'പ്രതികൾക്ക് മിനിമം തടവും മാക്സിമം പരി​ഗണനയും, ഞങ്ങൾ സ്ത്രീകൾക്ക് ജീവിക്കാൻ ഒരിടമില്ല' -പാർവതി തിരുവോത്ത്

നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രതികരണം. 'പ്രതികൾക്കു മിനിമം തടവും മാക്സിമം പരി​ഗണനയും. ഞങ്ങൾ സ്ത്രീകൾക്കു ജീവിക്കാൻ ഒരിടമില്ല. അതു തിരിച്ചറിയുന്നു' എന്ന കുറിപ്പോടെയാണ് പ്രതികരണം. പൾസർ സുനി കോടതിയിൽ പറഞ്ഞ വാക്കുകളുള്ള പോസ്റ്റർ പങ്കുവെച്ചാണ് വിമർശനം. 'ക്രിമിനലുകൾ അപേക്ഷിക്കുമ്പോൾ അവരുടെ ശിക്ഷ കുറയാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ഇത് നമ്മുടെ കേരളത്തിലാണ് സംഭവിക്കുന്നത്. ആദ്യം നാം അക്രമങ്ങളെ അതിജീവിക്കണം. ശേഷം നിയമത്തെയും അതിജീവിക്കണോ' എന്നും പാർവതി കുറിച്ചു.

കേസിലെ കുറ്റക്കാരായ ആറ് പ്രതികൾക്കും 20 വര്‍ഷം കഠിന തടവാണ് വിചാരണ കോടതി വിധിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. ഉത്തരവ് പ്രകാരം ആദ്യം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുക ഒന്നാം പ്രതിയായ പള്‍സര്‍ സുനിയാണ്. വിചാരണത്തടവുകാലം ശിക്ഷാകാലയളവായി പരിഗണിക്കുമെന്ന് വിധിയിൽ പറഞ്ഞതോടെ എട്ട് വർഷത്തോളം ജയിലിൽ കിടന്ന സുനിക്ക് ഇനി 12 വർഷത്തോളം ജയിലിൽ കിടന്നാൽ മതി. എട്ട് വര്‍ഷം മുന്‍പ് 2017ലാണ് കുറ്റകൃത്യം നടന്നത്. ഇതിൽ എഴ് വര്‍ഷവും ആറ് മാസവും 29 ദിവസവും പൾസർ സുനി ജയിലിലായിരുന്നു. അഞ്ച് വര്‍ഷവും 21 ദിവസവും ജയില്‍ കഴിഞ്ഞ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി 14 വര്‍ഷവും 11 മാസവുമാണ് ഇനി ശിക്ഷ അനുഭവിക്കാനുള്ളത്.

നേരത്തെ, അമ്മയെ സംരക്ഷിക്കുന്നത് താനാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും മുഖ്യപ്രതിയായ പൾസർ സുനി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ശിക്ഷയിൽ ഇളവ് വേണമെന്ന് അഭ്യർഥിച്ച ആറാം പ്രതിയായ പ്രദീപ് കോടതി മുറിയിൽ വിങ്ങിപ്പൊട്ടി. ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും പ്രായമായ മാതാപിതാക്കളുണ്ടെന്നും രണ്ടാം പ്രതിയായ മാർട്ടിൻ പറഞ്ഞു. തന്‍റെ പേരിൽ മുമ്പ് ഒരു പെറ്റിക്കേസ് പോലുമില്ലെന്നും മാർട്ടിൻ വ്യക്തമാക്കി.

ഗൂഢാലോചനിൽ പങ്കില്ലെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും മൂന്നാം പ്രതി മണികണ്ഠൻ വ്യക്തമാക്കി. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ശിക്ഷയിൽ ഇളവ് നൽകണമെന്നും മണികണ്ഠൻ പറഞ്ഞു. കോടതിക്ക് പുറത്തുവെച്ച് മണികണ്ഠൻ മകളെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നു. കുറഞ്ഞ ശിക്ഷ നൽകണമെന്നും നാട് തലശ്ശേരിയിലാണെന്നും കണ്ണൂർ ജയിലിൽ ശിക്ഷ അനുഭവിക്കാൻ അനുവദിക്കണമെന്നും നാലാം പ്രതി വിജീഷും തെറ്റ് ചെയ്തിട്ടില്ലെന്നും ഭാര്യയും മകളുമുണ്ടെന്നും അഞ്ചാം പ്രതി വടിവാൾ സലിം പറഞ്ഞു.  

Tags:    
News Summary - actress attack case-parvathi thiruvoth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.