ശ്രീനിവാസൻ സിനിമകളും തിരക്കഥകളും സിനിമ വിദ്യാർഥികളുടെ വിഷയമായി മാറുന്ന കാലം വിദൂരമല്ല -ജി. വേണുഗോപാൽ

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ വിടവാങ്ങിയിരിക്കുകയാണ്. നിരവധിപ്പേരാണ് ശ്രീനിവാസന് ആരദാഞ്ജലികൾ അറിയിച്ച് എത്തുന്നത്. 'ആദ്യമായി ഒരു മലയാള സിനിമക്ക് പാട്ട് പാടിയപ്പോൾ ആ ഗാനരംഗം സിനിമയിൽ അഭിനയിച്ചതും ശ്രീനിയേട്ടനായിരുന്നു' എന്ന് പറയുകയാണ് ഗായകൻ ജി. വേണുഗോപാൽ. ശ്രീനിവാസന്‍റെ സിനിമകളും തിരക്കഥകളും, മലയാള സിനിമ ഗവേഷണ വിദ്യാർഥികളുടെ വിഷയമായി മാറുന്ന കാലം വിദൂരമല്ലെന്നും വേണുഗോപാൽ കുറിച്ചു.

വേണുഗോപാലിന്‍റെ പോസ്റ്റ്

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. മലയാളത്തിൽ ഹാസ്യനടനായി വന്ന് തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായി തിളങ്ങിയ ബഹുമുഖപ്രതിഭ. ഞാൻ ആദ്യമായി ഒരു മലയാള സിനിമക്ക് പാട്ട് പാടിയപ്പോൾ ആ ഗാനരംഗം സിനിമയിൽ അഭിനയിച്ചതും ശ്രീനിയേട്ടനായിരുന്നു. (ഓടരുതമ്മാവാ ആളറിയാം) പിൽക്കാലത്ത് എന്‍റെ പ്രശസ്തമായ പല സിനിമ ഗാനങ്ങളുൾപ്പെടുന്ന സിനിമകളുടേയും തിരക്കഥയും ശ്രീനിയേട്ടന്‍റേതായിരുന്നു.
ആ കുടുംബത്തിലെ രണ്ടാം തലമുറയുമായുള്ള ബന്ധവും ദൃഢമാണ്. എന്‍റെ മകൻ അരവിന്ദ്, വിനീത് ശ്രീനിവാസന്‍റെ "ഹൃദയം" എന്ന സിനിമയുടെ സംവിധാന സഹായിയും അതിലെ സൂപ്പർ ഹിറ്റായ "നഗുമോ" എന്ന പാട്ടിന്‍റെ പിന്നണി ശബ്ദവുമായി ശ്രദ്ധിക്കപ്പെട്ടു.
ശ്രീനിവാസൻ സിനിമകളും, തിരക്കഥകളും, ശ്രീനിയുടെ നർമവും ഭാവിയിൽ മലയാള സിനിമാ ഗവേഷണ വിദ്യാർഥികളുടെ വിഷയമായി മാറുന്ന കാലം വിദൂരമല്ല.

1976ല്‍ പി.എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന സിനിമയിലൂടെയാണ് ശ്രീനിവാസൻ അഭിനയരംഗത്തെത്തിയത്. 1984ല്‍ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതി തിരക്കഥ രംഗത്തേക്ക് കടന്നുവന്നു. 1989ൽ പുറത്തിറങ്ങിയ വടക്കുനോക്കി യന്ത്രമായിരുന്നു ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ. 48 വര്‍ഷം നീണ്ട സിനിമ ജീവിതത്തില്‍ ഇരുന്നുറിലേറെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്‌.  

Tags:    
News Summary - g venugopal facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.