അല്ലു അർജുന്റെ സഹോദരനും പ്രശസ്ത തെലുങ്ക് നടനുമായ അല്ലു സിരിഷ് വിവാഹിതനാകുന്നു. സമൂഹമാധ്യമ പോസ്റ്റിലൂടെ നടൻ തന്റെ വിവാഹനിശ്ചയ തീയതി പ്രഖ്യാപിച്ചു. സുഹൃത്തായ നയനികയെയാണ് അല്ലു സിരിഷ് വിവാഹം കഴിക്കുന്നത്. ഒക്ടോബർ 31ന് വിവാഹനിശ്ചയം നടക്കുമെന്നും അദ്ദേഹം അറിയിച്ചു. ഹൈദരാബാദിലെ ഒരു സമ്പന്ന ബിസിനസ് കുടുംബത്തിലെ അംഗമാണ് നയനിക.
പരേതനായ മുത്തച്ഛൻ അല്ലു രാമലിംഗയ്യയുടെ ജന്മവാർഷികത്തിൽ ഈ പ്രഖ്യാപനം നടത്താൻ കഴിഞ്ഞതിൽ താൻ ഭാഗ്യവാനാണെന്ന് സിരിഷ് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു. 'ഇന്ന്, എന്റെ മുത്തച്ഛൻ അല്ലു രാമലിംഗയ്യയുടെ ജന്മദിനത്തിൽ, എന്റെ ഹൃദയത്തോട് വളരെ അടുപ്പമുള്ള ഒരു കാര്യം പങ്കിടാൻ കഴിഞ്ഞത് ഭാഗ്യമായി തോന്നുന്നു. ഒക്ടോബർ 31ന് എന്‍റെയും നയനികയുടെയും വിവാഹനിശ്ചയം നടക്കും'- എന്ന് അദ്ദേഹം എഴുതി.
അടുത്തിടെ മരിച്ചുപോയ മുത്തശ്ശി എപ്പോഴും തന്റെ വിവാഹം കാണാൻ ആഗ്രഹിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. താനും ജീവിത പങ്കാളിയും ഒരുമിച്ച് യാത്ര ആരംഭിക്കുമ്പോൾ അവരുടെ അനുഗ്രഹമുണ്ടാകുമെന്ന് അറിയാമെന്നും താരം കുറിച്ചു. രണ്ട് കുടുംബങ്ങളും സ്നേഹത്തെ അതിയായ സന്തോഷത്തോടെ സ്വീകരിച്ചതായും സിരിഷ് കൂട്ടിച്ചേർത്തു.
നിർമാതാവ് അല്ലു അരവിന്ദിന്റെ ഇളയ മകനാണ് അല്ലു സിരീഷ്. ഗൗരവം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തെലുങ്ക് സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ചത്. രാധ മോഹൻ സംവിധാനം ചെയ്ത ചിത്രത്തിൽ യാമി ഗൗതമായിരുന്നു നായിക. തെലുങ്കിലും തമിഴിലും ഒരേസമയം ഗൗരവം ചിത്രീകരിച്ചു.
2017ൽ മോഹൻലാൽ നായകനായ 1971: ബിയോണ്ട് ബോർഡേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് അല്ലു സിരിഷ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അല്ലു സിരീഷ് അവസാനമായി പ്രധാന വേഷത്തിൽ അഭിനയിച്ചത് ഫാന്റസി ആക്ഷൻ ചിത്രമായ ബഡ്ഡി(2024)യിലാണ്. ആര്യ അഭിനയിച്ച ടെഡി എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു ഈ ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.