ഹണി റോസിനെതിരായ പ്രസ്താവനകളിൽ മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ; കേസ് പിൻവലിക്കണമെന്ന് അഭ്യർത്ഥന

നടി ഹണി റോസിനെതിരെ താൻ നടത്തിയ പ്രസ്താവനകളിൽ ഖേദം പ്രകടിപ്പിച്ചും, താരം നൽകിയ കേസ് പിൻവലിക്കണമെന്ന അഭ്യർത്ഥിച്ചും വ്യവസായി ബോബി ചെമ്മണ്ണൂർ. ആരെയും മനഃപൂർവ്വം വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും, വാക്കുകൾ വരുത്തിവെച്ച ബുദ്ധിമുട്ടുകൾക്ക് താൻ ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

കുറിപ്പിന്‍റെ പൂർണരൂപം

എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ,

യഥാർത്ഥത്തിൽ, ഞാൻ എല്ലാവരോടും ദയയോടും ബഹുമാനത്തോടും സ്നേഹത്തോടും പരിഗണനയോടും കൂടി പെരുമാറുന്ന ഒരു വ്യക്തിയാണ്. ഞാൻ ഒരിക്കലും മനഃപൂർവ്വം ആരോടും ദ്രോഹമോ മോശമായ പെരുമാറ്റമോ കാണിച്ചിട്ടില്ല, സാധ്യമാകുമ്പോഴെല്ലാം മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും ശ്രമിക്കാറുമുണ്ട്. ഞാൻ എപ്പോഴെങ്കിലും സോഷ്യൽ മീഡിയയിൽ തമാശകളും ലഘുവായ ഉള്ളടക്കങ്ങളും പങ്കുവെക്കാറുണ്ട്, എന്നാൽ അത് ഒരിക്കലും ആരെയും അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ ആർക്കെങ്കിലും വിഷമം ഉണ്ടാക്കാനോ ഉള്ള ഉദ്ദേശ്യത്തോടെയല്ല.

എന്നാൽ, മിസ് ഹണി റോസിനെക്കുറിച്ച് ഞാൻ നടത്തിയ പ്രസ്താവനകൾ അവർക്കും അവരുടെ കുടുംബത്തിനും വലിയ രീതിയിലുള്ള മാനസിക വിഷമം ഉണ്ടാക്കിയതായി ഞാൻ മനസ്സിലാക്കുന്നു. ഞാൻ വരുത്തിവെച്ച ഈ ബുദ്ധിമുട്ടുകൾക്ക് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. എന്റെ വാക്കുകളുടെയും അവ ഉണ്ടാക്കിയ ആഘാതത്തിന്റെയും പൂർണ്ണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. ആരെയും വേദനിപ്പിക്കാൻ എനിക്ക് യാതൊരു ഉദ്ദേശ്യവുമില്ല, എന്റെ ഈ ആത്മാർത്ഥമായ ക്ഷമാപണം സ്വീകരിച്ച് അവർ കേസ് പിൻവലിക്കാൻ തയാറാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ വിഷയം ദയവോടെ പരിഗണിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു, കൂടാതെ നല്ല രീതിയിൽ മുന്നോട്ട് പോകാൻ ഞാൻ ആഗ്രഹിക്കുന്നു.

ഒരു ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തപ്പോൾ ബോബി ചെമ്മണ്ണൂർ ദ്വയാർഥ പ്രയോഗം നടത്തി തന്നെ അപമാനിച്ചുവെന്ന് ആരോപിച്ച് നടി ഹണി റോസ് രംഗത്തെത്തിയിരുന്നു. ഈ സംഭവത്തിനു ശേഷം ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും ഇനി പങ്കടുക്കില്ലെന്ന് താൻ തീരുമാനിച്ചതായും താരം വെളിപ്പെടുത്തിയിരുന്നു.

ഇതോടെ, ഇതിലുള്ള പ്രതികാരമെന്നോണം സോഷ്യൽ മീഡിയയിലൂടെ തന്റെ പേര് മനഃപൂർവ്വം വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള കമന്റുകൾ അദ്ദേഹം നിരന്തരം പറയുകയാണെന്ന് ഹണി റോസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു. ആദ്യഘട്ടത്തിൽ പേര് പരാമർശിക്കാതെയായിരുന്നു ഹണി റോസിന്റെ പ്രതികരണമെങ്കിലും പിന്നീട് താരം നിയമപരമായ നടപടികളിലേക്ക് നീങ്ങി. ഹണി റോസ് നൽകിയ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും, പിന്നീട് അദ്ദേഹം ജാമ്യത്തിൽ ഇറങ്ങുകയുമായിരുന്നു.

Tags:    
News Summary - Bobby Chemmannur apologizes for his statements against Honey Rose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.