ഫാഷൻ മേഖലയിലെ ഏറ്റവും വലിയ ആഘോഷമായ മെറ്റ് ഗാലയിൽ അരങ്ങേറ്റം കുറിച്ചാണ് ദിൽജിത് ദോസഞ്ജ് വാർത്തകളിൽ ഇടം നേടിയത്. പഞ്ചാബിന്റെയും പഞ്ചാബി അക്ഷരമാലയുടെയും ഭൂപടം ഗുർമുഖിയിൽ എംബ്രോയ്ഡറി ചെയ്ത രാജകീയ ആനക്കൊമ്പ് ഷെർവാണി ധരിച്ച്, അദ്ദേഹം അഭിമാനത്തോടെ തന്റെ സാംസ്കാരിക വേരുകൾ അന്താരാഷ്ട്ര വേദിയിലേക്ക് കൊണ്ടുവന്നു. തന്റെ വ്യക്തിത്വത്തിനും പൈതൃകത്തിനും ആദരസൂചകമായി, ആഭരണങ്ങൾ പതിച്ച തലപ്പാവും ആചാരപരമായ വാളും ധരിച്ച് ദിൽജിത് മെറ്റ്ഗാലയിലെത്തിയത്.
പട്യാലയിലെ മഹാരാജ ഭൂപീന്ദർ സിങ്ങിനെ ഫാഷൻ പ്രചോദനമാക്കി, നടനും ഗായകനുമായ ദിൽജിത് മഹാരാജാവിന്‍റെ പ്രശസ്തമായ പട്യാല മാലയും വിപുലമായ ആഭരണങ്ങൾ ധരിച്ചിരുന്നു. മെറ്റ് ഗാലയിലെ ദിൽജിത്തിന്‍റെ അരങ്ങേറ്റത്തിന് വ്യാപകമായ പ്രശംസ ലഭിച്ചു. എങ്കിലും പരിപാടിക്കായി ചരിത്രപ്രസിദ്ധമായ പട്യാല നെക്ലേസ് കടം വാങ്ങാനുള്ള ദിൽജിത്തിന്‍റെ സ്റ്റൈലിസ്റ്റിന്‍റെ അഭ്യർത്ഥന കാർട്ടിയർ നിരസിച്ചത് അറിഞ്ഞപ്പോൾ നെറ്റിസൺസ് രോഷം പ്രകടിപ്പിച്ചു.
2022 ലെ മെറ്റ് ഗാലയിൽ യൂട്യൂബ് താരം എമ്മ ചേംബർലെയിനെ ഐക്കണിക് നെക്ലേസിന്‍റെ ഒരു ഭാഗം ധരിക്കാൻ അനുവദിച്ചതും അതേ ബഹുമതി ദോസഞ്ജിന് നിഷേധിക്കപ്പെട്ടതും എന്തുകൊണ്ടാണെന്ന് പലരും ചോദ്യം ചെയ്തു. അന്താരാഷ്ട്ര പ്രശസ്തിയും വൻ ആരാധകവൃന്ദവും ഉണ്ടായിരുന്നിട്ടും, ദിൽജിത്തിന് ചരിത്രപ്രസിദ്ധമായ ആ കലാസൃഷ്ടി കടമെടുക്കാൻ കാർട്ടിയർ വിസമ്മതിച്ചതിനെ ചോദ്യം ചെയ്ത് സൂഫി മോട്ടിവാല ഉൾപ്പെടെയുള്ള നിരവധി ഫാഷൻ കമന്റേറ്റർമാർ റീൽസിൽ പോസ്റ്റ് ചെയ്തിരുന്നു.
2022ലെ മെറ്റ് ഗാലയിൽ ഇന്റർനെറ്റ് താരമായ എമ്മ ചേംബർലെയിൻ പട്യാല രാജാവായിരുന്ന ഭൂപീന്ദർ സിങ്ങിന്റെ ആഭരണമണിഞ്ഞാണ് റെഡ് കാർപ്പറ്റിലെത്തിയത്. 1928 ലാണ് ഭൂപീന്ദർ സിങ് ഈ നെക്‌ലേസ് പണിയിച്ചത്. ലോകത്തിലെ ഏറ്റവും വലുപ്പമുള്ള ഏഴാമത്തെ വജ്രം കൊണ്ടാണ് നെക്‌ലേസ് പണിതത്. 1948 ൽ ഭൂപീന്ദറിന്റെ മകൻ യാദവിന്ദ്ര സിങ് രാജാവ് അണിഞ്ഞ ശേഷം ഈ ആഭരണം കാണാതായി. അരനൂറ്റാണ്ടിന് ശേഷം ഫ്രഞ്ച് ആഭരണ ബ്രാൻഡായ കാർട്ടിയയുടെ പ്രതിനിധി എറിക് നസ്ബൗം ആണ് ലണ്ടനിൽ ഇതു കണ്ടെത്തിയത്. എന്നാൽ, വജ്രവും മാണിക്യവും അടക്കം നെക്‌ലേസിലെ പലതും നഷ്ടമായിരുന്നു. കാർട്ടിയ പിന്നീട് ഇതു പുനർനിർമിക്കുകയായിരുന്നു.
എന്തുകൊണ്ടാണ് ദിൽജിത്തിന് മാല കടം വാങ്ങാൻ അവസരം നിഷേധിച്ചത്? കാർട്ടിയർ ഇക്കാര്യത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ലെങ്കിലും, വിലയേറിയ ആഭരണങ്ങൾ, ചരിത്രപരമായ രത്നക്കല്ലുകൾ, ഐക്കണിക് വാച്ചുകൾ എന്നിവയുൾപ്പെടെ 350 വസ്തുക്കൾ ഉൾക്കൊള്ളുന്ന കാർട്ടിയർ പ്രദർശനത്തിൻ്റെ ഭാഗമായി ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിൽ ഈ മാല നിലവിൽ പ്രദർശിപ്പിച്ചിരിക്കുന്നു. പ്രദർശനം ഏപ്രിൽ 12 ന് പൊതുജനങ്ങൾക്കായി തുറന്നു, ഈ വർഷം നവംബർ 16 വരെ തുറന്നിരിക്കും. പ്രദർശനം അന്തിമമാകുന്നതിന് മുമ്പോ ശേഷമോ ദോസഞ്ജിന്‍റെ സ്റ്റൈലിസ്റ്റ് ആ മാല കടമെടുക്കാൻ ബ്രാൻഡുമായി ബന്ധപ്പെട്ടോ എന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.