യലുകളും മസാജുകളും താൻ ഇഷ്ടപ്പെടുന്നുണ്ടെന്ന് ആൻ പറഞ്ഞു. കാമറക്ക് മുന്നിലായാലും റെഡ് കാർപെറ്റിലായാലും അമിതമായി പ്രതികരിക്കാതെ ശാന്തതയും നിശ്ചലതയും പാലിക്കുന്നത് നല്ല ചിത്രങ്ങൾ ലഭിക്കാൻ സഹായിക്കുമെന്ന് താരം കൂട്ടിച്ചേർത്തു.
‘40കളിൽ എത്തുമ്പോൾ നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ എങ്ങനെയാണ് ജീവിതത്തെ ബാധിക്കുന്നതെന്ന് വിലയിരുത്താൻ അവസരം ലഭിക്കും. പണ്ട് ഓരോ ഉയർച്ച താഴ്ചകളും എന്നെ വല്ലാതെ ബാധിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ കൂടുതൽ ശാന്തത ആഗ്രഹിക്കുന്നു. അത് കഠിനാധ്വാനത്തിലൂടെ നേടിയെടുത്തതാണ്. ഇനിയും വരാനിരിക്കുന്നതിനെക്കുറിച്ച് എനിക്കറിയില്ല, അത് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞാൻ’ വാർധക്യത്തെയും 40കളിലെ ജീവിതത്തെയും കുറിച്ച് താരം പറഞ്ഞത് ഇങ്ങനെയാണ്. അതേസമയം മെറിൽ സ്ട്രീപ്പിനും എമിലി ബ്ലണ്ടിനുമൊപ്പം ആൻ ഹാതവേ വീണ്ടും ഒന്നിക്കുന്ന 'ദി ഡെവിൾ വിയേഴ്സ് പ്രാഡ 2' വിനായി ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.