നടനും ടി.വി.കെ പാർട്ടി നേതാവുമായ വിജയ് നടത്തിയ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ച സംഭവം തമിഴ്നാടിനെ പിടിച്ചുകുലുക്കിയിരുന്നു. 40 പേരുടെ ജീവനാണ് ഇങ്ങനെ നഷ്ടമായത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് വിജയ് 20 ലക്ഷം രൂപ വീതം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവർക്ക് ചികിത്സക്കും പണം നൽകും. അതോടെയാണ് വിജയ് യുടെ ആസ്തിയെ കുറിച്ചുള്ള ചർച്ചകൾക്ക് ചൂടുപിടിച്ചത്.അഭിനയം വിട്ട് രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിക്കുകയാണ് വിജയ്.
ഏറ്റവും പുതിയ കണക്കനുസരിച്ച് 474 കോടിയിലേറെ വരും വിജയ് യുടെ ആസ്തി. വരുമാനത്തിന്റെ നല്ലൊരു പങ്കും സിനിമയിൽ നിന്നാണ്. ഓരോ സിനിമക്കും ശരാശരി 100 കോടി രൂപയാണ് താരത്തിന്റെ പ്രതിഫലം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടൻമാരിലൊരാൾ കൂടിയാണ് വിജയ്. ബീസ്റ്റ് സിനിമക്ക് 100 കോടിയായിരുന്നു പ്രതിഫലം. വാരിസ് സിനിമക്ക് 120-150 കോടി പ്രതിഫലം വാങ്ങി. 2023ൽ വിജയ് തന്റെ പ്രതിഫലം 200 കോടിയായി വർധിപ്പിച്ചതായും വാർത്തകളുണ്ടായിരുന്നു. ഗോട്ട്(ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) എന്ന സിനിമക്ക് 200 കോടിയായിരുന്നു നടന്റെ പ്രതിഫലമെന്ന് നിർമാതാവ് തന്നെയാണ് വെളിപ്പെടുത്തിയത്.
2014ലെ ഫോർച്യൂൺ ഇന്ത്യ റിപ്പോർട്ടനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിയടച്ച സെലിബ്രിറ്റികളുടെ പട്ടികയിൽ ഷാരൂഖ് കഴിഞ്ഞാൽ രണ്ടാംസ്ഥാനത്തായിരുന്നു വിജയ്. അതിൽ നിന്നു തന്നെ താരത്തിന്റെ സമ്പത്ത് എത്രയാണെന്ന് കണക്കാക്കാം.
ഇന്ത്യയിൽ മാത്രമല്ല, വിദേശരാജ്യങ്ങളിലും വിജയിക്ക് ആരാധകരുണ്ട്. അഭിനയത്തിനു പുറമേ, ബ്രാൻഡഡ് പരസ്യങ്ങൾ വഴിയും റിയൽ എസ്റ്റേറ്റിലും മറ്റ് സംരംഭങ്ങളിലുമുള്ള നിക്ഷേപങ്ങളിലൂടെയും വിജയ് ഗണ്യമായ തുക സമ്പാദിക്കുന്നുണ്ട്. സിനിമകൾക്ക് പുറമേ, കൊക്കകോള, സൺഫീസ്റ്റ് എന്നിവയുൾപ്പെടെ വിവിധ ബ്രാൻഡുകളെ പ്രതിനിധീകരിച്ചും നല്ലൊരു തുക സമ്പാദിക്കുന്നുണ്ട്. റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ, ചലച്ചിത്ര നിർമ്മാണത്തിൽ നിന്നുള്ള വരുമാനം, മറ്റ് നിക്ഷേപങ്ങൾ എന്നിവയും അദ്ദേഹത്തിന്റെ ആസ്തിയിൽ ഉൾപ്പെടുന്നു.
2024 സാമ്പത്തിക വർഷത്തിൽ ആകെ 92 കോടി മുൻകൂർ നികുതി അടച്ചുകൊണ്ട് ബോളിവുഡിന്റെ കിങ് ഖാൻ ഏറ്റവും കൂടുതൽ മുൻകൂർ നികുതി അടച്ച സെലിബ്രിറ്റികളുടെ പട്ടികയിൽ ഒന്നാമതെത്തിത്.വിജയ് 80 കോടി മുൻകൂർ നികുതി അടച്ചാണ് പട്ടികയിൽ രണ്ടാമതെത്തിയത്.
കടൽത്തീരത്തുള്ള ബംഗ്ലാവ്, വിലയേറിയ കാറുകൾ എന്നിവയും വിജയിക്ക് സ്വന്തമായുണ്ട്. ചെന്നൈയിലെ നീലാങ്കരൈയിലെ കടൽത്തീരത്തുള്ള കാസുവാരിന ഡ്രൈവിലാണ് വിജയ് യുടെ ആഡംബര ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം, റോൾസ് റോയ്‌സ് ഗോസ്റ്റ് മുതൽ ബി.എം.ഡബ്ല്യു എക്സ് 5-എക്സ് 6, ഓഡി എ 8 എൽ, റേഞ്ച് റോവർ ഇവോക്ക്, ഫോർഡ് മുസ്താങ്, വോൾവോ എക്സ് സി 90, മെഴ്‌സിഡസ് ബെൻസ് വരെ വിലയേറിയതും ആഡംബരപൂർണവുമായ നിരവധി വാഹനങ്ങൾ ദളപതി വിജയ് സ്വന്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.