ഇന്ത്യൻ സിനിമയിലെ പ്രമുഖ സംവിധായകനും നിർമാതാവും, തിരക്കഥാകൃത്തുമാണ് അനുരാഗ് കശ്യപ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ നിഷാഞ്ചി തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. 2025 ലെ ടൊറന്റോ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ (TIFF) വേൾഡ് പ്രീമിയർ നടത്തിയ തന്റെ വരാനിരിക്കുന്ന സിനിമയായ ബന്ദറിലൂടെയും സംവിധായകൻ ഇതിനകം വാർത്തകളിൽ ഇടം നേടുകയാണ്. ചിത്രത്തിന്റെ പ്രധാന അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും സാന്നിധ്യം പ്രീമിയറിൽ ഉണ്ടായിരുന്നു.
ബോബി ഡിയോളാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുരാഗ് കശ്യപും ബോബി ഡിയോളും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ആദ്യ അവലോകനങ്ങൾ ബന്ദറിനെ പ്രകോപനപരമായ ചിത്രമായിട്ടാണ് വിശേഷിപ്പിച്ചത്. ചിത്രത്തിന്റെ ആഖ്യാനത്തെ വിവാദപരമെന്ന് വിമർശകർ വ്യാഖ്യാനിച്ചു. ചിലർ സിനിമയെ 'ആന്റി-മീടൂ' ആയി കണക്കാക്കാമെന്നും അഭിപ്രായപ്പെട്ടു. ഇത് സമൂഹമാധ്യമത്തിൽ എതിർപ്പുകൾക്ക് കാരണമായിട്ടുണ്ട്.
എന്നാൽ സ്ക്രീനുമായുള്ള സംഭാഷണത്തിൽ, അനുരാഗ് കശ്യപ് ഊഹാപോഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ്. 'മീ ടൂവുമായി ഇതിന് ബന്ധമില്ല. ഒരു തെറ്റായ ബലാത്സംഗ ആരോപണ കേസിനെക്കുറിച്ചാണ് ഒരു സിനിമ വരുമ്പോൾ, ആ സംഭാഷണങ്ങൾ നടക്കുന്നു. എന്നാൽ മീ ടൂ എന്നത് അധികാരത്തെക്കുറിച്ചാണ്, അധികാരസ്ഥാനം ഉപയോഗിച്ച് എന്തെങ്കിലും ചെയ്യുന്ന ഒരാളെക്കുറിച്ചാണ്. ഈ സിനിമക്ക് അത്തരത്തിലുള്ള ഒരു പവർപ്ലേയുമായോ അത്തരത്തിലുള്ള ആംഗിളുമായോ യാതൊരു ബന്ധവുമില്ല, അതിനാൽ ഇതിന് മീ ടൂവുമായി യാതൊരു ബന്ധവുമില്ല' -അനുരാഗ് കശ്യപ് പറഞ്ഞു.
ഉഡ്ത പഞ്ചാബ്, സോഞ്ചിരിയ, പാതാൾ ലോക്, കൊഹ്‌റ എന്നിവയിലൂടെ പ്രശസ്തനായ തിരക്കഥാകൃത്ത് സുദീപ് ശർമയെയാണ് സങ്കീർണമായ വിഷയത്തിന് താൻ തെരഞ്ഞെടുത്തതെന്നും അദ്ദേഹം വെളിപ്പെടുത്തി. 'എനിക്ക് തിരക്കഥ എഴുതാൻ സമയമില്ലായിരുന്നു. വളരെ സങ്കീർണമായ ഒരു വിഷയമാണിതെന്നും വളരെ ബുദ്ധിമുട്ടാണെന്നും ഞാൻ കരുതി. സുദീപ് ശർമ അത് എഴുതാൻ സമ്മതിച്ചാൽ മാത്രമേ എനിക്കത് സംവിധാനം ചെയ്യാൻ കഴിയൂ. ഭാഗ്യവശാൽ അദ്ദേഹം സമ്മതിച്ചു. അങ്ങനെയാണ് അത് സംഭവിച്ചത്' -അനുരാഗ് കശ്യപ് വ്യക്തമാക്കി.
ബന്ദർ ഇന്ത്യയിൽ എപ്പോൾ റിലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അനുരാഗ് കശ്യപ് തന്റെ ഏറ്റവും പുതിയ തിയറ്റർ റിലീസായ നിഷാഞ്ചിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസിനായി തയാറെടുക്കുകയാണ്. ഐശ്വര്യ താക്കറെ, വേദിക പിന്റോ, മോണിക്ക പൻവർ, കുമുദ് മിശ്ര, മുഹമ്മദ് സീഷൻ അയ്യൂബ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.