മെസ്സി

ഗ്രൗണ്ടിൽ മാത്രമല്ല, ആകാശത്തും മെസ്സി തരംഗം; സ്‌പൈഡർമാൻ ചിത്രത്തിന്റെ പ്രൊമോയിൽ മെസ്സിയുടെ മാസ്സ് എൻട്രി!

ലയണൽ മെസ്സിയും ഹോളിവുഡിലെ സൂപ്പർ ഹീറോ സ്‌പൈഡർമാനും നേർക്കുനേർ വന്നാൽ എങ്ങനെയിരിക്കും? അത്തരമൊരു അവിശ്വസനീയമായ ദൃശ്യവിരുന്നിനാണ് ഇപ്പോൾ സോഷ്യൽ മീഡിയ സാക്ഷ്യം വഹിക്കുന്നത്. ഡെസ്റ്റിൻ ഡാനിയൽ ക്രെട്ടൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഹോളിവുഡ് ചിത്രം 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' എന്ന സിനിമയുടെ പ്രൊമോ വിഡിയോയിലാണ് ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി അപ്രതീക്ഷിത അതിഥിയായി എത്തിയിരിക്കുന്നത്.

താൻ സ്‌പൈഡർമാന്റെ ഒരു വലിയ സൂപ്പർ ഫാൻ ആണെന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് മെസ്സി ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായിരിക്കുന്നത്. സോണി പിക്‌ചേഴ്‌സ് എന്റർടൈൻമെന്റ് പുറത്തുവിട്ട ഈ പുതിയ വിഡിയോ ഫുട്ബാൾ പ്രേമികൾക്കും സിനിമാ ആരാധകർക്കും ഒരേപോലെ ആവേശം പകരുന്ന ഒന്നാണ്.

ന്യൂയോർക്ക് നഗരത്തിലെ ഒരു കൊച്ചു കഫേയിൽ ഇരുന്ന് ടോം ഹോളണ്ട് അവതരിപ്പിക്കുന്ന പീറ്റർ പാർക്കർ (സ്‌പൈഡർമാൻ) ഫോണിലൂടെ ആരോടോ ഒരു പ്ലാൻ ചർച്ച ചെയ്യുന്നിടത്താണ് പ്രൊമോ ആരംഭിക്കുന്നത്. സംഭാഷണത്തിനിടയിൽ കഫേയുടെ വാതിൽ തുറന്ന് ഒരാൾ ഉള്ളിലേക്ക് വരുന്നത് കണ്ട് പീറ്റർ പാർക്കർ അത്ഭുതത്തോടെ ഫോണിലുള്ള ആളോട് മിണ്ടാതിരിക്ക്! എന്ന് പറയുന്നുണ്ട്.

മറ്റാരുമല്ല, സാക്ഷാൽ ലയണൽ മെസ്സിയാണ് വളരെ സാധാരണക്കാരനായി ആ ന്യൂയോർക്ക് കഫേയിലേക്ക് നടന്നു വരുന്നത്. വിശ്വസിക്കാനാകാതെ പീറ്റർ പാർക്കർ "നിങ്ങൾ മെസ്സിയാണോ? എന്ന് ചോദിക്കുന്നു. എന്നാൽ കഫേ ഉടമ വലിയ ഗൗരവമില്ലാതെ അതെ, അവനറിയാം എന്ന് മറുപടി നൽകുന്നു. തുടർന്ന് അല്പം ആശയക്കുഴപ്പത്തോടെ മെസ്സി തന്റെ സ്മാർട്ട്‌ഫോൺ കാണിക്കുന്നു. താൻ ഏറെ ആരാധിക്കുന്ന സ്‌പൈഡർമാനെ തിരഞ്ഞുപിടിക്കാനാണ് മെസ്സി ആ ഫോണിലെ മാപ്പ് ഉപയോഗിച്ച് ശ്രമിക്കുന്നത്.

ഉടൻ തന്നെ പീറ്റർ പാർക്കർ അവിടെനിന്ന് മാറി, നിമിഷങ്ങൾക്കകം സ്‌പൈഡർമാന്റെ വേഷത്തിൽ മെസ്സിയുടെ മുന്നിലേക്ക് തിരിച്ചെത്തുന്നു. ഇത് കണ്ട് മെസ്സി അത്യധികം സന്തോഷവാനാകുന്നു. ‘നിങ്ങൾക്ക് ഉയരങ്ങൾ പേടിയുണ്ടോ?’ എന്ന് സ്‌പൈഡർമാൻ ചോദിക്കുന്നു. മെസ്സിക്ക് സ്പാനിഷിൽ മറുപടി നൽകാൻ പോലും സമയം കൊടുക്കാതെ, സ്‌പൈഡർമാൻ മെസ്സിയെയും കൂട്ടി ന്യൂയോർക്കിലെ കൂറ്റൻ ആകാശചുംബികളായ കെട്ടിടങ്ങൾക്ക് മുകളിലൂടെ വല കെട്ടി പറക്കുകയാണ്. ന്യൂയോർക്ക് നഗരത്തിന് മുകളിലൂടെയുള്ള ഈ ആകാശയാത്രയാണ് പ്രൊമോയുടെ പ്രധാന ആകർഷണം.

Full View

ടോം ഹോളണ്ട് നായകനാകുന്ന സോണി പിക്‌ചേഴ്‌സ് ഇന്റർനാഷണലിന്റെ സ്‌പൈഡർമാൻ ഫ്രാഞ്ചൈസിയിലെ നാലാമത്തെ ചിത്രമാണ് സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ. ടോം ഹോളണ്ടിനൊപ്പം അദ്ദേഹത്തിന്റെ യഥാർത്ഥ ജീവിതപങ്കാളി കൂടിയായ സെൻഡയ എം.ജെ എന്ന കഥാപാത്രമായി വീണ്ടും എത്തുന്നുണ്ട്.

ഈ ചിത്രത്തിന്റെ മറ്റൊരു വലിയ പ്രത്യേകത മാർവൽ പ്രപഞ്ചത്തിലെ മറ്റ് പ്രമുഖ കഥാപാത്രങ്ങളുടെ സാന്നിധ്യമാണ്. ദി പനിഷർ ആയി ജോൺ ബെർൻതാളും, ഹൾക്ക് അഥവാ ബ്രൂസ് ബാനറായി മാർക്ക് റഫല്ലോയും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പ്രശസ്ത ചിത്രം ഷാങ്-ചി ആൻഡ് ദി ലെജൻഡ് ഓഫ് ദി ടെൻ റിങ്‌സ് ഒരുക്കിയ ഡെസ്റ്റിൻ ഡാനിയൽ ക്രെട്ടൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യൻ തിയറ്ററുകളിൽ ജൂലൈ 30നാണ് ചിത്രം റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്.

Tags:    
News Summary - Lionel Messi meets Spider-Man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.