മലയാളത്തിൽ ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് കമൽ. വ്യത്യസ്തമായ ഒരുപാട് ചിത്രങ്ങൾ കമലിന്‍റെ കരിയറിൽ ഉടലെടുത്തിട്ടുണ്ട്. ഇപ്പോഴിതാ നിറം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്‍റെ അണിയറ വിശേഷങ്ങൾ പങ്കുവെക്കുകയാണ് കമൽ. കുഞ്ചാക്കോ ബോബൻ ശാലിനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ ആദ്യം അസിൻ നായികാവേഷത്തിന് വേണ്ടി ഒഡീഷനിൽ പങ്കെടുത്തിരുന്നു എന്ന് പറയുകയാണ് കമൽ.
ചിത്രത്തിൽ ആദ്യം ശാലിനിയെ വിളിച്ചപ്പോൾ ഒരു തമിഴ് സിനിമയുടെ തിരക്ക് കാരണം വരാൻ കഴിയില്ലെന്ന് അറിയിക്കുകയും ആ സമയം നായികക്ക് വേണ്ടി ഒഡീഷൻ നടത്തുകയും ചെയ്ത എന്നാണ് കമൽ പറഞ്ഞത്. അന്നത്തെ ഒഡീഷനിൽ പങ്കെടുത്ത നടിയാണ് പിന്നീട് ബോളിവുഡ് സിനിമ വരെ എത്തിയ മലയാളിയായ അസിനെന്നും ക്ലോസ് അപ്പ് ഷോട്ടിൽ കണ്ണ് ചിമ്മുന്നതായിരുന്നു അന്ന് അസിനിൽ കണ്ട് പ്രശ്നമെന്ന് കമൽ കൂട്ടിച്ചേർത്തു.
'നിറത്തിൽ നായികയെ തേടിയുള്ള ഒഡീഷന് വന്നതിൽ എനിക്കേറെ ഇഷ്ട്‌ടപ്പെട്ട ഒരു കുട്ടി പിന്നീട് കമൽഹാസന്റെയും ആമിർ ഖാന്റെയും ഒക്കെ നായികയായി വളർന്നു വലിയ താരമായി മാറി, അസിൻ തോട്ടുങ്കൽ. ഒഡീഷൻ സമയത്ത് വല്ലാതെ കണ്ണു ചിമ്മുന്നതായിരുന്നു അന്ന് അസിന്‍റെ കുഴപ്പം ക്ലോസപ്പ് ഷോട്ടുകളെ അത് ബാധിക്കുമെന്നു തോന്നിയത് കൊണ്ടാണ് അസിനെ ഒഴിവാക്കേണ്ടി വന്നത്.
പിന്നീടൊരിക്കൽ എയർപോർട്ടിൽ വച്ചു കണ്ടപ്പോൾ അസിനോടു ഞാൻ ഈ കാര്യം പറഞ്ഞു. അപ്പോഴേക്കും അവർ ബോളിവുഡിലെ തിരക്കുള്ള നടിയായി മാറി കഴിഞ്ഞിരുന്നു. ഞാൻ ചൂണ്ടിക്കാണിച്ച ന്യൂനത മനസിലാക്കിയതായും പിന്നീട് പങ്കെടുത്ത ഒഡീഷനുകളിൽ അത് പരിഹരിക്കാൻ കഴിഞ്ഞതായും അസിൻ എന്നോട് പറഞ്ഞു,' കമൽ പറഞ്ഞു.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രൻ മകൻ ജയകാന്തൻ എന്ന ചിത്രത്തിലൂടെയാണ് അസിൻ സിനിമാ രംഗത്ത് ആദ്യമായി എത്തിയത്. കുഞ്ചാക്കോ ബോബൻ തന്നെയായിരുന്നു നായകൻ. പിന്നീട് ഗജിനി തമിഴ് വെർഷനിൽ സൂര്യയുടെ നായികയായും ഹിന്ദി വെർഷനിൽ ആമിർ ഖാന്‍റെ നായികയായുമെല്ലാം അസിനെത്തി. പോക്കിരിയിൽ വിജയ് യുടെ നായികയായും, ദശാവതാരത്തിൽ കമൽ ഹാസന്‍റെ നായികയായുമെല്ലാം അസിൻ അഭിനയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.