'എന്‍റെ ആദ്യ രണ്ട് സിനിമകൾ നിങ്ങൾ കാണേണ്ടതില്ല, പക്ഷെ ഇത് തീർച്ചയായും കാണണം' -മാരി സെൽവരാജ് ചിത്രത്തെക്കുറിച്ച് ധ്രുവ് വിക്രം

മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ബൈസൺ. ധ്രുവ് വിക്രമാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദിത്യ വർമ (2019), മഹാൻ (2022) എന്നീ ചിത്രങ്ങളിൽ മുമ്പ് ധ്രുവ് പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ബൈസൺ തന്‍റെ ആദ്യ ചിത്രമായി കരുതണമെന്ന് പറയുകയാണ് ധ്രുവ്. ചിത്രത്തിന്‍റെ പ്രീ-റിലീസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം. 'ഇതുവരെ ഞാൻ രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിങ്ങൾ അത് രണ്ടും കണ്ടിട്ടില്ലെങ്കിലും ഒരു പ്രശ്‌നവുമില്ല. അത് കാണേണ്ടതില്ല. പക്ഷേ നിങ്ങൾ തീർച്ചയായും ഈ സിനിമ കാണണം. കാരണം ഇത് എന്റെ ആദ്യ ചിത്രമായി ഞാൻ കരുതുന്നു' -ധ്രുവ് പറഞ്ഞു.

ബൈസണിലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും അദ്ദേഹം പ്രശംസിച്ചു. ചിത്രത്തിനായി തന്റെ 100 ശതമാനം പരിശ്രമവും നൽകിയിട്ടുണ്ടെന്ന് താരം പങ്കുവെച്ചു. 'ആ പരിശ്രമങ്ങൾ സ്‌ക്രീനിൽ കാണാൻ കഴിയുമോ എന്ന് തിയറ്ററുകളിൽ കണ്ടതിനുശേഷം നിങ്ങൾക്ക് തീരുമാനിക്കാം. എന്റെ സംവിധായകൻ മാരി സെൽവരാജ് ഒരു മികച്ച സിനിമ സൃഷ്ടിക്കാൻ വളരെയധികം പരിശ്രമിച്ചിട്ടുണ്ട്. ആ സംഭവം എല്ലാവരിലേക്കും എത്തിച്ചേരുകയും എല്ലാവരെയും ചിന്തിപ്പിക്കുകയും വേണം' -ധ്രുവ് കൂട്ടിച്ചേർത്തു.

മറ്റൊരു അഭിമുഖത്തിൽ മാരി സെൽവരാജ് ധ്രുവിനെക്കുറിച്ച് സംസാരിച്ചിരുന്നു. സിനിമക്കായി തയാറെടുക്കാൻ നടൻ എത്രമാത്രം പാടുപെട്ടുവെന്ന് മാരി ഓർമിച്ചു. 'ഒരു ഘട്ടത്തിനുശേഷം, അദ്ദേഹം വളരെയധികം അധ്വാനിക്കുന്നത് കാണുമ്പോൾ എനിക്ക് ബുദ്ധിമുട്ട് തോന്നി. മറ്റൊരു കഥയിൽ നിന്ന് ഒരു സിനിമ നിർമിക്കാൻ കഴിയുമോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ധ്രുവിന്റെ മറുപടി ഇങ്ങനെയായിരുന്നു, 'ഈ കഥയിൽ നിങ്ങൾ എന്നെ വിശ്വസിച്ചു. ഞങ്ങൾക്ക് പിന്നോട്ട് പോകാൻ കഴിയില്ല. ഇത് നിങ്ങളുടെ സ്വപ്ന പദ്ധതിയാണ്. നിങ്ങൾ എന്നെ പരിപാലിക്കുമെന്ന പ്രതീക്ഷയോടെ എന്റെ അച്ഛനെപ്പോലെ ഞാൻ നിങ്ങളെ വിശ്വസിക്കുന്നു' -ധ്രുവ് പറഞ്ഞത് ഓർമിച്ചുകൊണ്ട് മാരി സെൽവരാജ് പറഞ്ഞു.

കബഡിയെ ആസ്പദമാക്കിയുള്ള ഒരു സ്പോർട്സ് ഡ്രാമയാണ് ബൈസൺ. പാ രഞ്ജിത്ത് അദിതി ആനന്ദ് സമീർ നായർ, ദീപക് സെഗൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അനുപമ പരമേശ്വരൻ, ലാൽ, അമീർ, പശുപതി, രജിഷ വിജയൻ കലൈയരശൻ, ഹരി കൃഷ്ണൻ അൻബുദുരൈ, അഴകം പെരുമാൾ, മദൻ ദക്ഷിണാമൂർത്തി എന്നിവരും ബൈസണിൽ അഭിനയിക്കുന്നുണ്ട്. ഏഴിൽ അരസു കെ. ഛായാഗ്രാഹണവും ശക്തി തിരു എഡിറ്റിങ്ങും കുമാർ ഗംഗപ്പൻ കലാസംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്‍റെ ആക്ഷൻ കൊറിയോഗ്രാഫർ ദിലിപ് സുബ്ബരായനാണ്.  

Tags:    
News Summary - Dhruv Vikram about Mari Selvarajs Bison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.