'ദൃശ്യം 3'ൽ നിന്ന് ആ പ്രധാന താരം പിന്മാറുന്നതിൽ ആരാധകർക്ക് നിരാശ

ഭാഷയുടെ അതിർവരമ്പുകൾ ലംഘിച്ച് ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ചിത്രമാണ് ദൃശ്യം. വിദേശ ഭാഷകളിലേക്കുള്‍പ്പെടെ റീമേക്ക് ചെയ്യപ്പെട്ടിരുന്നു ചിത്രം. കൂടുതൽ കളക്ഷൻ ലഭിച്ചതും അജയ് ദേവഗൻ നായകനായെത്തിയ ഹിന്ദി പതിപ്പിനായിരുന്നു. കോവിഡ് കാലത്തെത്തിയ ദൃശ്യം രണ്ടിന്‍റെ മലയാളം ഒറിജിനല്‍ ഡയറക്റ്റ് ഒ.ടി.ടി റിലീസ് ആയിരുന്നെങ്കില്‍ അതിന്‍റെ ഹിന്ദി റീമേക്കും തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യുകയും വൻ വിജയം നേടുകയും ചെയ്തിരുന്നു.

ഇതേ തുടർന്ന് ദൃശ്യം 3 മലയാളത്തിലും ഹിന്ദിയിലും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹിന്ദി ദൃശ്യം 3 ന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. 2026 ഒക്ടോബര്‍ രണ്ടിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. എന്നാല്‍ ഇതിന് പിന്നാലെ അണിയ പ്രവർത്തകരേയും ആരാധകരേയും ഒരുപോലെ നിരാശയിലാഴ്ത്തുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

ഹിന്ദി ദൃശ്യം 2 ല്‍ വലിയ കൈയടി നേടിയ താരം മൂന്നാം ഭാഗത്തില്‍ നിന്ന് പിന്മാറി എന്നതാണ് വാർത്ത. നായക കഥാപാത്രത്തെ അവതരിപ്പിച്ച അജയ് ദേവ്ഗണ്‍ കഴിഞ്ഞാല്‍ രണ്ടാം ഭാഗത്തില്‍ ഏറ്റവും പ്രാധാന്യമുണ്ടായിരുന്ന, ഐ.ജി തരുണ്‍ അഹ്‍ലാവതിനെ അവതരിപ്പിച്ച അക്ഷയ് ഖന്നയാണ് ചിത്രത്തില്‍ നിന്ന് പിന്മാറിയിരിക്കുന്നത്. ധുരന്ധറിന്‍റെ വിജയത്തെ തുടർന്ന് അക്ഷയ് ഖന്ന പ്രതിഫലം ഗണ്യമായി വർധിപ്പിച്ചതാണ് പിന്മാറ്റത്തിന്‍റെ കാരണമായി പറയുന്നത്.

ഹിന്ദിയില്‍ ഈ വര്‍ഷം ഏറ്റവും വലിയ വിജയം നേടിയ രണ്ട് ചിത്രങ്ങളില്‍ അക്ഷയ് ഖന്ന പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഛാവയിലും താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 900 കോടിയാണ് ധുരന്ധര്‍ നേടിയത്. ഇന്ത്യന്‍ സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമാണ് ധുരന്ധർ.

അക്ഷയ് ഖന്നയുടെ വര്‍ധിച്ച പ്രതിഫലം അംഗീകരിക്കാന്‍ ദൃശ്യം 3 നിർമാതാക്കള്‍ തയാറല്ലെന്നാണ് വിവരം. എന്നാല്‍ ഇത് മാത്രമല്ല കാരണമെന്നും തിരക്കഥയില്‍ അദ്ദേഹത്തിനുള്ള അഭിപ്രായവ്യത്യാസങ്ങൾ കൂടി പിന്മാറ്റത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്.

ഛാവയുടെയും ധുരന്ദറിന്‍റെയും അടുത്തടുത്ത വിജയങ്ങള്‍ക്ക് ശേഷം വരുന്ന അടുത്ത ചിത്രമെന്ന നിലയിൽ ദൃശ്യം 3 ന്‍റെ വിജയ, വാണിജ്യസാധ്യതകൾക്ക് അക്ഷയ് ഖന്ന കാരണമാകുമെന്നാണ് വിശ്വാസം. അതുകൊണ്ട് അത്ര പെട്ടെന്ന് സിനിമയിൽ നിന്ന് ഒഴിവാക്കാൻ നിർമാതാക്കൾ തയാറാകില്ല. 

Tags:    
News Summary - Fans are disappointed with the main star's withdrawal from 'Drishyam 3'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.