'കിടപ്പിലായ ദിവസങ്ങള്‍, വീല്‍ച്ചെയറില്‍ നിരവധി ആഴ്ചകള്‍, ആശുപത്രിക്കിടക്കയില്‍ കുട്ടിയെപ്പോലെ കരഞ്ഞു'; വൈകാരിക കുറിപ്പുമായി ആസിഫ് അലി

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആസിഫ് അലി ചിത്രമാണ് ടിക്കി ടാക്ക. രോഹിത് സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം ഡിസംബറിൽ തിയറ്ററിൽ എത്തും. സമൂഹമാധ്യമത്തിൽ ചിത്രത്തിനെക്കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടൻ ആസിഫ് അലി. ചിത്രത്തിലെ സ്റ്റണ്ട് രംഗങ്ങളുടെ ചിത്രീകരണത്തിനിടെ ആസിഫിന് ഒരു അപകടം സംഭവിച്ചിരുന്നു.

'ഒരുപാട് വിയര്‍പ്പും രക്തവും ആവശ്യപ്പെടുന്ന ചിത്രമാണ് 'ടിക്കി ടാക്ക'. ശാരീരികമായി പരിവര്‍ത്തനംചെയ്യാനും സംഘട്ടന കലയില്‍ പ്രാവീണ്യംനേടാനുമുള്ള മാസങ്ങളുടെ യാത്രയായിരുന്നു എനിക്കത്. എന്നെ മുഴുവനായും ചിത്രത്തിനായി സമര്‍പ്പിച്ചുവെന്ന ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയുമെന്നാണ് കരുതുന്നത്. 2023-ല്‍ ഷൂട്ടിങ് ആരംഭിച്ചപ്പോള്‍, സംഘട്ടന പരിശീലനത്തിനിടെ നിര്‍ഭാഗ്യകരമായൊരു അപകടം സംഭവിച്ചു. തുടര്‍ന്ന് കിടപ്പിലായ ദിവസങ്ങള്‍, വീല്‍ച്ചെയറില്‍ നിരവധി ആഴ്ചകള്‍, അതിനെല്ലാമുപരി ഒരുവര്‍ഷത്തിലേറെ സമയമെടുത്ത് ഞാന്‍ കഥാപാത്രത്തിനുവേണ്ടി തയ്യാറെടുത്തതിലെ പുരോഗതി മുഴുവന്‍ നഷ്ടമായി. ജോണ്‍ ഡെന്‍വറില്‍നിന്ന് വ്യത്യസ്തമായി, ആശുപത്രിക്കിടക്കയില്‍ ഞാന്‍ ഒരു കുട്ടിയപ്പോലെ കരഞ്ഞു'-ആസിഫ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

18 മാസങ്ങൾക്ക് ശേഷം ചിത്രീകരണം പുനരാരംഭിക്കുകയാണെന്നും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധമുള്ള അനുഭവമായിരിക്കും ചിത്രം നൽകുക എന്ന് ആസിഫ് പറഞ്ഞു. സിനിമയെ സ്‌നേഹിക്കുന്ന എല്ലാവരില്‍നിന്നും പിന്തുണ അഭ്യര്‍ഥിക്കുന്നതായും ആസിഫ് പറഞ്ഞു.

തന്‍റെ ജീവിതത്തിൽ ഇത്രയും വിഷമിച്ച ഒരു സമയമുണ്ടായിട്ടില്ലെന്ന് അപകടത്തെക്കുറിച്ച് ആസിഫ് നേരത്തെ പറഞ്ഞിരുന്നു. കരിയറിലെ മോശം സമയത്തായിരുന്നു അപകടം സംഭവിക്കുന്നത്. നല്ല സമയത്തായിരുന്നെങ്കിൽ അവധി സമയമായി കാണുമായിരുന്നു. വലിയ ആവേശത്തോടെ ഷൂട്ട് നടക്കുമ്പോഴാണ് അപകടം ഉണ്ടാകുന്നതെന്ന് ആസിഫ് പറഞ്ഞിരുന്നു. 

Tags:    
News Summary - Asif Ali with an emotional note

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.