'എനിക്ക് ആവശ്യമുള്ളപ്പോഴെല്ലാം അദ്ദേഹം കൂടെയുണ്ടായിരുന്നു, നിരന്തരമായ പിന്തുണയും സാന്നിധ്യവും ഇനി നഷ്ടമാകും' -പങ്കജ് ധീറിനെക്കുറിച്ച് ഹേമ മാലിനി

ക്ലാസിക് ടെലിവിഷൻ പരമ്പരയായ മഹാഭാരതത്തിലെ കർണന്റെ കഥാപാത്രത്തിലൂടെ പ്രശസ്തനായ മുതിർന്ന നടൻ പങ്കജ് ധീർ കഴിഞ്ഞ ദിവസമാണ് വിട വാങ്ങിയത്. ദീർഘകാലമായി കാൻസറുമായി പോരാടുകയായിരുന്നു അദ്ദേഹം. നടന്റെ വിയോഗം ആരാധകരെയും സഹപ്രവർത്തകരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. സിനിമ, ടെലിവിഷൻ ലോകത്തെ നിരവധി സുഹൃത്തുക്കൾ ധീറിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. നടി ഹേമ മാലിനിയും നടന്‍റെ വിയോഗത്തിൽ വൈകാരിക കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

'ഇന്ന് എനിക്ക് വളരെ പ്രിയപ്പെട്ട ഒരു സുഹൃത്തിനെ നഷ്ടപ്പെട്ടു. ഞാൻ പൂർണമായും തകർന്നുപോയി. മഹാഭാരതത്തിലെ കർണന്റെ വേഷത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ പ്രതിഭാധനനായ നടൻ പങ്കജ് ധീർ മരണപ്പെട്ടു. കാൻസറുമായുള്ള കഠിനമായ പോരാട്ടത്തിന് ശേഷമാണ് അദ്ദേഹം മരിച്ചത്. അതിനെ മറികടക്കാൻ അദ്ദേഹം ദൃഢനിശ്ചയമെടുത്തിരുന്നു. അദ്ദേഹം എപ്പോഴും എന്നെ പിന്തുണച്ചു. ഞാൻ ഏറ്റെടുക്കുന്ന കാര്യങ്ങളിൽ എന്നെ പ്രോത്സാഹിപ്പിച്ചു. എനിക്ക് അദ്ദേഹത്തെ ആവശ്യമുള്ളപ്പോഴെല്ലാം എന്റെ കൂടെയുണ്ടായിരുന്നു. എന്റെ ജീവിതത്തിലെ അദ്ദേഹത്തിന്റെ നിരന്തരമായ പിന്തുണയും സാന്നിധ്യവും ഇനി നഷ്ടമാകും. അദ്ദേഹത്തിന്റെ ജീവിതത്തിലെ വെളിച്ചമായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ അനിതയെ ഓർത്ത് എന്റെ ഹൃദയം വേദനിക്കുന്നു' -ഹേമ മാലിനി എഴുതി.

അതേസമയം, സനം ബേവഫ', 'ബാദ്ഷാ' തുടങ്ങിയ നിരവധി സിനിമകളിലും 'ചന്ദ്രകാന്ത', 'സസുരൽ സിമർ കാ' തുടങ്ങിയ ടി.വി ഷോകളിലും പങ്കജ് ധീർ അഭിനയിച്ചിട്ടുണ്ട്. 'മൈ ഫാദർ ഗോഡ്ഫാദർ' എന്ന പേരിൽ ഒരു സിനിമ സംവിധാനം ചെയ്യുകയും ചെയ്തു. അഭിനയ് ആക്ടിങ് അക്കാദമി എന്ന് ഒരു അക്കാദമിയും അദ്ദേഹം സ്ഥാപിച്ചു. തന്റെ കഥാപാത്രമായ കർണന്റെ പ്രേക്ഷകർക്കിടയിൽ ഉണ്ടായിരുന്ന ജനപ്രീതിയെക്കുറിച്ച് അദ്ദേഹം മുമ്പ് പറഞ്ഞിട്ടുണ്ട്.

തന്റെ പേരിൽ പ്രതിമകൾ നിർമിക്കുന്നുണ്ടെന്നും, കർണനായി പണിയുന്ന ക്ഷേത്രങ്ങളിലെ പ്രതിമക്ക് തന്‍റെ രൂപമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പഞ്ചാബിൽ നിന്നുള്ള പങ്കജ് ധീർ, ബഹു ബേട്ടി, സിന്ദഗി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത സി.എൽ. ധീറിന്‍റെ മകനാണ്. പങ്കജ് ധീറിന്‍റെ മകൻ നികിതിൻ ധീറും നടനാണ്. ചെന്നൈ എക്സ്പ്രസ്, ജോധാ അക്ബർ, സൂര്യവംശി തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.  

Tags:    
News Summary - Hema Malini pays emotional tribute to Mahabharat actor Pankaj Dheer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.