ഉല്ലാസ് പന്തളം, സ്ട്രോക്ക് ബാധിച്ച ശേഷം ആദ്യമായി കഴിഞ്ഞ ദിവസം പൊതുപരിപാടിയിൽ പ​ങ്കെടുക്കാനെത്തിയ താരം

സ്ട്രോക്കിന്റെ പിടിയിൽനിന്ന് തിരിച്ചുവരവിൽ നടൻ ഉല്ലാസ് പന്തളം

പന്തളം: സ്ട്രോക്ക് ബാധിച്ച് വിശ്രമത്തിലായിരുന്ന നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളം ആദ്യമായി പൊതുവേദിയിൽ തിരി​ച്ചെത്തി. കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടന ചടങ്ങിന് താരം എത്തിയ വിഡിയോ വൈറലായതോടെയാണ് അദ്ദേഹത്തിന് സംഭവിച്ച ആരോഗ്യപ്രശ്നങ്ങൾ ചർച്ചയായത്. സ്റ്റാർ മാജിക് താരം ലക്ഷ്മി നക്ഷത്ര ഉല്ലാസിനെ ഉദ്ഘാടന വേദിയിലേക്ക് എത്തിച്ചു.

കൈകാലുകൾക്ക് സ്വാധീനക്കുറവ് അനുഭവപ്പെടുന്നതിനാൽ സ്റ്റിക്ക് ഉപയോഗിച്ച് വളരെ ബുദ്ധിമുട്ടിയാണ് അദ്ദേഹം നടന്നിരുന്നത്. തനിക്ക് സ്ട്രോക്ക് ആയിരുന്നുവെന്നും ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണെന്നും ചടങ്ങിൽ താരം തന്നെ വിശദീകരിച്ചു. തന്റെ ആരോഗ്യപ്രശ്നങ്ങൾ വളരെ അടുത്ത സുഹൃത്തുക്കൾക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ എന്നും ഉല്ലാസ് പന്തളം വിശദീകരിച്ചു. ശരീരത്തിന്റെ ഒരുവശം തളർന്ന നിലയിൽ, ഊന്നുവടിയുടെയും മറ്റൊരാളുടെയും സഹായത്തോടെയാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുത്തത്.

ടെലിവിഷൻ കോമഡി പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും കുടുംബ പ്രേക്ഷകർക്ക് സുപരിചിതനായ കലാകാരനാണ് ഉല്ലാസ് പന്തളം. കൗണ്ടറുകളും പ്രത്യേക ശരീരഭാഷയും അവതരണത്തിലെ തമാശകളിലൂടെയും ശ്രദ്ധേയനാണ്. കുട്ടിക്കാലം മുതൽ കലാരംഗത്ത് സജീവമായിരുന്ന ഉല്ലാസ് പന്തളം നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് പ്രഫഷണൽ മിമിക്രി രംഗത്തും ശ്രദ്ധേയനായി. നിരവധി സ്റ്റേജ് ഷോകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ അദ്ദേഹം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 'വിശുദ്ധ പുസ്തകം', 'കുട്ടനാടൻ മാർപ്പാപ്പ', 'നാം', 'ചിന്ന ദാദ' തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

ഭാര്യ ആശ മരിച്ച ശേഷം 2024 ഓഗസ്റ്റ് 10നായിരുന്നു ഉല്ലാസ് പന്തളത്തിന്റെ രണ്ടാം വിവാഹം. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് ഭാര്യ. ഇവർക്ക് ഇന്ദുജിത്ത്, സൂര്യജിത്ത് എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ഉല്ലാസ് പന്തളത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതോടെ സിനിമാ-നാടക രംഗത്തുള്ളവരും ആരാധകരും ഉൾപ്പെടെയുള്ളവർ പ്രിയനടന്റെ സജീവമായ തിരിച്ചുവരവിനായി പ്രാർഥനകളോടെ കാത്തിരിക്കുകയാണ്.

Tags:    
News Summary - Actor Ullas Pandalam recovering from stroke

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.