ചെന്നൈ: രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാക്കി തമിഴ് നടനും സംവിധായകനുമായ ധനുഷിന്റെ ഏറ്റവും പുതിയ ആഹ്വാനം. ആരാധകരോട് സമൂഹ സേവനത്തിലും ക്ഷേമ പ്രവർത്തനങ്ങളിലും സജീവമാകാനായിരുന്നു ധനുഷിന്റെ പ്രസ്താവന.
സിനിമയുടെ വിജയാഘോഷങ്ങളിൽ മാത്രം ഒതുങ്ങാതെ സ്വന്തം പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന പ്രവർത്തനങ്ങൾ നടത്തണമെന്ന് ഞായറാഴ്ച നടന്ന ആരാധക സംഗമത്തിൽ ധനുഷ് ആവശ്യപ്പെട്ടു. ഇതോടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും ശക്തമായത്.
ആരാധകരുടെ ഐക്യം സമൂഹത്തിന് ഗുണം ചെയ്യുന്ന പ്രവർത്തനങ്ങളിലേക്ക് മാറ്റണമെന്നായിരുന്നു ധനുഷിന്റെ പ്രസ്താവന. വിദ്യാഭ്യാസ സഹായം, രക്തദാനം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, പിന്നാക്ക വിഭാഗങ്ങൾക്ക് പിന്തുണ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഇത്തരം പ്രവർത്തനങ്ങളിലൂടെയാണ് ആരാധക സംഘടനയുടെ യഥാർഥ ശക്തി തെളിയിക്കാനാകുകയെന്നും അദ്ദേഹം പറഞ്ഞു.
‘ഇത്രയധികം ആളുകൾ ഒരിടത്ത് ഒത്തുകൂടിയിരിക്കുന്നു. ഈ ഐക്യത്തിൽ വലിയൊരു ശക്തിയുണ്ട്. ആ ഐക്യത്തിന് നമ്മൾ ഒരു ലക്ഷ്യം നൽകേണ്ടതുണ്ട്. ഓഡിയോ ലോഞ്ചുകൾക്കും മീറ്റപ്പുകൾക്കും അപ്പുറം, നമ്മൾ കൂടുതൽ ക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെടണം. നിങ്ങളുടെ പ്രദേശത്തെ ആളുകളുടെയും നിങ്ങളുടെ ചുറ്റും താമസിക്കുന്ന കുടുംബങ്ങളുടെയും ആവശ്യങ്ങൾ മനസ്സിലാക്കുകയും സാധ്യമായ വിധത്തിൽ അവരെ സഹായിക്കുകയും ചെയ്യുക. അവർക്ക് വേണ്ടി നിങ്ങൾക്ക് കഴിയുന്നത്ര സഹായം ചെയ്യുക. എനിക്ക് നിങ്ങളെക്കുറിച്ച് കൂടുതൽ അഭിമാനം തോന്നണം. നിങ്ങൾ അത് ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു.’ -ധനുഷ് ആഹ്വാനം ചെയ്തു.
അതേസമയം, തന്റെ ദേശീയ ചലചിത്ര അവാർഡ് നേട്ടത്തെ ചുറ്റിപ്പറ്റിയുള്ള വിമർശനങ്ങളെക്കുറിച്ചും ധനുഷ് പ്രതികരിച്ചു. 2024ൽ സംവിധാനം ചെയ്ത രായനേക്കാൾ ‘തീർച്ചയായും മികച്ച’ തമിഴ് സിനിമകൾ ഉണ്ടായിരുന്നുവെന്നായിരുന്നു ധനുഷിന്റെ പ്രതികരണം. അതേസമയം, ഒരു തമിഴ് നടന് ഒരേ വർഷം രണ്ട് ദേശീയ അവാർഡുകൾ നേടാനായതിന്റെ വലിയ നേട്ടം ആഘോഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ധനുഷിന്റെ ആരാധക സംഘടനയായ ഓൾ ഇന്ത്യ ധനുഷ് ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ അടുത്തിടെ പുതിയ പതാക പുറത്തിറക്കിയതും രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. തമിഴ്നാട്ടിൽ ധനുഷിന്റെ ആരാധക സംഘടനയും പുതിയ രാഷ്ട്രീയ പാർട്ടിയായി മാറുമോയെന്ന ചോദ്യമാണ് ഉയരുന്നത്. എന്നാൽ ധനുഷോ അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളോ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല.
ധനുഷിന്റെ ഈ നീക്കങ്ങൾ ഭാവിയിലെ രാഷ്ട്രീയ പ്രവേശനത്തിന്റെ മുന്നൊരുക്കമാണോയെന്ന ചർച്ചകളാണ് തമിഴ്നാട് രാഷ്ട്രീയത്തിലും സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും ഉയരുന്നത്. തമിഴ്നാട്ടിൽ എം.ജി.ആർ, ജയലളിത, വിജയകാന്ത്, കമൽഹാസൻ, വിജയ് തുടങ്ങി നിരവധി സിനിമാ താരങ്ങൾ രാഷ്ട്രീയ രംഗത്തേക്ക് എത്തിയ പശ്ചാത്തലത്തിലാണ് ധനുഷിന്റെ രാഷ്ട്രീയ പാർട്ടി രൂപവത്കരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും ചർച്ചയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.