ധനുഷ്
തന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'രായൻ' എന്ന ചിത്രത്തിന് മികച്ച തമിഴ് സിനിമക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ മൗനം വെടിഞ്ഞ് നടനും സംവിധായകനുമായ ധനുഷ്. 2024ൽ പുറത്തിറങ്ങിയ 'മഹാരാജ', 'മെയ്യഴകൻ' തുടങ്ങിയ ചിത്രങ്ങൾ 'രായനേക്കാൾ' മികച്ചതായിരുന്നുവെന്ന് താൻ സമ്മതിക്കുന്നുവെന്ന് ധനുഷ് വ്യക്തമാക്കി. എന്നാൽ തന്റെ കരിയറിലെ ഏറ്റവും മികച്ച പല പ്രകടനങ്ങളും ദേശീയ പുരസ്കാരത്തിന് അർഹമായിരുന്നിട്ടും തഴയപ്പെട്ടപ്പോൾ അതിനെക്കുറിച്ച് ആരും സംസാരിച്ചില്ലെന്നും താരം ചൂണ്ടിക്കാട്ടി.
‘കഴിഞ്ഞ വർഷം രായനേക്കാൾ മികച്ച സിനിമകൾ 'മെയ്യഴകൻ', 'മഹാരാജ' എന്നിവയായിരുന്നുവെന്ന് ഞാൻ അംഗീകരിക്കുന്നു. എന്നാൽ എന്റെ കരിയറിൽ ദേശീയ അവാർഡ് അർഹിച്ചിരുന്ന നിരവധി മികച്ച ചിത്രങ്ങൾ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അതു ഒരു കനാ കാലം, പുതുപേട്ടൈ, 3, മയക്കം എന്ന, മരിയാൻ, രാഞ്ജന, വട ചെന്നൈ, കർണ്ണൻ എന്നീ ചിത്രങ്ങൾക്ക് അവാർഡ് ലഭിക്കുമെന്ന് എല്ലാവരും പറഞ്ഞു, പക്ഷേ ലഭിച്ചില്ല. ഇന്ന് 90 ശതമാനം ആളുകളും എനിക്ക് ലഭിച്ച ദേശീയ അവാർഡിനെ എതിർക്കുന്നു. എന്നാൽ ദേശീയ അവാർഡ് അർഹിച്ച എന്റെ പല ചിത്രങ്ങളും തഴയപ്പെട്ടപ്പോൾ 10 ശതമാനം ആളുകൾ പോലും അതിനെക്കുറിച്ച് സംസാരിച്ചില്ല’ ധനുഷ് പറഞ്ഞു.
72-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. വിജയ് സേതുപതിയുടെ മഹാരാജ, കാർത്തി-അരവിന്ദ് സ്വാമി കൂട്ടുകെട്ടിന്റെ മെയ്യഴകൻ എന്നീ ചിത്രങ്ങളെ മറികടന്ന് രായൻ പുരസ്കാരം നേടിയതാണ് സിനിമാപ്രേമികളിൽ അതൃപ്തി ഉണ്ടാക്കിയത്. കൂടാതെ, വിക്രമിന്‍റെ തങ്കലാന് യാതൊരു അംഗീകാരവും ലഭിച്ചില്ലെന്നതും ചർച്ചയായി. എക്സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ദിവസങ്ങളോളം ഇത് തർക്കവിഷയമായിരുന്നു.
വിവാദങ്ങൾക്ക് മറുപടിയായി, കാര്യങ്ങൾ സ്വാഭാവികമായി സംഭവിക്കുന്നതാണെന്ന് ധനുഷ് കൂട്ടിച്ചേർത്തു. ചില കാര്യങ്ങൾ നമ്മൾ എത്ര ശ്രമിച്ചാലും നടക്കില്ല, എന്നാൽ ചിലത് സ്വാഭാവികമായി സംഭവിക്കും. ഈ അവാർഡും അതുപോലെ വന്നുചേർന്നതാണ്. രായന്റെ പിന്നണിപ്രവർത്തകർ പൂർണ്ണ ആത്മാർത്ഥതയോടെയാണ് ഈ സിനിമ നിർമിച്ചത്. ഒരു തമിഴൻ എന്ന നിലയിൽ എനിക്ക് ദേശീയ അവാർഡ് ലഭിക്കുമ്പോൾ ഞങ്ങളെ തളർത്താൻ ശ്രമിക്കാതെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത് അദ്ദേഹം അഭ്യർത്ഥിച്ചു. ധനുഷ് തന്നെ സംവിധാനം ചെയ്ത് അഭിനയിച്ച 'രായൻ' 2024ൽ തിയറ്ററുകളിൽ വലിയ വാണിജ്യ വിജയം നേടിയ ചിത്രമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.