ബോളിവുഡ് നടൻ ധർമേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത കഴിഞ്ഞ പുറത്തുവന്നിരുന്നു. അദ്ദേഹത്തെ പതിവ് പരിശോധനക്കായാണ് മുംബൈയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആശുപത്രി വാസം നീട്ടിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
നടന്‍റെ ആരോഗ്യനിലയെക്കുറിച്ച് ഭാര്യയും നടിയുമായ ഹേമമാലിനി മാധ്യമങ്ങളോട് സംസാരിച്ചിരിക്കുകയാണ് ഇപ്പോൾ. മുംബൈ വിമാനത്താവളത്തിൽ വെച്ചാണ് ഹേമ മാലിനി പ്രതികരിച്ചത്. ധർമേന്ദ്രയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് 'ഓകെ' എന്നായിരുന്നു മറുപടി. കൂപ്പുകൈകളോടെ ദൈവത്തിന് നന്ദി പറഞ്ഞ ആംഗ്യത്തോടെ, ധർമേന്ദ്ര സുഖമായിരിക്കുന്നുവെന്ന് ഹേമ സ്ഥിരീകരിച്ചു.
89 വയസ്സുള്ള ധർമേന്ദ്രയെ ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ചയാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. ഫലങ്ങൾ വരാൻ കുറച്ച് സമയമെടുക്കുമെന്നതിനാൽ, പതിവ് പരിശോധനകൾ ശരിയായി നടത്തുന്നത് വരെ അദ്ദേഹം അവിടെ തങ്ങുന്നതാണ് നല്ലതെന്ന് കുടുംബം തീരുമാനിച്ചു എന്നാണ് വിവരം. ഈ വർഷം ഏപ്രിലിൽ ധർമേന്ദ്ര നേത്ര ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ആശുപത്രിയിൽ നിന്ന് പോകുന്ന സമയത്ത് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. താൻ ഇപ്പോഴും 'വളരെ ശക്തനാണ്' എന്നാണ് അദ്ദേഹം പറഞ്ഞത്.
ഷാഹിദ് കപൂർ-കൃതി സനോൺ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ചിത്രമായ 'തേരി ബാതോം മേം ഐസ ഉൽജാ ജിയ' ആണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം. പരം വീര ചക്ര ജേതാവ് അരുൺ ഖേതർപാലിന്റെ ജീവിതത്തെ ആസ്പദമാക്കി ശ്രീറാം രാഘവൻ ഒരുക്കുന്ന 'ഇക്കിസ്' ആണ് അടുത്ത ചിത്രം. ചിത്രം ഡിസംബറിൽ റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.