കെ. ഭാഗ്യരാജ്

‘മരണശേഷവും എന്റെ കണ്ണുകൾ നിങ്ങളെ കാണും’; കണ്ണീരണിയിച്ച് കെ. ഭാഗ്യരാജിന്റെ അവസാന കത്ത്

തമിഴ് സിനിമയിലെ ഇതിഹാസ സംവിധായകനും തിരക്കഥാകൃത്തും നടനുമായ കെ. ഭാഗ്യരാജിന്റെ വിയോഗത്തിന് പിന്നാലെ, അദ്ദേഹം മരണത്തിന് മുമ്പ് എഴുതിയതെന്ന് പറയപ്പെടുന്ന ഒരു കത്ത് സോഷ്യൽ മീഡിയയിൽ കരളലിയിക്കുന്ന കാഴ്ചയാകുന്നു. ആരാധകരെയും സിനിമാ ലോകത്തെയും ഒരേപോലെ കണ്ണീരിലാഴ്ത്തിയ ഈ വിടവാങ്ങൽ കത്തിൽ, തന്റെ നേത്രദാന ആഗ്രഹത്തെക്കുറിച്ചും മകനും നടനുമായ ശന്തനു ഭാഗ്യരാജിനെ പിന്തുണക്കണമെന്ന അഭ്യർത്ഥനയെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഔദ്യോഗിക ബഹുമതികളോടെയുള്ള വിടവാങ്ങൽ ചടങ്ങുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ കത്ത് പുറത്തുവന്നിരിക്കുന്നത്. ‘ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കുന്നതിലാണ് യഥാർത്ഥ സന്തോഷം അടങ്ങിയിരിക്കുന്നത്. നിങ്ങളിൽ നിന്ന് ഇത്രയധികം സ്നേഹം ലഭിച്ചതിന് ശേഷം എന്റെ ജീവിതം മുഴുവൻ ഇതിന് ചുറ്റുമായിരുന്നു. എന്നെ പ്രോത്സാഹിപ്പിച്ച അമ്മമാർക്കും ആരാധകർക്കും സിനിമാ മേഖലയിലെ സഹപ്രവർത്തകർക്കും ഞാൻ നന്ദി പറയുന്നു. നിങ്ങളുടെ ഈ സ്നേഹനിർഭരമായ നോട്ടത്തിന് വേണ്ടിയാണ് ഞാൻ എന്റെ കണ്ണുകളെ ജീവനോടെ നിലനിർത്തിയിരിക്കുന്നത്. ദയവായി അവയെ നന്നായി നോക്കണം’.

ഈ വരികളിലൂടെ തന്റെ മൺമറഞ്ഞ ശരീരത്തിലെ കണ്ണുകൾ മറ്റൊരാളിലൂടെ ജീവിക്കണമെന്ന മഹത്തായ നേത്രദാന ആഗ്രഹമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. താൻ നേരിട്ട് കൂടെയുണ്ടാകില്ലെങ്കിലും, ദാനം ചെയ്ത കണ്ണുകളിലൂടെ പ്രതീകാത്മകമായി തന്റെ ആരാധകരെ എപ്പോഴും നോക്കിക്കാണുമെന്നും അദ്ദേഹം കത്തിൽ കുറിച്ചു. തന്റെ മകനും നടനുമായ ശന്തനു ഭാഗ്യരാജിനെ ഹൃദയത്തോട് ചേർത്തുപിടിച്ചാണ് കത്തിലെ അടുത്ത ഭാഗം.

‘ഇനിമുതൽ നിങ്ങളുടെ ഓരോ കയ്യടിയും അവനുള്ള അനുഗ്രഹമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു’ ജീവിതത്തിലുടനീളം തനിക്ക് നൽകിയ അതേ സ്നേഹവും പിന്തുണയും വരും വർഷങ്ങളിൽ മകൻ ശന്തനുവിനും നൽകണമെന്ന് അദ്ദേഹം ആരാധകരോട് അഭ്യർത്ഥിക്കുന്നു. മരണത്തെക്കുറിച്ചുള്ള ഭാഗ്യരാജിന്റെ സവിശേഷമായ കാഴ്ച്ചപ്പാടാണ് കത്തിന്റെ അവസാന ഭാഗത്തിലുള്ളത്.

‘ഈ ശരീരം ജനിച്ചത് ഒരു എക്സ്പയറി ഡേറ്റ് വഹിക്കാൻ വേണ്ടിയല്ല. ഈ ശരീരം ഒരു ദിവസം മണ്ണിലേക്കോ തീയിലേക്കോ മടങ്ങും. മരണശേഷം അവശേഷിക്കുന്നത് ചാരം മാത്രമാണ്. എന്നാൽ നമ്മൾ പങ്കുവെച്ച സ്നേഹമാണ് നമ്മൾ ബാക്കി വെച്ചുപോകുന്ന യഥാർത്ഥ നിധി. എന്റെ ജീവിതത്തിന്റെ അവസാന യാത്രയിൽ എന്നെ സ്നേഹിക്കുകയും എനിക്കായി കരയുകയും ബഹുമാനിക്കുകയും ചെയ്ത എല്ലാവരോടും ഞാൻ നന്ദിയുള്ളവനാണ്. നല്ല സിനിമകളിലൂടെയും തിരക്കഥകളിലൂടെയും ഡയലോഗുകളിലൂടെയും മാനവികതയിലൂടെയും ഞാൻ നിങ്ങളിൽ ജീവിച്ചുകൊണ്ടേയിരിക്കും.

തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച എഴുത്തുകാരിലൊരാളായ കെ. ഭാഗ്യരാജ് തന്റെ കരിയറിൽ 25ലധികം ചിത്രങ്ങൾ സംവിധാനം ചെയ്യുകയും 75ലധികം സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യയും നടിയുമായ പൂർണിമ ഭാഗ്യരാജ്, മകൻ ശന്തനു ഭാഗ്യരാജ്, മകൾ ശരണ്യ ഭാഗ്യരാജ് എന്നിവരടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. വലിയൊരു ശൂന്യത ബാക്കിവെച്ച് അദ്ദേഹം കടന്നുപോയെങ്കിലും ഈ കത്തിലെ ഓരോ വരികളും അദ്ദേഹത്തിന്റെ സിനിമാ ശൈലി പോലെത്തന്നെ ആരാധകരുടെ മനസ്സിൽ എന്നും നിലനിൽക്കും.

Tags:    
News Summary - K. Bhagyaraj’s emotional posthumous handwritten note

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.