കൊച്ചി: ലഹരിക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സൂപ്പർതാരം മോഹൻലാൽ. 'ഓപ്പറേഷൻ തൂഫാൻ' എന്ന ലഹരിവിരുദ്ധ ക്യാമ്പെയ്‌നിന്റെ ഭാഗമായി തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ലഹരി മാഫിയകൾക്കും ലഹരി ഉപയോഗിക്കുന്നവർക്കും ശക്തമായ സന്ദേശം നൽകിയത്.
തന്റെ ഹിറ്റ് ചിത്രങ്ങളിലെ ഐക്കോണിക് ഡയലോഗായ 'നാർക്കോട്ടിക്‌സ് ഈസ് എ ഡേർട്ടി ബിസിനസ്' എന്നത് ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു മോഹൻലാലിന്റെ പ്രതികരണം. സാഗർ ഏലിയാസ് ജാക്കിയായും സ്റ്റീഫൻ നെടുമ്പള്ളിയായും വെള്ളിത്തിരയിൽ ഈ സംഭാഷണം പറഞ്ഞിട്ടുണ്ടെങ്കിലും, ഇപ്പോൾ മോഹൻലാൽ എന്ന വ്യക്തിയായാണ് താൻ ഈ കാര്യങ്ങൾ ഓരോരുത്തരെയും ഓർമ്മിപ്പിക്കുന്നതെന്ന് താരം പറഞ്ഞു.
താൻ ഒരു 'തൂഫാൻ വാരിയർ' ആണെന്ന് പ്രഖ്യാപിച്ച താരം, ലഹരി ഉപയോഗിക്കുന്നവരോട് സ്നേഹപൂർവ്വം അത് ഉപേക്ഷിക്കാൻ അഭ്യർത്ഥിച്ചു. "ലഹരി ഉപയോഗിക്കുന്നവരോട് സ്നേഹത്തോടെ പറയുകയാണ്, പ്ലീസ് ഇത് നിർത്തിക്കൂ," മോഹൻലാൽ വീഡിയോയിൽ പറഞ്ഞു. ഓരോ വ്യക്തിയും സ്വന്തം ജീവിതത്തിനും കുടുംബത്തിനും വേണ്ടിയും, നാടിന്റെ നന്മയ്ക്കും വേണ്ടി ലഹരിയിൽ നിന്ന് അകന്നുനിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ലഹരി വിൽക്കുന്നവർക്കെതിരെയും അദേഹം ശക്തമായ ഭാഷയിൽ സംസാരിച്ചു. ലഹരി വിൽപന അവസാനിപ്പിക്കണമെന്നും, പൊലീസ് നിങ്ങളെ പിടികൂടാൻ പിന്നാലെയുണ്ടെന്നും, ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഇനി മാപ്പില്ലെന്നും മുന്നറിയിപ്പ് നൽകി. നല്ലൊരു നാളേയ്ക്കായി ലഹരിയുടെ വേരുകൾ അറുക്കാൻ എല്ലാവരും ഒന്നിച്ച് അണിനിരക്കണമെന്നും മോഹൻലാൽ ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.