സാന്ദ്ര തോമസ്
കൊച്ചി: നിർമാതാവ് സാന്ദ്ര തോമസിനെതിരെ നിയമ നടപടിയുമായി ഫെഫ്ക. പ്രൊഡക്ഷൻ കൺട്രോളർമാരെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമ നടപടി സ്വീകരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഫെഫ്ക കോടതിയെ സമീപിച്ചു. 50 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ടുകൊണ്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്തു.
ഫെഫ്ക്ക ജനറൽ സെക്രട്ടറി ഷിബു ജി. സുശീലന്‍റെ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രണ്ടുമാസം മുൻപ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സാന്ദ്ര തോമസ് സംസാരിച്ചതാണ് മാനനഷ്ടക്കേസിന് അടിസ്ഥാനം. എന്നാൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും വിഷയം നിയമപരമായി നേരിടുമെന്നും സാന്ദ്ര തോമസ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
'നിലപാടിൽ ഉറച്ചു നിൽക്കുന്നു! പറഞ്ഞതിൽ നിന്ന് ഒരടി പിന്നോട്ടില്ല, കേസിനെ നിയമപരമായി നേരിടും . വാർത്താമാധ്യമങ്ങളിലൂടെയുള്ള അറിവുകൾക്കപ്പുറം നിയമസംവിധാനങ്ങളിൽ നിന്ന് ഔദ്യോഗികമായി ഒരറിയിപ്പും ലഭിച്ചിട്ടില്ല, കിട്ടുന്ന മുറക്ക് ഉചിതമായ നിയമനടപടികൾ സ്വീകരിക്കും' -സാന്ദ്ര തോമസ് വ്യക്തമാക്കി.
'അവരിപ്പോൾ ആർട്ടിസ്റ്റ് മാനേജേഴ്സ് ആണ്. ആ തസ്തികയുടെ പേര് മാറ്റി ആർട്ടിസ്റ്റ് മാനേജേഴ്സ് എന്നാക്കണം. പ്രൊഡക്ഷൻ കൺട്രോളിങ്ങല്ല അവർ ചെയ്യുന്നത്. അതിനേക്കുറിച്ച് ഒരു ധാരണയുമില്ലാത്തവരാണ്. ഇതുകേൾക്കുന്ന പ്രൊഡക്ഷൻ കൺട്രോളർമാർ എനിക്കെതിരെ വന്നാലും യാഥാർഥ്യം ഇതാണ്' എന്ന് സാന്ദ്ര പറഞ്ഞിരുന്നു.
കൂടെ പ്രവർത്തിച്ച പല പ്രൊഡക്ഷൻ കൺട്രോളർമാരും പൈസക്കാരായി. തനിക്ക് മനസിലാവാത്ത രീതിയിൽ മോഷ്ടിച്ചോളൂ എന്ന് താൻ തന്നെ ചിലരോട് പറഞ്ഞിട്ടുണ്ട്. അതും ഗതികെട്ടിട്ടാണ് പറഞ്ഞതെന്നും ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സാന്ദ്ര തോമസ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.