തെന്നിന്ത്യയിലെ ജനപ്രിയ താരങ്ങളിൽ ഒരാളാണ് വെങ്കിടേഷ്. 'വിക്ടറി വെങ്കിടേഷ്' എന്നറിയപ്പെടുന്ന ദഗ്ഗുബതി വെങ്കിടേഷിന് കഴിഞ്ഞ ദിവസം 65 വയസ്സ് തികഞ്ഞു. നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന കരിയറിലൂടെ അദ്ദേഹം നിരവധി ആരാധകരെ നേടി. കുടുംബ ചിത്രങ്ങൾ മുതലുള്ള വെങ്കിടേഷിന്റെ സിനിമകൾ ഭൂരിഭാഗവും നിത്യഹരിതമായി തുടരുകയാണ്. ഇത് അദ്ദേഹത്തെ തെലുങ്ക് സിനിമയിലെ ഏറ്റവും വിശ്വസനീയമായ നടന്മാരിൽ ഒരാളാക്കി മാറ്റി.
സുരേഷ് പ്രൊഡക്ഷൻസിന്റെ സ്ഥാപകനായ നിർമാതാവ് ദഗ്ഗുബതി രാമനായിഡുവിന്റെ മകനാണ് വെങ്കിടേഷ്. 1986ൽ കലിയുഗ പാണ്ഡാവുലു എന്ന ചിത്രത്തിലൂടെയാണ് വെങ്കിടേഷ് അരങ്ങേറ്റം കുറിച്ചത്. അത് ഒരു സൂപ്പർഹിറ്റായി മാറുകയും അസാധാരണമായ ഒരു യാത്രക്ക് തുടക്കം കുറിക്കുകയും ചെയ്തു. വർഷങ്ങളായി, സ്ഥിരതയുള്ള പ്രകടനങ്ങളിലൂടെയും സമർഥമായ ചലച്ചിത്ര തെരഞ്ഞെടുപ്പുകളിലൂടെയും അദ്ദേഹം സ്വന്തം സ്ഥാനം അടയാളപ്പെടുത്തി.
കണക്കുകൾ പ്രകാരം, വെങ്കിടേഷ് ഒരു സിനിമക്ക് 20 കോടി മുതൽ 25 കോടി വരെ പ്രതിഫലം വാങ്ങുന്നുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിഗത ആസ്തി ഏകദേശം 220 കോടി മുതൽ 250 കോടി രൂപ വരെയാണെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ പാരമ്പര്യമായി ലഭിച്ച സ്വത്ത്, ബിസിനസ് സംരംഭങ്ങൾ, റിയൽ എസ്റ്റേറ്റ് എന്നിവയുൾപ്പെടെ ദഗ്ഗുബതി കുടുംബത്തിന്റെ മൊത്തത്തിലുള്ള ആസ്തി 2500 കോടി രൂപയിലധികമാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിലൊന്നാണ് ദഗ്ഗുബതി കുടുംബം. ഹൈദരാബാദ്, ചെന്നൈ, തെലുങ്കാന എന്നിവിടങ്ങളിൽ വെങ്കിടേഷിന് പ്രീമിയം പ്രോപ്പർട്ടികൾ ഉണ്ട്. റിയൽ എസ്റ്റേറ്റ്, ബിസിനസ് സംരംഭങ്ങളിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്.
അനിൽ രവിപുടി സംവിധാനം ചെയ്യുന്ന മന ശങ്കര വര പ്രസാദ് ഗരു എന്ന ചിത്രത്തിലാണ് വെങ്കിടേഷ് അഭിനയിക്കുന്നത്. മെഗാസ്റ്റാർ ചിരഞ്ജീവിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ത്രിവിക്രം ശ്രീനിവാസിന്‍റെ ആദർശ കുടുംബം ഹൗസ് നമ്പർ: 47 എന്ന ചിത്രത്തിനായും അദ്ദേഹം ഒരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.