സുധ കൊങ്കര
8.39 കോടി രൂപ കിട്ടാനുണ്ട്; 'പരാശക്തി' നിർമാതാക്കൾക്കെതിരെ സുധ കൊങ്കര കോടതിയിൽ
ചെന്നൈ: പ്രതിഫല കുടിശ്ശിക ലഭിച്ചില്ലെന്ന് ആരോപിച്ച് സംവിധായിക സുധ കൊങ്കര പ്രൊഡക്ഷൻ ഹൗസായ ഡോൺ പിക്ചേഴ്സിനെതിരെ മദ്രാസ് ഹൈകോടതിയെ സമീപിച്ചു. ശിവകാർത്തികേയൻ, ശ്രീലീല, രവി മോഹൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച്, ഈ വർഷം ജനുവരിയിൽ പൊങ്കൽ റിലീസായി എത്തിയ പരാശക്തി എന്ന ചിത്രത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ടാണ് തർക്കം. കുടിശ്ശിക തീർപ്പാക്കാതെ നിർമാണ കമ്പനിയുടെ അടുത്ത ചിത്രമായ ഇദയം മുരളി റിലീസ് ചെയ്യുന്നത് തടയണമെന്നും സുധ കൊങ്കര കോടതിയിൽ ആവശ്യപ്പെട്ടു.
ആർബിട്രേഷൻ ആൻഡ് കൺസിലിയേഷൻ ആക്ട് സെക്ഷൻ 9 പ്രകാരമാണ് സുധ കൊങ്കര കോടതിയെ സമീപിച്ചത്. പരാശക്തി എന്ന ചിത്രത്തിനായി തന്റെ പ്രതിഫലം ജി.എസ്.ടി ഉൾപ്പെടെ 17.70 കോടി രൂപയായിരുന്നു (യഥാർത്ഥ പ്രതിഫലം 15 കോടി). എന്നാൽ ഇതിൽ 9.31 കോടി രൂപ മാത്രമാണ് നിർമാതാക്കൾ നൽകിയത്. ബാക്കി 8.39 കോടി രൂപ ഇനിയും ലഭിക്കാനുണ്ടെന്ന് സംവിധായിക കോടതിയെ അറിയിച്ചു. സിനിമ റിലീസ് ചെയ്യുകയും ഇൻവോയ്‌സുകൾ സമർപ്പിക്കുകയും ചെയ്തിട്ടും തുക നൽകാൻ തയാറായിട്ടില്ലെന്നാണ് സുധയുടെ വാദം.
സുധ കൊങ്കരയുടെ ഹരജി പരിഗണിച്ച കോടതി പരാശക്തിയുടെ സാറ്റലൈറ്റ് റിലീസ് ജൂലൈ 8 വരെ തടഞ്ഞുകൊണ്ട് ഉത്തരവിട്ടു. കൂടാതെ, ജൂലൈ 7നകം മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ നിർമാതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് അടുത്തതായി ജൂലൈ 8ന് വീണ്ടും പരിഗണിക്കും. നിലവിൽ പരാശക്തി സീ5ൽ ലഭ്യമാണ്.
ഡോൺ പിക്ചേഴ്സ് നിർമിച്ച് അതർവ മുരളി, പ്രീതി മുകുന്ദൻ, ഫഹദ് ഫാസിൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'ഇദയം മുരളി' ജൂലൈ 10നാണ് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്. ആകാശ് ഭാസ്കരൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ റിലീസ് തടയണമെന്നാണ് സുധ കൊങ്കരയുടെ പ്രധാന ആവശ്യം. അവസാന നിമിഷമല്ല, ചിത്രം റിലീസ് ചെയ്യുന്നതിന് കൃത്യമായ ദിവസങ്ങൾക്ക് മുൻപ് തന്നെയാണ് താൻ കോടതിയെ സമീപിച്ചതെന്നും സുധയുടെ അഭിഭാഷകൻ വ്യക്തമാക്കി.
പരാശക്തി തിയറ്ററുകളിൽ വലിയ വിജയമായിരുന്നുവെന്നും ലോകമെമ്പാടുമായി ചിത്രം 100 കോടി ക്ലബ്ബിൽ കയറിയെന്നും നിർമാതാക്കൾ തന്നെ അവകാശപ്പെട്ടിരുന്നു. സിനിമാ ട്രേഡ് വെബ്‌സൈറ്റായ സാക്നിൽകിന്റെ കണക്കുകൾ പ്രകാരം ചിത്രം 85.10 കോടി രൂപയാണ് ആകെ നേടിയത്. സിനിമ വൻ വിജയമായിട്ടും തന്റെ പ്രതിഫലം നൽകാത്തതിനെതിരെയാണ് സംവിധായിക നിയമപോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്.
സൂര്യ നായകനായ തരംഗം സൃഷ്ടിച്ച സൂരറൈ പോട്ര് (2020), അതിന്റെ ഹിന്ദി റീമേക്കായ അക്ഷയ് കുമാർ ചിത്രം സർഫിര (2024), നെറ്റ്ഫ്ലിക്സ് ആന്തോളജി പാവ കഥൈഗളിലെ തങ്കം എന്നിവക്ക് ശേഷം സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രമാണ് പരാശക്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.