സിനിമ മേഖലയുമായി ബന്ധപ്പെട്ടു നിൽക്കുന്നവരെക്കുറിച്ച് പല വ്യാജ വാർത്തകളും പ്രചരിക്കാറുണ്ട്. അത്തരത്തിൽ തന്നെക്കുറിച്ച് വന്ന ഒരു വാർത്ത സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഗായകൻ ജി. വേണുഗോപാൽ. വെറും വാർത്തയല്ല, വേണുഗോപാൽ അസുഖബാധിതനായി മരണപ്പെട്ടു എന്ന തരത്തിൽ പ്രചരിക്കപ്പെട്ട വാർത്തയാണ് അദ്ദേഹം പങ്കുവെച്ചത്.
'അങ്ങനെ ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാൻ. ഇപ്പോൾ, കാശ്മീരിലെ സോൻമാർഗ്, ഗുൽമാർഗ്, പെഹൽഗാം എന്നിവിടങ്ങളിൽ ട്രെക്കിങും, മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറിൽ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാർത്ത എന്‍റെ മോഡൽ സ്കൂൾ ഗ്രൂപ്പിലെ സുഹൃത്തുക്കൾ " ഇങ്ങനെ നീ ഇടക്കിടക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്...." എന്ന ശീർഷകത്തോടെ അയച്ച് തന്നത്. ഞാൻ ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങൾ ഉപദേശിക്കണേ....'-എന്നാണ് വേണുഗോപാൽ എഴുതിയത്.
പോസ്റ്റിന് കമന്‍റുമായി നിരവധിപ്പേരാണ് എത്തിയിരിക്കുന്നത്. 'വേണുച്ചേട്ടന്റെ ഈസ്റ്റർ ഉയർത്തെണീപ്പിന് വീണ്ടും വീണ്ടും ആശംസകൾ!' എന്നാണ് എൻ. പ്രശാന്ത് ഐ.എ.എസ് അഭിപ്രായപ്പെട്ടത്. ഈസ്റ്റർ ഉയിർപ്പ് എന്ന കമന്‍റുമായി ശ്രീജിത്ത് പണിക്കരും എത്തി. ആദ്യം ആദ്യം ഞെട്ടി, പിന്നെയാണ് ഷെയർ ചെയ്തതാരാണെന്ന് കണ്ടത് എന്ന് പറഞ്ഞ ആരാധകരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.